സിഎന്‍ മോഹനന്‍ സിപിഎം ജില്ലാ സെക്രട്ടറി

Posted on: June 20, 2018 6:57 pm | Last updated: June 20, 2018 at 6:57 pm
SHARE

കൊച്ചി:സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സിഎന്‍ മോഹനനെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗം ഐകകണ്‌ഠ്യേനയാണു മോഹനനെ തിരഞ്ഞെടുത്തത്. പി. രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാന്‍ കൂടിയാണ് സിഎന്‍ മോഹനന്‍.സംസ്ഥാന കമ്മറ്റി അംഗമായ മോഹനന്‍ നേരത്തേയും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നു.

പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായിരുന്ന കാലത്ത് എറണാകുളം ജില്ലാ കമ്മിറ്റി വിഎസ് പക്ഷത്തിനൊപ്പം നിന്നപ്പോഴും ഔദ്യോഗിക പക്ഷത്തു നിലയുറപ്പിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. തൃപ്പൂണിത്തുറ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കു സംസ്ഥാന നേതൃത്വം മോഹനനെയായിരുന്നു നിശ്ചയിച്ചിരുന്നത്. ജില്ലയില്‍ പാര്‍ട്ടി ഇരു ഗ്രൂപ്പുകളായി നിന്ന കാലത്തു മോഹനന്റെ പേരിന് അന്നു പൊതു സ്വീകാര്യത ലഭിച്ചില്ല. തുടര്‍ന്ന് ഇരുപക്ഷത്തിനും സ്വീകാര്യനെന്ന നിലയില്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പി രാജീവിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു.