Connect with us

Gulf

ഞാന്‍ തിരിച്ചുവരും, എല്ലാവരോടും നന്ദി: അറ്റ്ലസ് രാമചന്ദ്രന്‍

Published

|

Last Updated

ദുബൈ : സ്വര്‍ണ വ്യപാര രംഗത്തേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് മൂന്നുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം രാമചന്ദ്രന്‍. ബിസിനസില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകും. കുവൈറ്റ് ഇറാഖ് യുദ്ധസമയത്ത് കുവൈറ്റില്‍ അടച്ചുപൂട്ടിയത് ഒമ്പത് ജ്വല്ലറികളാണ് അതില്‍ നിന്നും ഞാന്‍ തിരിച്ചുവന്നിരുന്നു ഇപ്പോഴുണ്ടായ തകര്‍ച്ചയില്‍ നിന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും. സിറാജിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വായ്പയ്ക്ക് ഈടായി നല്‍കിയ കരുതല്‍ ചെക്ക് ബാങ്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. ബാങ്കുകളില്‍നിന്നു വായ്പയെടുത്താണ് ബിസിനസ് നടത്തുന്നത്. വായ്പാ തിരിച്ചടവില്‍ ഒരു തവണ ചെറിയ താമസം വന്നു. ഇത്രനന്നായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍നിന്ന് ഈ താമസം ബാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. കരുതല്‍ ചെക്ക് ബാങ്ക് ഹാജരാക്കിയപ്പോള്‍ മടങ്ങി. യുഎഇയില്‍ ചെക്ക് മടങ്ങുന്നത് കുറ്റമാണ്. അങ്ങനെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നു കരുതുന്നു. കിംവദന്തികള്‍ മൂലം യുദ്ധങ്ങളുടെ ഗതിപോലും മാറിയിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും ഇതിന്റെ പിന്നിലുണ്ടെന്നു കരുതുന്നില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് നല്ലതല്ല.

മൂന്ന് വര്‍ഷത്തോളമാണ് ജനങ്ങളില്‍നിന്നു വിട്ടുനിന്നത്. അത് എല്ലാ അര്‍ത്ഥത്തിലും ഒരു പാഠമായി. ഇനി ബിസിനസ്സില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ മറ്റ് പരിപാടികളെല്ലാം മാറ്റിവെക്കുകയാണ്. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അനുമതി ലഭിക്കാനുമുള്ള സമയം വേണ്ടതുണ്ട്. അത് ലഭിച്ചാലുടന്‍ പുതിയ സംരംഭവുമായി വീണ്ടുമെത്തും. അതും പഴയ രാമചന്ദ്രനായിട്ട് തന്നെയായിരിക്കും. ദുബായില്‍ ഒരു ഷോറൂം തുടങ്ങിക്കൊണ്ടായിരിക്കും ആ തുടക്കം. അദ്ദേഹം പറഞ്ഞു. ഒരു ബാങ്കുമായുള്ള ഇടപാടില്‍ ചെറിയ വീഴ്ചയുണ്ടായത് അത് മറ്റു ബാങ്കുകളുടെ ഇടപാടിനെയും ബാധിച്ചു. എന്തായാലും ചര്‍ച്ചകളിലൂടെ തന്നെ എല്ലാം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. മസ്‌കറ്റിലെ ആസ്പത്രികള്‍ ഉള്‍പ്പെടെ ചില ആസ്തികള്‍ വിറ്റ് ആനുപാതികമായി എല്ലാ ബാങ്കുകള്‍ക്കുമായി കുറെ പണം നല്‍കിയിട്ടുണ്ട്. എല്ലാം അധികം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎഇയിലെ 19 ഷോറൂമുകളും ഓഫിസും വര്‍ക്ക്‌ഷോപ്പും അടക്കം അടച്ചു. സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളില്‍ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണം. ഇതാണ് ആദ്യം ചെയ്യുന്നത്. ഇന്ത്യയില്‍ ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 70 രൂപയുണ്ട്. കമ്പനിക്ക് അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുണ്ട്. പ്രൊമോട്ടറായ താന്‍ അവരുടെ താല്‍പര്യംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഈ കമ്പനിയെ വലിയ പ്ലാറ്റ്‌ഫോമിലെത്തിക്കും. കമ്പനിക്കു കീഴില്‍ ബെംഗളൂരുവിലും താനെയിലും ഷോറൂമുകളുണ്ട്. ഇവ രണ്ടും നന്നായി പ്രവര്‍ത്തിക്കുന്നു. ഇവയെ കൂടുതല്‍ ശക്തിപ്പെടുത്തും.കുവൈത്ത് യുദ്ധത്തിന്റെ സമയത്ത് യുഎഇയിലെത്തിയ താന്‍ പാടുപെട്ടാണ് ബിസിനസ് വളര്‍ത്തിയത്. അതേ നിലയില്‍ യുഎഇയില്‍ ബിസിനസിനെ വീണ്ടും ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ദൈവത്തോടും നന്ദി പറയുന്നു. അറ്റ്‌ലസ് ജ്വല്ലറിയുടെ തുടക്കം മുതല്‍ എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു.

Latest