കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു

Posted on: June 20, 2018 3:34 pm | Last updated: June 21, 2018 at 1:00 am
SHARE

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. കുടുംബപരമായ കാരണങ്ങള്‍കൊണ്ട് യുഎസിലേക്ക് മടങ്ങിപ്പോകണമെന്നും അതിനാല്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിത്തരണമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടിരുന്നതായും ഇത് അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ എക്കണോമിക്‌സില്‍ സീനിയര്‍ ഫെല്ലോ ആയ സുബ്രഹ്മണ്യന്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ 2014 ഒക്ടാബറിലാണ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റെടുത്തത്. 2017 ഒക്ടോബര്‍ പതിനാറിന് മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിച്ചുവെങ്കിലും പിന്നീട് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പാക്കിയത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അരവിന്ദ് സുബ്രഹ്മണ്യവും കേന്ദ്രസര്‍ക്കാറും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് രാജിക്ക് കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ, ബിജെപി നേതാക്കള്‍ തന്നെ അരവിന്ദ് സുബ്രഹ്മണ്യനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അരവിന്ദ് സുബ്രഹ്മണ്യനെ പുറത്താക്കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു. അരവിന്ദ് സുബ്രഹ്മണ്യന്‍ ഇന്ത്യന്‍ പൗരനാണോ എന്നു പോലും വ്യക്തമല്ലെന്നും അദ്ദേഹത്തിന് അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുണ്ടെന്നും ആരോപിച്ച സ്വാമി അരവിന്ദിന്റെ നിലപാടുകള്‍ സര്‍ക്കാര്‍ നയങ്ങള്‍ പരാജയപ്പെടാന്‍ കാരണമാകുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും പറഞ്ഞിരുന്നു. അരവിന്ദ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് രഘുറാം രാജനായിരുന്നു ഈ തസ്തികയില്‍. 2013 സെപ്തംബറില്‍ അദ്ദേഹം സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനാണ് അന്ന് അദ്ദേഹം രാജിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here