വരാപ്പുഴ കസ്റ്റഡിമരണം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: June 20, 2018 11:12 am | Last updated: June 20, 2018 at 1:09 pm
SHARE

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമാണ്. അത് നടപ്പിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

വരാപ്പുഴയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ എ.വി. ജോര്‍ജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം നിയമസഭ നിര്‍ത്തിെവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷംഅടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇക്കാര്യം ആദ്യ സബ്മിഷനാക്കാമെന്ന നിലപാടിലായിരുന്നു സ്പീക്കര്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള അടിയന്തര പ്രമേയം പരിഗണിക്കാനാകില്ലെന്നും ഇതൊരു അടിയന്തര പ്രാധാന്യമുള്ള കേസ് അല്ലെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മില്‍ വാക്‌പോരുണ്ടായി. അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെങ്കില്‍ സബ്മിഷന്‍ എങ്ങനെ അനുവദിക്കുമെന്ന് ചെന്നിത്തല ചോദിച്ചു.

ലോക്കപ്പ് മരണത്തെ ലാഘവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ലോക്കപ്പ് മരണമല്ല ശ്രീജിത്തിന്റേത്. ഏതെങ്കിലും നിയമ സംവിധാനം ഇടപെട്ടതിന് ശേഷമല്ല സര്‍ക്കാര്‍ ഇടപെട്ടത്. എവി ജോര്‍ജിനെതിരായ ആരോപണത്തില്‍ നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയാണ്. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here