Connect with us

International

ഇസ്‌റാഈല്‍ സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശം; ഗാസ യുദ്ധത്തിന്റെ വക്കിലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍

Published

|

Last Updated

യു എന്‍: ഗാസാ മുനമ്പില്‍ അധികരിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷം മേഖലയെ ഒരു യുദ്ധത്തിന്റെ വക്കിലേക്ക് നയിച്ചിരിക്കുകയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് മുന്നറിയിപ്പ് നല്‍കി. 2014ല്‍ ഇസ്‌റാഈലും ഹമാസും ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാറുമായി വീണ്ടും മുന്നോട്ടുപോകാന്‍ അദ്ദേഹം ഇരു വിഭാഗത്തോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച് 30ന് ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്ക് നേരെ ദയാരഹിതമായി വെടിയുതിര്‍ത്ത ഇസ്‌റാഈല്‍ സൈനിക നടപടിയില്‍ അദ്ദേഹം ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്തു. ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികര്‍ പരമാവധി പിറകോട്ട് പോകണം. അവസാനശ്രമമെന്ന നിലയില്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ. കുട്ടികളെയും മാധ്യമപ്രവര്‍ത്തകരാണെന്നും മെഡിക്കല്‍ സ്റ്റാഫാണെന്നും കൃത്യമായി വെളിപ്പെടുത്തിയവരെയും സുരക്ഷാ സൈന്യം വെടിവെച്ചു കൊല്ലുന്ന നടപടി സ്വീകാര്യമല്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും ഭയമില്ലാതെ അവരുടെ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുകയും വേണം. ഇത്തരമൊരു സാഹചര്യത്തിലേക്ക് മേഖലയെ തള്ളിവിടുന്ന എല്ലാ വിഭാഗങ്ങളെയും ശക്തമായി അപലപിക്കുന്നതായും രക്ഷാസമിതിയെ അഭിസംബോധന ചെയ്യവെ ഗട്ടറസ് ഓര്‍മപ്പെടുത്തി.

അതിര്‍ത്തിയില്‍ നിന്ന് ഇസ്‌റാഈലിന്റെ ഭാഗത്തേക്ക് ഹമാസും മറ്റു ചില സംഘങ്ങളും നടത്തുന്ന പ്രകോപനപരമായ നടപടികള്‍ അവരുടെ മാത്രമല്ല, ഫലസ്തീനികളുടെ മൊത്തം ജീവിതത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സെക്രട്ടറി ജനറലിന്റെ പ്രസ്താവനയോട് ഇതുവരെ ഇസ്‌റാഈല്‍ പ്രതികരണം അറിയിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച പ്രക്ഷോഭപരിപാടികള്‍ക്കിടെ 130 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു. 13,000ത്തിലധികം പേര്‍ക്ക ്പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

Latest