കശ്മീര്‍: അനിവാര്യമായ ഒരു വേര്‍പിരിയല്‍

ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും അജന്‍ഡയില്‍ ജമ്മുകശ്മീരിനുള്ള സ്ഥാനം സുപ്രധാനമാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പോലെ തന്നെ ബി ജെ പിക്ക് പ്രിയപ്പെട്ടതാണ് ജമ്മുകശ്മീരിന് സവിശേഷ പദവികള്‍ നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പിന്റെ പുനഃപരിശോധന. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം തുറന്നിടുന്ന രാഷ്ട്രീയ സാധ്യതകളുടെ ഭൂമികയിലും ജമ്മുകശ്മീരിനുള്ള പ്രാധാന്യം ബി ജെ പി നേതൃത്വത്തിന് ബോധ്യമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ പിടി അയയുകയും ഹിന്ദുത്വ രാഷ്ട്രീയം കൊണ്ട് പശിയടക്കാനാവില്ലെന്ന് ജനം തിരിച്ചറിയുകയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൃത്യമായ അജന്‍ഡയോടെയാണ് പി ഡി പിയുമായുള്ള സഖ്യത്തില്‍ നിന്ന് ബി ജെ പി തലയൂരുന്നത്. പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമാണ് ബി ജെ പിയുടെ ഈ നീക്കമെന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്.
Posted on: June 20, 2018 9:36 am | Last updated: June 20, 2018 at 9:36 am

”ഞാന്‍ ഞെട്ടിയിട്ടില്ല, അധികാരത്തിന് വേണ്ടി ഈ സഖ്യം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു”. കശ്മീരില്‍ തന്റെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതായി ഡല്‍ഹിയില്‍ ബി ജെ പി വക്താവ് രാംമാധവ് പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആദ്യ പ്രതികരണമിതായിരുന്നു.
പി ഡി പി ബാന്ധവം ബി ജെ പി കൈയൊഴിയുന്നുവെന്നതിന്റെ ചില സൂചനകള്‍ നേരത്തെ പ്രകടമായിരുന്നുവെങ്കിലും അവസരം അവര്‍ കൃത്യമായി വിനിയോഗിക്കുകയായിരുന്നു. 2015ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ച പി ഡി പിയും ബി ജെ പിയും അധികാര പങ്കാളിത്തത്തിന് സഖ്യമുണ്ടാക്കിയപ്പോള്‍ അധികകാലം നീളില്ലെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തിയതാണ്. ആശയപരമായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ എങ്ങനെയാണ് ഒത്തു ചേരുകയെന്ന ചോദ്യമായിരുന്നു ഈ നിരീക്ഷണത്തിനു പിന്നില്‍. എന്നാല്‍ രാഷ്ട്രീയം സാദ്ധ്യതകളുടെ കലയാണെന്ന തിരിച്ചറിവില്‍ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളാണെങ്കിലും താഴ്‌വരയില്‍ സമാധാനവും ശാന്തിയും തിരികെ കൊണ്ടുവരാനായാല്‍ ആ ജനതക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുങ്ങുമല്ലോയെന്ന് പലരും ആശ്വസിച്ചു. രാജ്യത്ത് അത്രയേറെ മുറിവുകള്‍ ഏറ്റുവാങ്ങിയ സംസ്ഥാനമാണ് ജമ്മു കശ്മീര്‍.
കത്വ പെണ്‍കുട്ടിയുടെ പീഡന സംഭവത്തില്‍ മെഹ്ബൂബ സര്‍ക്കാറിന്റെ നിലപാട്, പത്രപ്രവര്‍ത്തകന്‍ ഷുജാഅത് ബുഖാരിയുടെ ദാരുണ കൊലപാതകം, താഴ്‌വരയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍, അടുത്തു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഇതൊക്കെ മതിയായിരുന്നു ബി ജെ പിക്ക് കശ്മീരില്‍ ഭരണ സഖ്യത്തില്‍ നിന്ന് വേര്‍പ്പെട്ട് സംസ്ഥാനത്ത് ഗവര്‍ണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലോ രാഷ്ട്രപതി ഭരണമോ ഏര്‍പ്പെടുത്താന്‍.

ജമ്മു കശ്മീരില്‍ വീണ്ടും സ്വാസ്ഥ്യവും സമാധാനവും മരീചികയാവുകയാണ്. ജമ്മുവിനും കശ്മീരിനുമിടയിലുള്ള പാലമെന്നാണ് ബി ജെ പി- പി ഡി പി ബന്ധം വിശേഷിപ്പിക്കപ്പെട്ടത്. ആ പാലം തകരുമ്പോള്‍ കേവല രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കപ്പുറത്ത് ഒരു ജനതയുടെ വര്‍ത്തമാനവും ഭാവിയും കൂടുതല്‍ വലിയ പ്രതിസന്ധികളിലേക്ക് തന്നെയാണ് നീങ്ങുന്നത്. എന്നിരുന്നാലും കലഹങ്ങള്‍ക്കും വൈരങ്ങള്‍ക്കുമിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട കശ്മീരികള്‍ എന്തു പരീക്ഷണത്തിനും മാനസികമായി തയ്യാറാവുന്ന സ്ഥിതിയിലാണുള്ളത്.
പരസ്പരം ആക്രമിച്ചുകൊണ്ടാണ് മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തിലുള്ള പി ഡി പിയും ബി ജെ പിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അങ്കം വെട്ടിയത്. പിതാവിന്റെയും പുത്രന്റെയും (ഫാറൂഖും ഉമറും) പിതാവിന്റെയും പുത്രിയുടെയും (മുഫ്തി മുഹമ്മദും മഹ്ബൂബയും) കൂട്ടുകെട്ടുകള്‍ ഒരുപോലെ അന്ത്യം കുറിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണയോഗങ്ങളില്‍ അര്‍ഥശങ്കക്കിടയില്ലാതെ ആവശ്യപ്പെട്ടത്. എന്നാല്‍ മോദിയുടെ വാക്കുകള്‍ ജനം ചെവികൊണ്ടില്ല. ബി ജെ പിയെ ജമ്മുവും പി ഡി പിയെ കശ്മീരും പിന്തുണക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് – നാഷനല്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടികള്‍ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. തിരഞ്ഞെടുപ്പാനന്തരം അസംബന്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയ സമവാക്യത്തിനു പുറത്ത് പി ഡി പി ബി ജെ പി മന്ത്രിസഭ നിലവില്‍ വരികയും ചെയ്തു. കശ്മീരികള്‍ക്ക് വേണ്ടി തീവ്രമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പി ഡി പിയും കശ്മീരില്‍ പ്രത്യേക അജന്‍ഡയുമായി ഗമിക്കുന്ന ബി ജെ പിയും കോണ്‍ഗ്രസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവസരവാദ കൂട്ടുകെട്ടുണ്ടാക്കി.

കൃത്യമായി അതിര്‍ത്തികള്‍ നിര്‍ണയിച്ചുകൊണ്ടാണ് ഇരു കൂട്ടരും ഭരണം മുന്നോട്ടുകൊണ്ടുപോയത്. ജമ്മുവില്‍ ബി ജെ പിയും കശ്മീരില്‍ പിഡി പിയും കാര്യങ്ങള്‍ തീരുമാനിക്കുമെന്ന അലിഖിത നയമായിരുന്നു സഖ്യത്തിന് വഴികാട്ടി. പരിണതപ്രജ്ഞനായിരുന്ന മുഫ്തി മുഹമ്മദ് സഈദ് പി ഡി പിയെയും ഭരണത്തെയും നയിക്കാനുണ്ടായിരുന്നുവെന്നതും ഈ വിചിത്ര കൂട്ടുകെട്ടിന് തുണയായി. പക്ഷേ 2016 ല്‍ മുഫ്തിയുടെ മരണം പി ഡി പി ബി ജെ പി കൂട്ടുകെട്ടിന് തിരിച്ചടിയായി. ദേശീയ രാഷ്ട്രീയ കളരിയില്‍ അഭ്യസിച്ചിറങ്ങിയ മുഫ്തിയുടെ അഭാവത്തില്‍ മകള്‍ മഹ്ബൂബക്ക് ബി ജെ പിയുമായി എത്രകാലം മുന്നോട്ടു പോകാനാവുമായിരുന്നുവെന്നത് പ്രസക്തമായ ചോദ്യമായിരുന്നു. ഒരു വേള മഹ്ബൂബയെ ബി ജെ പി പിന്തുണക്കില്ലെന്ന് വരെ വാര്‍ത്ത പരന്നിരുന്നു.
റമസാനില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ മഹ്ബൂബയുടെ ആശയമായിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം ഇത് തുടരാനാവില്ലെന്ന് കേന്ദ്രം അസന്ദിഗ്ധമായി തീരുമാനിച്ചതോടെ പി ഡി പി അതൃപ്തിയുമായി രംഗത്തെത്തി. ബന്ധം വഷളാവുമെന്ന ഘട്ടത്തിലാണ് ബി ജെ പി മന്ത്രിമാരെ അമിത്ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചത്. അപ്പോള്‍ തന്നെ സഖ്യം അസ്തമിക്കുകയാണെന്ന് സൂചന പ്രകടമായിരുന്നു.
മൂന്ന് വര്‍ഷത്തെ പിഡിപി – ബി ജെ പി ഭരണത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമാവുകയാണുണ്ടായത്. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്‌വരയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായത്. 146 പേര്‍ കൊല്ലപ്പെടുകയും 9,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഇത്രയും പേര്‍ ഒരു സംഭവത്തില്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്. 2017ല്‍ സൈനിക ഏറ്റുമുട്ടലില്‍ 212 പേര്‍ കൊല്ലപ്പെട്ടതും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഉയര്‍ന്ന നിരക്കാണ്. മെഹ്ബൂബ രാജിവെച്ച അനന്ത നാഗ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തതും കഴിഞ്ഞ ഫെബ്രുവരി 15നകം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്ന തിര. കമ്മീഷന്റെ അന്ത്യ ശാസനം പ്രാവര്‍ത്തികമാക്കാനാവാത്തതും സംഘര്‍ഷം വിട്ടൊഴിയാത്തതു മൂലമാണ്. നാള്‍ക്കുനാള്‍ താഴ്‌വരയില്‍ അശാന്തിയുടെ കനലുകള്‍ പടരുന്നതായാണ് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്. കത്വയിലെ ബാലികയുടെ കൊടും കൊലപാതകത്തെതുടര്‍ന്ന് രണ്ട് ബി ജെ പി മന്ത്രിമാര്‍ രാജിവെച്ചപ്പോള്‍ ഭരണവും സഖ്യവും നിലനിര്‍ത്താന്‍ ത്യാഗത്തിന് ബി ജെ പി തയ്യാറാകുമെന്ന സൂചന തന്നെയാണ് പുറത്തുവന്നത്. എന്നാല്‍ കത്വയിലെ വിവാദ റാലിയില്‍ പങ്കെടുത്ത എം എല്‍ എയെ മന്ത്രിയാക്കണമെന്ന ബി ജെ പിയുടെ ശാഠ്യത്തിനുമുന്നില്‍ മെഹ്ബൂബ വഴങ്ങിയപ്പോഴും ഭരണവും സഖ്യവും തന്നെയാണ് പ്രധാനം എന്ന സന്ദേശമാണുയര്‍ന്നത്. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് ബി ജെ പിക്കറിയാമായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ഡി പിയുമായുള്ള സഖ്യം വലിയ വെല്ലുവിളിയാവുമെന്നും ബി ജെ പി തിരിച്ചറിഞ്ഞു.
ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും അജന്‍ഡയില്‍ ജമ്മുകശ്മീരിനുള്ള സ്ഥാനം സുപ്രധാനമാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പോലെ തന്നെ ബി ജെ പിക്ക് പ്രിയപ്പെട്ടതാണ് ജമ്മുകശ്മീരിന് സവിശേഷ പദവികള്‍ നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പിന്റെ പുനഃപരിശോധന. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം തുറന്നിടുന്ന രാഷ്ട്രീയ സാധ്യതകളുടെ ഭൂമികയിലും ജമ്മുകശ്മീരിനുള്ള പ്രാധാന്യം ബി ജെ പി നേതൃത്വത്തിന് ബോധ്യമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ പിടി അയയുകയും ഹിന്ദുത്വ രാഷ്ട്രീയം കൊണ്ട് പശിയടക്കാനാവില്ലെന്ന് ജനം തിരിച്ചറിയുകയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൃത്യമായ അജന്‍ഡയോടെയാണ് പി ഡി പിയുമായുള്ള സഖ്യത്തില്‍ നിന്ന് ബി ജെ പി തലയൂരുന്നത്. പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമാണ് ബി ജെ പിയുടെ ഈ നീക്കമെന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്. ജമ്മു കശ്മീരിനെ മുന്‍നിര്‍ത്തി വലിയൊരു രാഷ്ട്രീയ കളിക്കാണ് ബി ജെ പി വട്ടം കൂട്ടുന്നത്. ആ കളി ഏതൊക്കെ തലത്തിലാണ് വികസിക്കുന്നതെന്ന് വരും ദിനങ്ങളില്‍ കണ്ടറിയണം. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം ഇനിയിപ്പോള്‍ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് വളര്‍ന്നാലും അത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തില്ല. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കശ്മീരില്‍ കനലും പുകയുമുയരുന്നത് ഒഴിവാക്കാന്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയോ കൈകോര്‍ക്കുകയോ ചെയ്യുന്ന രീതി ശാസ്ത്രമാണ് താഴ്‌വരക്ക് പഥ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫ്രന്‍സാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കില്‍ ബി ജെ പിയുമായി സ്വാഭാവിക സഖ്യം പിറവി കൊണ്ടേനെ. ദേശ സുരക്ഷയും അതിര്‍ത്തി ഭദ്രതയും കശ്മീര്‍ താഴ്‌വരയുമായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കും മുന്നണികള്‍ക്കും താഴ്‌വരയെ അവഗണിക്കാനാവില്ലെന്നതും അനുഭവ സാക്ഷ്യം.

താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏറെ പണിപ്പെട്ട പത്രപ്രവര്‍ത്തകനായിരുന്നു ഷുജാഅത് ബുഖാരി. ഷുജാഅതിന്റെ രക്തക്കറ മായും മുമ്പു തന്നെ ജമ്മുകശ്മീര്‍ വീണ്ടും രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുന്നത് വിധിവൈപരീത്യമാവാം . 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കശ്മീരിനെ ബി ജെ പി എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നാശ്രയിച്ചിരിക്കും അവിടുത്തെ സമാധാനവും ശാന്തിയും. മറ്റ് തന്ത്രങ്ങള്‍ കരുപ്പിടിക്കുന്നില്ലെങ്കില്‍ കശ്മീര്‍ വിഷയം എടുത്തു കാട്ടി വീണ്ടും ധ്രുവീകരണമുണ്ടാക്കാന്‍ ബി ജെ പി ശ്രമിച്ചുകൂടെന്നില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായതിനാല്‍ ഗവര്‍ണറുടെ ഭരണമായാലും രാഷ്ട്രപതിയുടെ നേരിട്ടുള്ള ഭരണമായാലും ബി ജെ പി ഇംഗിതമായിരിക്കും താഴ് വരയില്‍ നടപ്പാക്കുക. ഏതായാലും കശ്മീരില്‍ ഉടനെ തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉടനെയുണ്ടാവില്ലെന്നുറപ്പാണ്.