അര്‍ജന്റീന ഇന്ന് ക്രൊയേഷ്യക്ക് എതിരെ

Posted on: June 21, 2018 6:02 am | Last updated: June 21, 2018 at 1:04 am

നിഷ്‌നി: ലയണല്‍ മെസി, സെര്‍ജിയോ അഗ്യുറോ, മാര്‍കോസ് റോജോ. ഈ മൂവര്‍ സംഘം പരിശീലന കേന്ദ്രത്തിലേക്ക് എത്തിയത് ഇലക്ട്രിക് കാറില്‍. മറ്റുള്ള അര്‍ജന്റൈന്‍ കളിക്കാരെല്ലാം നടന്നു. ഇന്ന് ക്രൊയേഷ്യയെ നേരിടാനിരിക്കുന്ന അര്‍ജന്റീന നിരയില്‍ ഏറ്റവും ഊര്‍ജസ്വലമായി കളിക്കേണ്ട മെസിയുടെയും അഗ്യുറോയുടെയും എനര്‍ജി ഒട്ടും ചോര്‍ന്ന് പോകാതിരിക്കാനാണോ നടത്തം വരെ ഒഴിവാക്കിയത് ? ഒരു വെബ്‌സൈറ്റ് ചിത്രസഹിതം ഉന്നയിക്കുന്ന ചോദ്യമാണിത്. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനക്ക് മുന്നില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. ആദ്യ കളിയില്‍ ഐസ് ലാന്‍ഡിനോട് ഡ്രോ ആയ അര്‍ജന്റീനക്ക് ഇന്ന് ക്രൊയേഷ്യയെ തോല്‍പ്പിക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടും. നൈജീരിയയാണ് അവസാന മത്സരത്തില്‍ എതിരാളി. മൂന്ന് പോയിന്റുമായി ക്രൊയേഷ്യയുടെ നില ഇപ്പോള്‍ ഭദ്രമാണ്.

അര്‍ജന്റീനയെ വീഴ്ത്തിയാല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്താം. നൈജീരിയയെ ആദ്യ മത്സരത്തില്‍ തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസം ലൂക മോഡ്രിചിന്റെ ടീമിനുണ്ടാകും.

അര്‍ജന്റീന കോച്ച് ജോര്‍ജ് സംപോളി ടീം ഫോര്‍മേഷനില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് സൂചന. ഐസ്‌ലാന്‍ഡിനെതിരെ 4-2-3-1 ഫോര്‍മേഷനായിരുന്നു പയറ്റിയത്. ഇത് ഫലം കാണാതെ പോയി. ക്രൊയേഷ്യക്കെതിരെ ആള്‍ ഔട്ട് അറ്റാക്കിംഗാണ് ലക്ഷ്യമിടുന്നത്. 3-4-3 ആയിരിക്കും സംപോളി പയറ്റുക.

മോഡ്രിച്-റാകിറ്റിച് മധ്യനിര ദ്വന്ദത്തെ തളര്‍ത്തുവാന്‍ സംപോളിക്ക് ഫോര്‍മേഷന്‍ മാറ്റേണ്ടതുണ്ട്. ക്രൊയേഷ്യയുടെ അറ്റാക്കിംഗിനെ തടയുക, മെസിയിലേക്ക് കൂടുതല്‍ പന്തുകളെത്തിക്കുക എന്നീ കാര്യങ്ങളാണ് സംപോളിയുടെ മനസില്‍. ബൊക്ക ജൂനിയേഴ്‌സിന്റെ വിംഗര്‍ ക്രിസ്റ്റ്യാന്‍ പാവോ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലുണ്ടാകും. ഗബ്രിയേല്‍ മാര്‍സാഡോ, മാര്‍കോ അക്യൂന എന്നിവരും തുടക്കം മുതലുണ്ടാകും.

ലയണല്‍ മെസിക്ക് മുന്നേറ്റ നിരയില്‍ കൂടുതല്‍ പിന്തുണ നേടിക്കൊടുക്കാന്‍ സംപോളി ആവുന്ന തന്ത്രമെല്ലാം പ്രയോഗിക്കും. ഐസ് ലാന്‍ഡിനെതിരെ മെസിയെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയായിരുന്നു. പതിനൊന്ന്‌ഷോട്ടുകള്‍ പായിച്ചിട്ടും മെസിക്ക് ലക്ഷ്യം കാണാനുംസാധിച്ചില്ല. ഇതില്‍ പെനാല്‍റ്റി നഷ്ടം കൂടിയായപ്പോള്‍ സൂപ്പര്‍ താരം പ്രതിസ്ഥാനത്തായി. വിംഗൂകളിലൂടെയുള്ള അറ്റാക്കിംഗ് വര്‍ധിപ്പിച്ച് മെസി കേന്ദ്രീകൃത മാര്‍ക്കിംഗിനെ പൊളിച്ചടുക്കാനാണ് സംപോളി തന്ത്രം.

ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളിക്കുന്ന ഇവാന്‍ റാകിറ്റിച് ക്രൊയേഷ്യന്‍ മധ്യനിരയിലുണ്ട്. നൈജീരിയക്കെതിരെ റാകിറ്റിച് മിന്നിയിരുന്നു. മെസിയെ എങ്ങനെ പൂട്ടണമെന്ന ഗൃഹപാഠം റാകിറ്റിചില്‍ നിന്ന് ടീം പഠിച്ചിട്ടുണ്ടാകും. എന്നാല്‍, മെസിയെ മാര്‍ക്ക് ചെയ്യുക അസാധ്യമായ കാര്യമാണെന്ന് പറഞ്ഞ് റാകിറ്റിച് വിനയാന്വതനാവുകയും ചെയ്യുന്നുണ്ട്. റയല്‍ മാഡ്രിഡിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിചാണ് ക്രൊയേഷ്യയുടെ നായകന്‍. മെസിക്കെതിരെ പലവട്ടം കളിച്ചതിന്റെ അനുഭവസമ്പത്ത് ലൂകക്കുണ്ട്.
1998 ലോകകപ്പില്‍ തുടരെത്തുടരെ ജയിച്ച ക്രൊയേഷ്യ അതാവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ്.
നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ജയവുമായി അര്‍ജന്റീനക്ക് മുന്‍തൂക്കം. ഒരു ജയം, ഒരു സമനില. 1998 ലോകകപ്പിലാണ് ഇതിന് മുമ്പ് അര്‍ജന്റീന-ക്രൊയേഷ്യ ഗ്രൂപ്പ് മത്സരം വന്നത്. അന്ന് 1-0ന് അര്‍ജന്റീന ജയിച്ചു. മൗറീസിയോ പിനെഡയായിരുന്നു വിജയ ഗോള്‍ നേടിയത്. രണ്ട്ടീമുകളും നോക്കൗട്ട് റൗണ്ടിലെത്തിയിരുന്നു.