Connect with us

Kerala

ജെസ്‌നയുടെ തിരോധാനം: വീട്ടില്‍നിന്നും രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു കണ്ടെത്തി. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അതേ സമയം ജെസ്‌നയുടെ വീട്ടില്‍നിന്നും പോലീസ് രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തു. എന്നാല്‍ ഇത്സംബന്ധച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വസ്ത്രം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നും ഇതില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.

ജെസ്‌നയുടെ വീടിന് സമീപത്ത് താമസിക്കുന്ന സഹപാഠിയുടെ മൊബൈലിലേക്കാണ് ജെസ്‌ന അവസാനമായി സന്ദേശമയച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ആയിരത്തിലേറെത്തവണ ഫോണില്‍ സംസാരിച്ചുവെന്നും കണ്ടെത്തി. “അയാം ഗോയിങ് ടുഡെ ” എന്ന അവസാന സന്ദേശം ജെസ്‌ന അയച്ചത് ഈ സഹപാഠിക്കാണ്. അതേ സമയം സഹപാഠി അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് ആലോചിച്ചിരുന്നുവെങ്കിലും ഇതിന് സഹപാഠി സമ്മതം അറിയിക്കേണ്ടതുണ്ട്. എന്നിരുന്നാലും നുണ പരിശോധനക്കുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭിക്കാനായി സ്ഥാപിച്ച പെ്ട്ടിയില്‍നിന്നും പോലീസിന് സുപ്രധാന വിവരങ്ങള്‍ അടങ്ങുന്ന ഏഴ് കത്തുകള്‍ ലഭിച്ചുവെന്നും അറിയുന്നു. ജെസ്‌നയെ കണ്ടെത്താനായി പോലീസ് ചെന്നൈ , ബെംഗളുരു, പൂനെ, ഗോവ എന്നിവിടങ്ങളില്‍ അന്വഷണം നടത്തിയെങ്കിലും കണ്ടെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം ഇവിടെത്തന്നെ ശക്തമായി തുടരാന്‍ പോലീസ് തീരുമാനിച്ചത്.