Connect with us

Kerala

കരിഞ്ചോല ദുരന്തം: നഷ്ടപരിഹാരം അപര്യാപതമെന്ന് ദുരിതബാധിതര്‍

Published

|

Last Updated

കോഴിക്കോട്: കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ എല്ലാം തകര്‍ന്നവര്‍ക്ക് സര്‍ക്കാറിന്റെ നഷ്ടപരിഹാരം അപര്യാപതമെന്ന് പരാതി. സാധാരണ കാലവര്‍ഷക്കെടുതിയിലുള്ള നഷ്ടപരിഹാരമാണ് നല്‍കിയതെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ, വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ, ഭൂമി നഷ്ടമായവര്‍ക്ക് ആറ് ലക്ഷം രൂപ എന്നിങ്ങനെയാണ് പ്രത്യേക മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചത്.

എന്നാല്‍ ഈ ചെറിയ നഷ്ടപരിഹാരം കൊണ്ട് തങ്ങള്‍ എങ്ങനെ പൂര്‍വസ്ഥിതിയിലെത്തുമെന്നാണ് ഒന്നും ബാക്കിയില്ലാതെ തകര്‍ന്നടിഞ്ഞ കുടുംബങ്ങള്‍ ചോദിക്കുന്നത്. പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന പ്രഖ്യാപനം പ്രദേശവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപനമെന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പറയുന്നു.
50 ഏക്കറോളം കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നാണ് പഞ്ചായത്തും റവന്യൂ വകുപ്പും കണക്കാക്കിയിട്ടുള്ളത്. ഇവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രം നല്‍കിയാല്‍ ഒരിക്കലും തങ്ങളുടെ നാശനഷ്ടത്തില്‍ നിന്ന് കരകയറാന്‍ പറ്റില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ, ഭാഗികമായി വീട് തകര്‍ന്നവര്‍ അനേകം പേരുണ്ട്. ഇവര്‍ക്ക് എന്തു നഷ്ടപരിഹാരം നല്‍കുമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പരുക്കുപറ്റിയവര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചും വ്യക്തതയില്ല. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് ക്യാമ്പില്‍ കഴിയുന്നവരുടെ പ്രതീക്ഷ.

സമഗ്ര അന്വേഷണം വേണം: യു ഡി എഫ്
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കുകയും മതിയായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് യു ഡി എഫ് ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദുരന്തം കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ട പരിഹാരത്തുക അപര്യാപ്തമാണ്. ദുരിത ബാധിതരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ സഹായവും കൃഷിഭൂമിയും വീടും നിര്‍മിച്ചു നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭം നടത്തും. പരിസ്ഥിതി ആഘാതം നേരിട്ട കുടുംബങ്ങളുടെ പുനരധിവാസം കൂടി ഉള്‍പ്പെടുത്തി കട്ടിപ്പാറ പഞ്ചായത്തിലേക്ക് പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു.

ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, കണ്‍വീനര്‍ എം എ റസാഖ്, ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ കെ നാരായണന്‍ (കേരള കോണ്‍-എം), സി വീരാന്‍കുട്ടി (കേരള കോണ്‍-ജെ), ബാബു (ആര്‍ എസ് പി) വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest