Connect with us

Editorial

കഞ്ചിക്കോട് പദ്ധതിയില്‍ റെയില്‍വേക്ക് ഒളിച്ചു കളി

Published

|

Last Updated

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി കാര്യത്തില്‍ കേരളത്തെ വഞ്ചിക്കുക മാത്രമല്ല, വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ വിഡ്ഢികളാക്കുക കൂടിയാണ് കേന്ദ്ര റെയില്‍വേ മന്ത്രി. റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ മതിയായ സംവിധാനങ്ങളുള്ളതിനാല്‍ പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കുകയാണെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി രാജെന്‍ ഗോഹൈനും കഴിഞ്ഞാഴ്ച പാലക്കാട്ടെ ലോക്‌സഭാംഗം എം ബി രാജേഷിനെ അറിയിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയരുകയും കേരളത്തിലെ പാര്‍ലിമെന്റ് അംഗങ്ങള്‍ സമരം പ്രഖ്യാപിക്കുയും ചെയ്തതോടെ കേന്ദ്ര മന്ത്രിമാര്‍ മലക്കം മറിയുകയായിരുന്നു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് കോച്ച് ഫാക്ടറി നിര്‍മാണം വൈകാന്‍ പ്രധാന കാരണമെന്നുമാണ് മന്ത്രി പീയൂഷ് ഗോയല്‍ തിങ്കളാഴ്ച പറഞ്ഞത്. എല്ലാ വശങ്ങളും പരിശോധിച്ചു താമസിയാതെ പദ്ധതി യാഥാര്‍ഥ്യമാക്കും. റെയില്‍വേ വികസനത്തിനു കേരളം സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം മൂന്ന് വര്‍ഷം കഴിഞ്ഞു ചരക്ക് ഇടനാഴി ആരംഭിക്കുമ്പോള്‍ കൂടുതല്‍ കോച്ചുകളുടെ ആവശ്യം വന്നേക്കും. കഞ്ചിക്കോട് ഫാക്ടറിയെക്കുറിച്ച് അപ്പോള്‍ ആലോചിക്കാമെന്നാണ് റെയില്‍വേ ബോര്‍ഡ് പറയുന്നത്. എം പിമാരും റെയില്‍വേ ബോര്‍ഡ് അംഗങ്ങളും പങ്കെടുത്ത റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ എം പിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം രവീന്ദ്ര ഗുപ്തയാണ് ഇക്കാര്യമറിയിച്ചത്.

1982ല്‍ ഇന്ദിരാഗാന്ധിയാണ് പാലക്കാട് കോട്ടമൈതാനത്തെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കേരളത്തിന് റെയില്‍ കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തത്. ഖലിസ്ഥാന്‍ തീവ്രവാദം ആളിക്കത്തിയ അന്നത്തെ നാളുകളില്‍ പഞ്ചാബിനെ പ്രീണിപ്പിക്കാനായി കപൂര്‍ത്തലയില്‍ കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തതോടെ കോണ്‍ഗ്രസ് ഭരണകൂടം പാലക്കാട് പദ്ധതി വിസ്മരിച്ചു. പിന്നീട് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ കേരളത്തിലുയര്‍ന്ന വ്യാപക പ്രതിഷേധം തണുപ്പിക്കാനെന്നോണമാണ് 2008-09 ലെ കേന്ദ്ര ബജറ്റില്‍ അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് പദ്ധതി ഉള്‍പ്പെടുത്തിയത്. ഏറെ താമസിയാതെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ 439 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കേന്ദ്രത്തെ ഏല്‍പ്പിച്ചു. 2012 ഫെബ്രുവരി 21നു കോട്ടമൈതാനിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി ഫാക്ടറിയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കുകയും 36 മാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്നു പ്രസ്താവിക്കുകയും ചെയ്തു.
പൊതു മേഖലയിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. പിന്നീട് സര്‍ക്കാര്‍ പൊതു- സ്വകാര്യ പങ്കാളിത്ത നിലപാടിലേക്ക് മാറി. ഇതോടെയാണ് പദ്ധതി പ്രവര്‍ത്തനം ഇഴയാന്‍ തുടങ്ങിയത്. ഫാക്ടറി പൊതുമേഖലയില്‍ തന്നെ വേണമെന്നു കേരളം ശക്തിയായി വാദിച്ചെങ്കിലും പൊതുഫണ്ടില്‍ പണമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. അതേസമയം കഞ്ചിക്കോട് പദ്ധതിയോടൊപ്പം പ്രഖ്യാപിച്ച യു പി റായ്ബറേലിയിലെ കോച്ച് ഫാക്ടറി പൊതുമേഖലാ അടിസ്ഥാനത്തില്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി കോച്ച് നിര്‍മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. കഞ്ചിക്കോട് പദ്ധതിക്ക് സ്വകാര്യ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് പറഞ്ഞു പദ്ധതി പിന്നെയും നീട്ടിക്കൊണ്ടു പോയപ്പോള്‍, കേരള എം പിമാരുടെ മുന്‍കൈയാല്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി ഫാക്ടറി നിര്‍മാണത്തില്‍ സഹകരിക്കാന്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി ഇ എം എല്‍) സന്നദ്ധമായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിസംഗത പാലിക്കുകയായിരുന്നു.

എക്കാലത്തും റെയില്‍വേ വികസനത്തില്‍ കേന്ദ്രം കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്. അതിന്റെ ഭാഗം തന്നെയാണ് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ നടത്തുന്ന ഒളിച്ചു കളിയും. കോച്ചുകളുടെ ആവശ്യം കുറവായതിനാലാണ് പാലക്കാട് പദ്ധതിയെക്കുറിച്ചു പുനരാലോചന നടത്തുന്നുവെന്ന് പറയുന്നത്. എന്നാല്‍ ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ റെയില്‍വേയും ഹരിയാന വ്യവസായ വികസന കോര്‍പറേഷനും സംയുക്തമായി കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സോനപേട്ടിലെ ബാര്‍ഹി വ്യവസായ മേഖലയില്‍ ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 161 ഏക്കറില്‍ 600 കോടി രൂപ ചെലവിലാണ് ഫാക്ടറി നിര്‍മിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടിയത്. ഉത്തര്‍ പ്രദേശില്‍ മറ്റൊരു കോച്ചു ഫാക്ടറി സ്ഥാപിക്കുന്നതിന് സ്ഥലം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി ആദിത്യനാഥിന് താന്‍ കത്തയച്ചതായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ആറ് കൊല്ലം മുമ്പ് തറക്കല്ലിട്ട പാലക്കാട്ടെ ഫാക്ടറി, കോച്ചുകള്‍ക്ക് ആവശ്യം കുറവാണെന്ന് പറഞ്ഞ് ഉപേക്ഷിക്കുമ്പോള്‍ പുതിയ രണ്ട് കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ ശ്രമം നടത്തുന്നത് എന്തിനാണെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കണം.

ബി ജെ പി ഇതര സംസ്ഥാനങ്ങളോട് വിശിഷ്യാ കേരളത്തോട് മോദി ഭരണകൂടം പ്രകടിപ്പിക്കുന്ന കടുത്ത വിവേചനത്തിനും അവഗണനക്കുമെതിരെ കേരള ജനത കക്ഷി രാഷ്ട്രീയ വേര്‍തിരിവുകള്‍ മാറ്റിവെച്ചു ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ട്. എന്നാല്‍ കഞ്ചിക്കോട് ഫാക്ടറിയോടുള്ള അവഗണനക്കെതിരായ പ്രതിഷേധത്തില്‍ കേരള എം പിമാര്‍ രണ്ട് തട്ടിലാണ്. എല്‍ ഡി എഫ് എം പിമാര്‍ 22നും യു ഡി എഫ് എം പിമാര്‍ 25നുമാണ് ഡല്‍ഹിയില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ചിരകാല സ്വപ്‌നമായ ഒരു പദ്ധതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സങ്കുചിത രാഷട്രീയ ഭിന്നത ഉപേക്ഷിച്ചു ഒന്നിക്കാനുള്ള രാഷ്ട്രീയ വിവേകം ഇരുമുന്നണികളും പ്രകടിപ്പിക്കേണ്ടതുണ്ട്.