ലീഗിന് എതിരായ ആരോപണം നിഷേധിച്ച് രാധികാ വെമുല

Posted on: June 19, 2018 1:25 pm | Last updated: June 20, 2018 at 2:07 am

വിജയവാഡ: വീടുണ്ടാക്കാന്‍ 20 ലക്ഷം രൂപ വാഗ്ദാം ചെയ്ത് മുസ്ലിം ലീഗ് പറ്റിച്ചുവന്ന് താന്‍ പറഞ്ഞതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും സഹോദരന്‍ രാജാ വെമുലയും. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ മുതല്‍ അതുവഴിയുള്ള സന്ദേശങ്ങള്‍ തന്റേതല്ലെന്നും രാജാ വെമുല തുറന്ന കത്തിലൂടെ വ്യക്തമാക്കി. ഇതിന് പിന്നാലെയ രാജ വെമുലയുടെ കത്ത് പോസ്റ്റ് ചെയത് രാധിക വെമുലയും രംഗത്ത് വന്നു.

എന്നാൽ ആരോപണം നിഷേധിച്ചുള്ള പോസ്റ്റ് വന്ന് മണിക്കൂറുകൾക്കകം തന്നെ തൻെറ ആരോപണങ്ങൾ സംബന്ധിച്ച് ഒരു ഒാൺലെെൻ മാധ്യമത്തിൽ വന്ന റിപ്പോർട്ടും രാധികാ വെമുല ഷെയർ ചെയ്തിട്ടുണ്ട്.

രാജാ വെമുല ഫേസ്ബുക്കിലിട്ട തുറന്ന കത്ത്:

എന്റെ മകന്‍ രാജാ വെമുലയുടെ എഫ്.ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

തുറന്നകത്ത്…

എന്റെ എഫ്.ബി അക്കൗണ്ട് ഇന്ന് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ മുതല്‍ സോഫ്റ്റുവെയര്‍ പ്രശ്നങ്ങള്‍ കാരണം എന്റെ മൊബൈലില്‍ നിന്നുവരെ എനിക്ക് എഫ്.ബി ഉപയോഗിക്കാന്‍ കഴിയുന്നില്ല. (ഇത് എന്റെ മാതാവിന്റെ പുതിയ ഫോണില്‍ നിന്നും ചെയ്യുകയാണ്)

അതിനിടെ,

എം.എസ് രാമ റാവു എന്ന വ്യക്തി രാധികാ വെമുലയുടെ പേജില്‍ കമന്റു ചെയ്തു. (ആദ്യ ചിത്രം)

എന്റെ ഒരു സുഹൃത്ത് ആ പോസ്റ്റ് ഷെയര്‍ ചെയ്തു നല്‍കുംവരെ എനിക്ക് അത് കാണാന്‍ കഴിഞ്ഞിരുന്നില്ല. എം.എസ് രാമ റാവുയെന്നയാള്‍ക്ക് ഞാന്‍ പോലും അറിയാതെ ഞാന്‍ എന്റെ മെസഞ്ചറില്‍ നിന്ന് മറുപടി നല്‍കിയെന്ന് കണ്ട് ഞാന്‍ ഞെട്ടിപ്പോയി.

രാവിലെ മുതല്‍ എന്റെ എഫ്.ബി പേജില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊന്നും എന്റെ അറിവോടെയല്ല. രാവിലെ മുതല്‍ സിഗ്‌നലുപോലും കിട്ടാത്ത ഒരു ഗ്രാമത്തിലായിരുന്നു ഞാന്‍. ഇന്നുവരെ എന്റെ എഫ്.ബി സുഹൃത്തുക്കളുടെ പട്ടികയില്‍ ഇല്ലാത്ത ഒരാളുമായും ഞാന്‍ ചാറ്റ് ചെയ്തിട്ടില്ല.

എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും മോദിയ്ക്കെതിരെ സംസാരിക്കാന്‍ കേരളത്തിലെ ഐ.യു.എം.എല്‍ പാര്‍ട്ടിയില്‍ നിന്നും അവര്‍ പണം വാങ്ങിയെന്ന് പറഞ്ഞുകൊണ്ട് എന്റെ അമ്മയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. അത് അസത്യവും അസംബന്ധവുമാണ്. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ട് ഐ.യു.എം.എല്‍ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്.

‘യൂ ബ്ലഡി സംഘി ഐ.ടി റാസ്‌കല്‍, നിങ്ങളുടെ ഗൂഢാലോചന അവസാനിപ്പിക്കൂ,

ജയ് ഭീം
രാജാ വെമുല

വീടു നിര്‍മിക്കാന്‍ 20 ലക്ഷ‌ രൂപ നല്‍കുമെന്ന വാഗ്ദാനം ചെയ്ത് മുസ്്‌ലിം ലീഗ് പറ്റിച്ചതായി രോഹിത് വെമുലയുടെ മാതാവ് വെളിപ്പെടുത്തിയതായാണ് കഴിഞ്ഞ ദിവസ‌ വാർത്തകൾ വന്നത്. വാഗ്ദാനം നല്‍കി രണ്ടുവര്‍ഷം പിന്നിട്ടിട്ടും മുസ്‌ലിം ലീഗ് വാക്ക് പാലിച്ചില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി സംഭവത്തെ ലീഗ് ഉപയോഗിക്കുകയായിരുന്നുവെന്നും രാധികാ വെമുല ആരോപിച്ചതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2016ല്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥിയും പിഎച്ച്ഡി ഗവേഷകനുമായ രോഹിത് വെമുലയുടെ മാതാവാണു രാധിക.