അബൂദാബി കെഎംസിസി പത്രപ്രവര്‍ത്തക അവാര്‍ഡ് സിറാജ് ഫോട്ടോഗ്രാഫര്‍ ഷമീറിന്

Posted on: June 20, 2018 12:23 pm | Last updated: June 20, 2018 at 9:22 pm

കണ്ണൂര്‍: ചന്ദ്രിക പത്രാധിപരായിരുന്ന വി സി അബൂബക്കര്‍ സാഹിബിന്റെ പേരില്‍ അബുദാബി കെ.എം.സി.സി അഴീക്കോട് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ എട്ടാമത് പത്രപ്രവര്‍ത്തക അവാര്‍ഡ് സിറാജ് ഫോട്ടോഗ്രാഫര്‍ ഷമീര്‍ ഊര്‍പള്ളി അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ഇന്ത്യന്‍ പട്ടാളത്തെ കൂടുതല്‍ പരിചയപ്പെടുത്താനും യുവതയെ രാജ്യസേവനത്തിലേക്ക് ആകര്‍ഷിക്കാനും ഉതകുന്ന ”സൈന്യം വിളിക്കുന്നു” എന്ന പ്രത്യേക പരമ്പര ഉള്‍പ്പെടെ പരിഗണിച്ചാണ് അവാര്‍ഡ്. യുവത്വത്തിന്റെ ക്രയശേഷി കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും അവരെ ദേശീയ ബോധമുള്ളവരാക്കി മാറ്റാനും രാജ്യസേവനത്തിന് സന്നദ്ധരാക്കാനും ഉതകുന്ന വിധത്തിലുള്ള സര്‍ഗാത്മകമായ ഇടപെടലാണ് കാലം ആവശ്യപ്പെടുന്നത്. ഇതിന് പ്രോത്സാഹനമാകുന്നതാണ് ഷമീര്‍ ഊര്‍പ്പള്ളിയുടെ ചിത്രങ്ങളെന്ന് ജൂറി വിലയിരുത്തി.

കായിക മേഖലയിലും സജീവ സാന്നിധ്യമായ ഷമീര്‍ മികച്ച സംഘാടകനും വോളിബോള്‍ കോച്ചുമാണ്. വേങ്ങാട് ഊര്‍പ്പള്ളി സ്വദേശി ടി.കെ. അബ്ദുല്ലയുടെയും എന്‍. കദീസയുടെയും മകനാണ്.

മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. പി.വി.സൈനുദ്ദീന്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പത്രപ്രവര്‍ത്തന രംഗത്ത് മികവു പുലര്‍ത്തിയവരെ കണ്ടെത്തി കഴിഞ്ഞ ഏഴുവര്‍ഷവും കൃത്യമായി വി.സി.യുടെ പേരിലുള്ള അവാര്‍ഡ് സമ്മാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും മിഡിലീസ്റ്റിലും കഴിവുതെളിയിച്ചവരാണ് അവാര്‍ഡ് ജേതാക്കളായിട്ടുള്ളത്.

ഓഗസ്റ്റില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് അബൂദാബി കെ.എം.സി.സി. അഴീക്കോട് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.