ഈജിപ്ത്, സഊദി, മൊറോക്കോ പുറത്ത്

Posted on: June 21, 2018 12:57 am | Last updated: June 21, 2018 at 11:28 am
SHARE

റോസ്‌തോവ്: റൊസ്‌തോവില്‍ നടന്ന മത്സരത്തില്‍ സഊദി അറേബ്യയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ഉറുഗ്വെ ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക്. സഊദി രണ്ടാം മത്സരവും തോറ്റതോടെ, റഷ്യ പ്രീക്വാര്‍ട്ടറിലേക്കുള്ള സാങ്കേതിക തടസം ഒഴിവാക്കി. കഴിഞ്ഞ ദിവസം, രണ്ടാം ജയം നേടിയ റഷ്യക്ക് ആറ് പോയിന്റായെങ്കിലും പ്രീക്വാര്‍ട്ടര്‍ സാങ്കേതികമായി ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ഉറുഗ്വെയുടെ ജയത്തോടെ, ഈജിപ്ത്, സഊദി ടീമുകളുടെ പുറത്താകലും നടന്നു. മറ്റൊരു പുറത്താകല്‍ ഗ്രൂപ്പ് ബിയിലാണ്. പോര്‍ച്ചുഗലിനോട് തോറ്റ മൊറോക്കോയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചു.

നൂറാം രാജ്യാന്തര മത്സരത്തിനിറങ്ങിയ ലൂയിസ് സുവാരസാണ് ഉറുഗ്വെയുടെ വിജയ ഗോള്‍ നേടിയത്. ഇരുപത്തിമൂന്നാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ലാറ്റിനമേരിക്കന്‍ ടീമിനെതിരെ ബോള്‍ പൊസഷനില്‍ മുന്നില്‍ നിന്ന സഊദി മികച്ച പാസുകളുമായി തിളങ്ങി. പക്ഷേ, അറ്റാക്കിംഗിന് മൂര്‍ച്ചയില്ലായിരുന്നു. ഗോളി മുഹമ്മദ് ഒവൈസിന്റെ പിഴവും സഊദിക്ക് തിരിച്ചടിയായി.

മൊറോക്കോ പൊരുതി വീണു

മോസ്‌കോ: മികച്ച പോരാട്ടം കാഴ്ചവെച്ച മൊറോക്കോ ഗോളുകളുടെ വില ഇപ്പോള്‍ ശരിക്കും അറിയുന്നുണ്ടാകും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ രക്ഷപ്പെട്ട പോര്‍ച്ചുഗലിന് ആ ഗോളിന്റെ വില എത്രയെന്നറിയാം.
നാലാം മിനുട്ടില്‍, മത്സരത്തിന് ചൂടും പുകയും വരും മുമ്പെ ക്രിസ്റ്റ്യാനോ നേടിയ ഹെഡര്‍ ഗോളില്‍ പറങ്കിപ്പട മൊറോക്കോയെ വീഴ്ത്തി (1-0). ഇറാനോടേറ്റ ഏക ഗോള്‍ തോല്‍വിക്ക് പിന്നാലെ അതേ മാര്‍ജിനില്‍ രണ്ടാം മത്സരത്തിലും അടിയറവ് പറഞ്ഞ മൊറോക്കോയുടെ ലോകകപ്പ് അവസാനിച്ചു. ഇനി അവര്‍ക്ക് സ്‌പെയ്‌നുമായി അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങി ചടങ്ങ് പൂര്‍ത്തിയാക്കാം.

സ്‌പെയ്‌നിനെതിരെ ഹാട്രിക്ക് നേടി വിശ്വോത്തര ഫോമിലേക്ക് ഉയര്‍ന്ന ക്രിസ്റ്റിയാനോ ഇന്നലെ ആ ഫോം ആവര്‍ത്തിച്ചു. ജോ മൗട്ടീഞ്ഞോയുടെ ക്രോസ് ബോള്‍ ഡൈവിംഗ് ഹെഡറിലൂടെയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ വലയിലാക്കിയത്. ടൂര്‍ണമെന്റില്‍ നാല് ഗോളുകളുമായി ക്രിസ്റ്റിയാനോ ഗോള്‍ഡന്‍ ബൂട്ടിനുള്ള മത്സരത്തില്‍ ഒന്നാം സ്ഥാനത്ത്.

2026 ലോകകപ്പ് ആതിഥേയത്വം നേടിയെടുക്കാനുള്ള മത്സരത്തില്‍ പരാജയപ്പെട്ട ഒരാഴ്ചയാകുമ്പോള്‍ മൊറോക്കോ മറ്റൊരു പരാജയം കൂടി ഏറ്റുവാങ്ങി റഷ്യ ലോകകപ്പില്‍ നിന്ന് മടങ്ങുകയാണ്.
മനോഹരമായി പാസ് ഗെയിം കളിക്കുകയും തുടരെ ആക്രമിക്കുകയും ചെയ്യുന്ന മൊറോക്കോ ഇറാനെതിരെയും പോര്‍ച്ചുഗലിനെതിരെയും കൂടുതല്‍ നേരം പന്ത് വശത്താക്കിയിരുന്നു.

പോര്‍ച്ചുഗലിനെതിരെ 55 ശതമാനം ബോള്‍ പൊസഷന്‍ മൊറോക്കോക്കുണ്ട്. പതിനഞ്ച് ഷോട്ടുകള്‍, ഇതില്‍ നാലെണ്ണം ടാര്‍ഗറ്റ് ഷോട്ടുകള്‍, ഏഴ് കോര്‍ണറുകള്‍ ഇങ്ങനെ എല്ലാ മേഖലയിലും മൊറോക്കോ പോര്‍ച്ചുഗലിനെ പിന്തള്ളി. അവര്‍ തോറ്റത് ക്രിസ്റ്റിയാനോക്ക് മുന്നിലാണ്. കിട്ടിയ അവസരം മുതലെടുത്ത് റയല്‍മാഡ്രിഡ് സൂപ്പര്‍സ്റ്റാര്‍ തന്റെ ദേശീയ ടീമിനെ ലോകകപ്പിലും കുതിപ്പിക്കുന്ന കാഴ്ച.

ലോകകപ്പില്‍ മോശം റെക്കോര്‍ഡുമായാണ് മൊറോക്കോയുടെ മടക്കം. ഒമ്പത് മത്സരങ്ങളില്‍ ഏഴിലും തോറ്റു. അഞ്ച് മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാനായില്ല. ഗോളടി നടക്കാത്ത രണ്ട് മത്സരങ്ങള്‍ റഷ്യയിലായിരുന്നു.
2002 ലോകകപ്പില്‍ ദക്ഷിണ കൊറിയയോട് 1-0ന് തോറ്റ പോര്‍ച്ചുഗല്‍ അതിന് ശേഷം യൂറോപ്യന്‍ വന്‍കരക്ക് പുറത്തുള്ള ടീമുകളോട് തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് പുതുക്കി.

ആദ്യ രണ്ട് മത്സരവും തോറ്റ് മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്താകുന്നത് ഇതാദ്യമല്ല. 1970 ലും 1994 ലും ഇതായിരുന്നു ഗതി.