Connect with us

National

മങ്ങലേറ്റ് പി ഡി പി; മുഖം മിനുക്കാന്‍ ബി ജെ പി

Published

|

Last Updated

ശ്രീനഗര്‍: പി ഡി പിയുമായുള്ള മൂന്ന് വര്‍ഷത്തെ രാഷ്ട്രീയ സഖ്യത്തിന് വിരാമം കുറിച്ച് ജമ്മുകശ്മീരില്‍ ബി ജെ പി ഭരണം വേണ്ടെന്ന് വെച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് രാഷ്ട്രീയ നീരീക്ഷകര്‍. പരസ്പരം യോജിക്കാത്തവരുടെ കൂട്ടുമുന്നണിയില്‍ അധികാരത്തിന്റെ അപ്പകഷ്ണം നുണഞ്ഞ് രണ്ട് വര്‍ഷം കൂടി കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് മുന്നണി വിട്ട് കശ്മീരില്‍ നഷ്ടമായ പ്രതാപം വീണ്ടെടുക്കാനാണ് ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. കത്വ സംഭവത്തോടെ ജമ്മു കശ്മീരിലെ പൊതുജനങ്ങള്‍ക്കിടയില്‍ ബി ജെ പിക്കെതിരെയുണ്ടായ വികാരം മയപ്പെടുത്താനാണ് പി ഡി പിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്. കത്വ സംഭവത്തിന് പിന്നാലെ മുന്നണി വിട്ട് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ പി ഡി പിക്ക് ബി ജെ പിയുടെ തീരുമാനം കനത്ത തിരിച്ചടിയുണ്ടാക്കുമെന്നതില്‍ സംശയമില്ല.

പി ഡി പിയുമായുള്ള സഖ്യം പിരിയുമെന്ന കശ്മീരിന്റെ ചുമതലയുള്ള ബി ജെ പി സെക്രട്ടറി രാം മാധവിന്റെ പ്രഖ്യാപനം രാഷ്ട്രീയകുതന്ത്രങ്ങള്‍ നിറഞ്ഞതായിരുന്നു. കുതിരിക്കച്ചവടം നടത്തി ഗോവയിലും മണിപ്പൂരിലുമടക്കം അധികാരം പിടിച്ചെടുത്ത അതേ കൗശലം തന്നെയാണ് മുന്നണി വിട്ട് ബി ജെ പി കശ്മീരിലും പയറ്റുന്നത്.
പി ഡി പിയുമായുള്ള മുന്നണി ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ നിലനിന്നിരുന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ബി ജെ പി സഖ്യം വിടുന്നതെന്നതും ശ്രദ്ധേയമാണ്. ജനവിധിയെ ബഹുമാനിച്ചാണ് മൂന്ന് വര്‍ഷം മുമ്പ് പി ഡി പിയുമായി സഖ്യമുണ്ടാക്കിയതെന്നും അന്ന് സര്‍ക്കാറുണ്ടായിട്ടില്ലെങ്കില്‍ കശ്മീര്‍ പ്രസിഡന്റ് ഭരണത്തിന്റെ കീഴിലാകുമെന്നുമാണ് ബി ജെ പി നേതാവ് രാം മാധവ് നല്‍കുന്ന വിശദീകരണം. മുന്നണി വിടുന്നതിന് ബി ജെ പി മുന്നോട്ടുവെക്കുന്ന ന്യായീകരണങ്ങളെല്ലാം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനിടയുള്ളതും തീവ്രഹിന്ദുത്വവാദികള്‍ക്ക് ആവേശം പകരുന്നതുമാണ്. സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ടുകളും സഹായങ്ങളും മഹ്ബൂബ സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും ബി ജി പിയുടെ വികസന അജന്‍ഡ നടപ്പാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും രാം മാധവ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, അധികാരം നഷ്ടപ്പെട്ടതോടെ അങ്കലാപ്പിലായിരിക്കുകയാണ് പി ഡി പി. ബി ജെ പിയുടെ പ്രഖ്യാപനത്തില്‍ താന്‍ ആശങ്കപ്പെടുന്നില്ലെന്നും അധികാരത്തിന് വേണ്ടി ഇനി സഖ്യമുണ്ടാക്കില്ലെന്നും മഹ്ബൂബ മുഫ്തി വ്യക്തമാക്കിയപ്പോള്‍ ബി ജെ പിയുമായി സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ ആവത് ശ്രമിച്ചുവെന്നും ബി ജി പിയുടെ തീരുമാനത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു സൂചന ലഭിച്ചില്ലെന്നുമാണ് പി ഡി പി നേതാവ് അഹ്മദ് മിര്‍ പ്രതികരിച്ചത്.
സഖ്യം പിരിഞ്ഞത് ശിവസേനയടക്കമുള്ള തീവ്രഹിന്ദുത്വ പാര്‍ട്ടികളെ സന്തോഷിപ്പിച്ചിട്ടുണ്ട്. പി ഡി പിയുമായുള്ള സഖ്യം ദേശവിരുദ്ധമായിരുന്നുവെന്നും മുന്നണി കൂടുതല്‍ കാലം മുന്നോട്ടുപോകില്ലെന്ന് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റൗത് വ്യക്തമാക്കി. സഖ്യവുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കനത്ത ആഘാതം നേരിടേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest