ഇന്ധന വില: ജനത്തെ പഴിച്ച് കേന്ദ്രം

Posted on: June 19, 2018 9:51 am | Last updated: June 19, 2018 at 11:23 am
SHARE

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധമമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ധന നികുതി ഒഴിവാക്കല്‍ ആവശ്യം മാറ്റിവെച്ച് എല്ലാവരും കൃത്യമായി നികുതി നല്‍കാന്‍ തയ്യാറാകുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
‘പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൗരന്മാര്‍ സത്യസന്ധരായി നികുതി വിഹിതം അടച്ചാല്‍ മാത്രമേ ഇന്ധന നികുതി പ്രധാന റവന്യൂ വരുമാന മാര്‍ഗമായി കാണുന്നത് കുറച്ചുകൊണ്ടുവരാനാകൂ’- അദ്ദേഹം പറഞ്ഞു.

എക്സൈസ് തീരുവ ഇനത്തില്‍ ഒരു രൂപ കുറച്ചാല്‍ കേന്ദ്ര സര്‍ക്കാറിന് 13,000 കോടി രൂപ നഷ്ടമുണ്ടാക്കും. അത് അസാധ്യമായ കാര്യമാണ്. ജനം സത്യസന്ധമായി ആദായ നികുതി അടക്കുന്നില്ലെന്നും പരോക്ഷമായി ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. മാസശമ്പളക്കാര്‍ മാത്രമാണ് കൃത്യമായി നികുതി അടക്കുന്നത്. മറ്റ് രീതിയില്‍ വരുമാനം ഉണ്ടാക്കുന്നവര്‍ നികുതി കൃത്യമായി അടക്കുന്നില്ല. അതുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നതു കൊണ്ട് സംസ്ഥാന സര്‍ക്കാറുകളാണ് വലിയ തോതില്‍ നേട്ടം കൊയ്യുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ജി ഡി പി നിരക്ക് ഉദ്ധരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനത്തിലാണ് അരുണ്‍ ജെയ്റ്റ്ലി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

2017-18 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 7.7 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഇത് വ്യക്തമാക്കുന്നു. ഇത്് അടുത്തു കുറച്ച് വര്‍ഷങ്ങള്‍ തുടര്‍ന്നേക്കും. ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് വെല്ലുവിളികള്‍ കഴിഞ്ഞ ഘട്ടങ്ങളില്‍ ഇന്ത്യ നേരിട്ടിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
അതിനിടെ, അസംസ്‌കൃത എണ്ണവില കുറക്കാന്‍ വിയന്നയില്‍ നടക്കുന്ന ഒപക് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.