കരിപ്പൂരിന് നേരെയുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം; കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി മെഹ്ഫില്‍ സമാപിച്ചു

Posted on: June 20, 2018 9:51 am | Last updated: June 20, 2018 at 9:52 am
SHARE
പ്രവാസി മെഹ്ഫില്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഗള്‍ഫ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളില്‍ കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രവാസി മെഹ്ഫില്‍ പ്രതിഷേധം രേഖപ്പെടുത്തി.
റണ്‍വേ അപര്യാപ്തമാണെന്ന മുടന്തന്‍ ന്യായം പറഞ്ഞ് വലിയ വിമാനങ്ങള്‍ പിന്‍വലിച്ചത് മുതല്‍ പൊതു മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി കൊല്ലുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

നിലവിലുള്ള ക്ലാസില്‍ നിന്ന് വിമാനത്താവളത്തെ തരംതാഴ്ത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും വിമാനത്തവളം സമ്പൂര്‍ണമായി സംരക്ഷിച്ച് നിലനിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും പ്രവാസി മെഹ്ഫില്‍ ആവശ്യപ്പെട്ടു.

പ്രവാസി സെല്‍ കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മെഹ്ഫില്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഡോ. പി സുഹൈല്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് പറവൂര്‍ സ്വാഗതവും അബ്ദുല്‍ മജീദ് അരിയല്ലൂര്‍ നന്ദിയും പറഞ്ഞു.