പട്ടിയെ കുളിപ്പിക്കല്‍ പോലീസിന്റെ പണിയല്ല; അടിമപ്പണിക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Posted on: June 19, 2018 11:13 am | Last updated: June 20, 2018 at 11:13 am
SHARE

തിരുവനന്തപുരം: പോലീസിലെ അടിമപ്പണിയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിയെ കുളിപ്പിക്കലും വീട്ട്പണിയുമല്ല പോലീസിന്റെ ജോലിയെന്നും അങ്ങിനെ നിയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മന്ത്രിമാര്‍, എം.എല്‍.എമാര്‍, നേതാക്കള്‍ എന്നിവരുടെ സുരക്ഷക്കായി 388 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ന്യായാധിപന്‍മാരുടെ സുരക്ഷക്ക് 173 പൊലീസുകാരെയും നിയോഗിച്ചു. സംഭവത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ഇതില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അതേസമയം, ദാസ്യവൃത്തിയില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി. കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.മര്‍ദനത്തിന് ഇരയായ പോലീസുകാരനു നേരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പോലീസ് സ്വീകരിച്ച നടപടിയെന്നും മുരളീധരന്‍ ചോദിച്ചു.ക്രമസമാധാന പാലനം നടത്തേണ്ട പോലീസുകാര്‍ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീന്‍ വാങ്ങാനും പോകേണ്ട സ്ഥിതിയാണ്. ക്യാമ്പ് ഫോളോവര്‍മാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതിയുണ്ടെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here