കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

Posted on: June 20, 2018 9:29 am | Last updated: June 20, 2018 at 2:22 pm
SHARE

ന്യൂഡല്‍ഹി: പിഡിപി- ബിജെപി സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നുള്ള ശിപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. നേരത്തെ,
പ്രത്യേക സംസ്ഥാന പദവിയുള്ള ജമ്മു കശ്മീരില്‍ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിച്ചു ഗവര്‍ണര്‍ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ പ്രത്യേക ഭരണഘടനയുടെ 92ാം വകുപ്പനുസരിച്ചാണ് ഗവര്‍ണര്‍ ഭരണം. ആറ് മാസത്തേക്കാണു ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്.

പത്ത് വര്‍ഷത്തിനിടെ നാലാം തവണയാണ് കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലേക്ക് പോയത്. 2008ല്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണമേറ്റെടുത്തിരുന്നു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂക്കുസഭ വന്നപ്പോഴും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് ബി ജെ പി- പി ഡി പി സഖ്യ സര്‍ക്കാറിലെ ആദ്യ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മരണ ശേഷവും ഗവര്‍ണര്‍ ഭരണത്തിലായി.
പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിച്ചതായി ബിജെപി പ്രഖ്യാപിച്ചതോടെയാണ് മൂന്ന് വര്‍ഷത്തെ സഖ്യസര്‍ക്കാറിന്റെ ഭരണത്തിന് അന്ത്യമായത്. പിന്നാലെ മുഖ്യമന്ത്രി മെഹ് ബൂബാ മുഫ്തി രാജിവെച്ചിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സഖ്യം തകരുന്നത്. കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും കൂടിയെന്നും മൂന്ന് വര്‍ഷമായുള്ള ബന്ധം ഇനി തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബന്ധം ഉപേക്ഷിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ബി ജെ പി നേതാവ് രാംമാധവ് പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് സഖ്യം അവസാനിപ്പിക്കുന്നത്. കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബി ജെ പിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ നിന്നുള്ള ബി ജെ പി. എം എല്‍ എമാരുടെ യോഗത്തിനു ശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സഖ്യം പിരിയുന്നതിനുള്ള അന്തിമ തീരുമാനമെടുത്തത്. എം എല്‍ എമാരുടെ യോഗത്തിന് ശേഷം രാം മാധവ് വാര്‍ത്താ സമ്മേളനം നടത്തി സഖ്യത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. റമസാനില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് സഖ്യം ഉപേക്ഷിക്കുന്നത്. വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനു പിന്നാലെ വിമര്‍ശവുമായി പി ഡി പി രംഗത്തെത്തിയിരുന്നു.

കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നത്. ഇതും ഇരുപാര്‍ട്ടികള്‍ക്കിടയിലെ വിടവ് വര്‍ധിപ്പിച്ചു. വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനൊപ്പം കശ്മീരിലെ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച യു എന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. കത്വ സംഭവത്തില്‍ ബി ജെ പി സ്വീകരിച്ച നിലപാടിലും പി ഡി പിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ബി ജെ പി മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചിരുന്നു.
അതേസമയം, പി ഡി പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു. മറ്റ് കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കില്ലെന്ന് മഹ്ബൂബ മുഫ്തി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷ കക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് മാസങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ പി ഡി പി- ബി ജെ പി സഖ്യം രൂപവത്കരിച്ചത്. 87 അംഗ നിയമസഭയില്‍ പി ഡി പിക്ക് 28ഉം ബി ജെ പിക്ക് 25ഉം സീറ്റുകളാണ് ലഭിച്ചത്. ഉമര്‍ അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം സീറ്റ് ലഭിച്ചു. ജമ്മു കശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് രണ്ട്, സി പി എം- ഒന്ന്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് ഫ്രന്റ്- ഒന്ന്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.

LEAVE A REPLY

Please enter your comment!
Please enter your name here