Connect with us

Articles

ഡല്‍ഹി സമരം നല്‍കുന്ന സൂചനകള്‍

Published

|

Last Updated

ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടന്നു വന്ന കുത്തിയിരുപ്പ് സമരം ഒമ്പതാം ദിവസം അവസാനിച്ചിരിക്കുന്നു. സമരം ചെറിയ ഒരു വിജയം നേടി എന്നാണു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളത്. ഡല്‍ഹിയില്‍ മഹാ ഭൂരിപക്ഷത്തോടെ ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റ 2015 ഫെബ്രുവരി മുതല്‍ അതിനെ ഞെരിച്ചുകൊല്ലാന്‍ എല്ലാ വിധത്തിലും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നതൊരു രഹസ്യമല്ല. എല്ലായിടത്തും മോദി തന്റെ അജയ്യത തെളിയിച്ചു കൊണ്ടിരുന്ന കാലത്താണ് അദ്ദേഹം ജീവിക്കുന്ന രാജ്യതലസ്ഥാനത്ത് ഇങ്ങനെ മുഖമടച്ചൊരു അടി കിട്ടിയത് എന്നതിനാല്‍ അക്കാര്യത്തില്‍ ക്ഷമിക്കാന്‍ ഒരിക്കലും താന്‍ തയ്യാറല്ല എന്ന പ്രഖ്യാപനമാണ് പിന്നീട് അവിടെ നടന്നത്. ഒരു പ്രത്യേക ഉത്തരവ് വഴി അതേ വര്‍ഷം മെയ് മാസത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാറില്‍ നിന്നു പല സുപ്രധാന അധികാരങ്ങളും കേന്ദ്രം എടുത്തു. അഴിമതിക്കെതിരായ സമരത്തിലൂടെ രൂപം കൊണ്ട ആം ആദ്മി സര്‍ക്കാറിന്റെ അഴിമതി അന്വേഷണത്തിനുള്ള അധികാരമാണ് അങ്ങനെ എടുത്തുമാറ്റിയവയില്‍ ഒന്ന്. ഉദ്യോഗസ്ഥരെ നിര്‍ണയിക്കാനും മാറ്റാനുമുള്ള അധികാരമാണ് മറ്റൊന്ന്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍, അവ എത്ര ജനക്ഷേമകരമാണെങ്കിലും ഗവര്‍ണര്‍ തടഞ്ഞു വെക്കും. പോലീസിന്റെ അധികാരം കേന്ദ്ര സര്‍ക്കാറിനായതിനാല്‍ അവരെക്കൊണ്ട് നിരന്തരം റെയ്ഡുകള്‍ നടത്തിക്കുകയും കള്ളക്കേസുകള്‍ എടുക്കുകയും ചെയ്തു. പല കേസുകളും പോലീസില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കിയാണ് കോടതി തള്ളിക്കളഞ്ഞത്.

ഈ പ്രതിബന്ധങ്ങളെ എല്ലാം മറികടന്നുകൊണ്ടാണ് കഴിഞ്ഞ മൂന്നര വര്‍ഷക്കാലം അവിടെ ഏറെ ജനക്ഷേമകരമായ പരിപാടികള്‍ നടപ്പിലാക്കിയത്. എല്ലാ വീടുകള്‍ക്കും സൗജന്യമായി പ്രതിമാസം 20,000 ലിറ്റര്‍ ശുദ്ധജലം, പകുതി വിലക്ക് വൈദ്യുതി, ഉയര്‍ന്ന നിലവാരമുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, ആഗോളതലത്തിലെ യു എന്‍ തന്നെ പ്രശംസിക്കുന്ന ആരോഗ്യ സംവിധാനങ്ങളായ മൊഹല്ല ക്ലിനിക്കുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കല്‍, ഉദ്യോഗസ്ഥ സംവിധാനത്തെ ജനോപകാരപ്രദമാക്കല്‍ തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇതിനിടയില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കളിച്ച തരംതാഴ്ന്ന കളികള്‍ പലതായിരുന്നു. നിര്‍ണായക ചുമതല വഹിക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥരെ രായ്ക്കുരാമാനം സ്ഥലം മാറ്റും. മുഖ്യമന്ത്രി അറിയുക പിറ്റേന്ന് രാവിലെ ഓഫീസില്‍ വരുമ്പോള്‍ മാത്രം. ഏറ്റവുമൊടുവില്‍ റേഷന്‍ വിതരണത്തില്‍ അനേക പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന അഴിമതി അവസാനിപ്പിക്കാനുള്ള, റേഷന്‍ വീട്ടുപടിക്കല്‍ എന്ന പദ്ധതിക്കുള്ള അംഗീകാരത്തിനായാണ് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കുന്നത്. വലിയ തോതില്‍ പണം ചോരുന്ന റേഷന്‍ മേഖലയില്‍ നിന്നും ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ലോബികള്‍ അതിശക്തമായി ഇടപെട്ടുകൊണ്ട് ഈ പദ്ധതി തുരങ്കം വെക്കാന്‍ ഗവര്‍ണറെ മുന്നില്‍ നിര്‍ത്തി കളി തുടങ്ങി. ഈ പദ്ധതി ഏറെ ജനപ്രിയമാണെന്ന ഭയം കൊണ്ട് ആ തുരപ്പന്‍ പണിക്കു കേന്ദ്ര സര്‍ക്കാറും കൂട്ടുനിന്നു.

ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ വലംകൈയായി നിന്ന ചീഫ് സെക്രട്ടറി, എം എല്‍ എ മാര്‍ തന്നെ മര്‍ദിച്ചു എന്ന ഒരു പരാതിയുമായി രംഗത്തു വന്നു. ഇന്നുവരെ അക്രമമാര്‍ഗങ്ങള്‍ തീക്ഷ്ണമായ സമരരംഗത്തു പോലും പ്രയോഗിക്കാത്ത ആം ആദ്മി പാര്‍ട്ടി ഇത് ചെയ്യുമെന്ന് സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. കേസ് അന്വേഷിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലെ പോലീസാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. പക്ഷേ, അതിന്റെ മറവില്‍ മുഴുവന്‍ ഐ എ എസ് ഉദ്യോഗസ്ഥരെയും സമരരംഗത്തിറക്കി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ടി വന്നത്. ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞാല്‍ മാത്രമേ സഹകരിക്കൂ എന്നും വന്നപ്പോഴാണ് ഈ പ്രശ്‌നം പരിഹരിക്കണമെന്നും റേഷന്‍ നിയമത്തിനു അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കാണാന്‍ രാജ് നിവാസില്‍ എത്തിയത്. നേരില്‍ കാണാനോ പ്രശ്‌നം പരിഹരിക്കാനോ ഗവര്‍ണര്‍ തയാറാകാതെ വന്നപ്പോഴാണ് അവിടെ കുത്തിയിരുന്നുകൊണ്ട് സമരം ആരംഭിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി തോല്‍പ്പിക്കാമെന്ന ലക്ഷ്യം പരാജയപ്പെടുത്തിക്കൊണ്ട് നാല് വ്യത്യസ്ത സംസ്ഥാന മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ കക്ഷി നേതാക്കളും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ അപകടം മണത്ത കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. ഒപ്പം ഡല്‍ഹി ജനത സര്‍ക്കാറിന് പിന്തുണയുമായി രംഗത്തിറങ്ങി. മന്ത്രിമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. അതിനു ഗവര്‍ണറുടെ അനുമതിയും നല്‍കി. അപ്പോള്‍ കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമായി. പത്ത് ദിവസമായി ഡല്‍ഹി ജനതയെ ദ്രോഹിക്കുന്ന ഭരണസ്തംഭനത്തിനുള്ള യാതാര്‍ഥ കാരണക്കാരന്‍ ആരെന്നു വ്യക്തമായി.
ഗുരുതരമായ ഒരു സ്ഥിതിവിശേഷം ഒഴിവാക്കപ്പെട്ടതു നല്ല കാര്യം തന്നെ. രാജസ്ഥാനില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതടക്കമുള്ള മലിനീകരണം മൂലം ഡല്‍ഹിയിലെ വായു വലിയ തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഈ സ്ഥിതിവിശേഷം നേരിടാന്‍ സംസ്ഥാനമന്ത്രി വിളിച്ച യോഗങ്ങളില്‍ നിന്നു വിട്ടുനിന്ന വകുപ്പ് സെക്രട്ടറിയും മലിനീകരണനിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും ഇപ്പോള്‍ യോഗത്തിനെത്താന്‍ തയ്യാറായി. റേഷന്‍ കാര്യത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ സമ്മതിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തന്നെ നേരിട്ട് ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സമരം മുന്നോട്ടു പോയാല്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവി എന്ന ആവശ്യത്തിന് ബലം കിട്ടുമെന്ന ഭയമാണ് ഇതില്‍ ഒന്ന്. കെജ്‌രിവാള്‍ ഇന്ത്യന്‍ ഭരണഘടന അറിയാത്ത ആളാണോ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ഇല്ലെന്നറിയില്ലേ തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങളുമായി വരുന്ന ആര്‍ എസ് എസ്- ബി ജെ പി നേതാക്കള്‍ക്ക് ഓര്‍മ ശക്തി കുറവാണെന്നതില്‍ അത്ഭുതമില്ല. 2014 മെയ് മാസത്തില്‍ വരെ ബി ജെ പി അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒരു ഇനമാണ് ഇതെന്ന് അവര്‍ മറന്നതാണോ? അന്ന് വരെ ബി ജെ പിക്കാര്‍ ഭരണഘടന വായിച്ചിരുന്നില്ലെന്നാണോ? അധികാരം കിട്ടിയപ്പോള്‍ നേരെ തകിടം മറിഞ്ഞതെന്തു കൊണ്ട്? ഡല്‍ഹിയിലെ തന്ത്രപ്രധാനമായ നഗരഹൃദയഭാഗം ഒഴിവാക്കിക്കൊണ്ടുള്ള ഒരു സംസ്ഥാനം എന്ന നിര്‍ദേശത്തിന് രണ്ട് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അധികാരത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും ഇത് നടപ്പാക്കിയില്ല. ഇതിനെതിരായ സമരം ആളിക്കത്തിയാല്‍ ബി ജെ പിയും കോണ്‍ഗ്രസും അവിടെ നാമാവശേഷമാകും. അതുകൊണ്ടാണ് കോണ്‍ഗ്രസ് ബി ജെ പിക്ക് പിന്തുണയുമായി ഡല്‍ഹിയില്‍ വന്നത്.

അതിനേക്കാള്‍ ഗുരുതരവും ദീര്‍ഘകാലപ്രത്യാഘാതമുണ്ടാക്കാവുന്നതുമായ മറ്റൊരു വിഷയവും ഇതിനിടയില്‍ വളര്‍ന്നുവന്നു. കെജ്‌രിവാളിന്റെ സമരത്തിന് നേരിട്ട് പിന്തുണ പ്രഖ്യാപിക്കാനായി മുഖ്യമന്ത്രിമാരായ മമതയും(ബംഗാള്‍)പിണറായി വിജയനും (കേരളം) ചന്ദ്രബാബു നായിഡുവും (ആന്ധ്ര) കുമാരസ്വാമിയും (കര്‍ണാടക) എത്തിയതിന്റെ രാഷ്ട്രീയ സൂചന ചെറുതല്ല. സി പി എം അവരുടെ പ്രധാന ശത്രുവായി ബംഗാളില്‍ കാണുന്ന മമതയുടെ കൂടെ ഒരുമിച്ചുനില്‍ക്കാന്‍ തയ്യാറെന്നു പ്രഖ്യാപനം ബി ജെ പി കേന്ദ്രങ്ങളില്‍ സൃഷ്ടിച്ച നടുക്കം ചെറുതല്ല. അടുത്ത കാലം വരെ എന്‍ ഡി എക്കൊപ്പം നിന്ന നായിഡുവിന്റെ സാന്നിധ്യം സമരത്തിന് ശക്തിയായി. കോണ്‍ഗ്രസാണ് ഇവിടെ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടത്. ദേശീയ തലത്തില്‍ ബി ജെ പിക്കെതിരായ സഖ്യമുണ്ടാക്കാന്‍ ഏതു ത്യാഗവും ചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം ഡല്‍ഹിയില്‍ തുറന്നു കാട്ടപ്പെട്ടു. അഴിമതിക്കാരെ മോദി സര്‍ക്കാര്‍ ഒരു തരത്തിലും പിടിക്കില്ലെന്ന ഉറപ്പുണ്ട് കോണ്‍ഗ്രസിന്. നാല് കൊല്ലമായിട്ടും ഒരു അഴിമതിക്കേസ് പോലും മുന്നോട്ടുപോയിട്ടില്ല. എന്നാല്‍, ആം ആദ്മി വളര്‍ന്നാല്‍ ഇരു കൂട്ടര്‍ക്കും ഭീഷണിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ കോണ്‍ഗ്രസ് കെജ്‌രിവാളിനെതിരെ ബി ജെ പിക്കൊപ്പം നിന്നു. തന്നെയുമല്ല,

മോദിവിരുദ്ധപക്ഷത്തിന്റെ നായകസ്ഥാനം വഹിക്കാന്‍ രാഹുല്‍ ഗാന്ധിക്കുള്ള യോഗ്യത പലവട്ടം ചോദ്യം ചെയ്യപ്പെട്ടതാണ്. മറുവശത്തു ജനങ്ങള്‍ക്കിടയില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ഡല്‍ഹി എന്ന തലസ്ഥാനത്തു സദ്ഭരണം കാഴ്ചവച്ച കെജ്‌രിവാള്‍ എന്ന സാധാരണ മനുഷ്യന് അഖിലേന്ത്യാ തലത്തില്‍ എളുപ്പം സ്വീകാര്യത കിട്ടിയേക്കാമെന്ന ഭയം മോദിക്ക് മാത്രമല്ല രാഹുല്‍ ഗാന്ധിക്കുമുണ്ട് എന്നതാണ് സത്യം. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കുന്ന കുമാരസ്വാമിയും കെജ്‌രിവാളിനെ പിന്തുണച്ചതോടെ രാഹുലിന്റെ തന്ത്രം പിഴച്ചു. ഏതെങ്കിലും ഒരു കുടുംബത്തില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം ഇന്ന് ജനങ്ങള്‍ ആരെയെങ്കിലും അംഗീകരിക്കണമെന്നില്ല എന്ന സത്യം കോണ്‍ഗ്രസിനും രാഹുലിനും ഇനിയും മനസ്സിലായില്ലേ? ജനങ്ങള്‍ ഒരോ നേതാവിന്റെയും പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുക. മോദിയെ നേരിടാന്‍ കൃത്യമായ ജനപക്ഷനിലപാടുകള്‍ വേണം. സ്വാര്‍ഥരഹിതമായ ആത്മധൈര്യം വേണം. അതുണ്ടാക്കാമെന്ന ആത്മവിശ്വാസത്തിനായി ശ്രമിക്കുന്നതിനു പകരം ജനസ്വീകാര്യതയുള്ള കെജ്‌രിവാളിനെയും ആം ആദ്മിയെയും എതിര്‍ക്കാന്‍ മോദിക്കൊപ്പം ചേരുന്ന കോണ്‍ഗ്രസിന് എത്രമാത്രം ഭാവിയുണ്ട് എന്ന് കാലം തെളിയിക്കും.
ചുരുക്കത്തില്‍ ഒരു വര്‍ഷത്തിനകം നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ യുദ്ധമുന്നണി രൂപവത്കരണമാണ് ഡല്‍ഹിയില്‍ കണ്ടത്. ബി ജെ പി അതില്‍ നിന്നും പഠിക്കാന്‍ വഴിയില്ല. കോണ്‍ഗ്രസ് പഠിച്ചാല്‍ അവര്‍ക്കു നല്ലത്. എന്തായാലും ഒരു മതേതര ഫെഡറല്‍ ജനാധിപത്യത്തിന് വേണ്ടി ജനങ്ങള്‍ തയാറെടുക്കുന്നു എന്ന് തീര്‍ച്ച. പാര്‍ട്ടികളോ?

Latest