നേതാക്കളുടെ ആത്മരോദനവും പാലായില്‍ പണയംവെച്ച രാജ്യസഭാ സീറ്റും

Posted on: June 19, 2018 8:30 am | Last updated: June 18, 2018 at 10:05 pm
SHARE

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ചിലര്‍ കലാപക്കൊടി ഉയര്‍ത്തുകയാണ്. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കാനുള്ള തീരുമാനമായാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാന്‍ നടത്തുന്ന തീരുമാനമെന്നു ഒരു കൂട്ടര്‍, പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അടിയറവെക്കുന്ന ആത്മഹത്യാപരമായ തീരുമാനമാണെന്നു മറ്റൊരു കൂട്ടര്‍. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പാലായില്‍ പണയം വെച്ച തീരുമാനമെന്നു വേറെ ചിലര്‍. ഈ നടപടി കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് കീഴടങ്ങിയെന്നും വി എം സുധീരന്‍. ഗ്രൂപ്പ് ഭേദമന്യേ ഇത്രയും വലിയ പൊട്ടിത്തെറി കോണ്‍ഗ്രസില്‍ അടുത്തകാലത്ത് ഇതാദ്യമാണെന്നും സ്വന്തം ഗ്രൂപ്പുകളില്‍ നിന്നുപോലും രമേശ് ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും നേരിടേണ്ടിവരുന്ന വിമര്‍ശനം കഠിനമാണെന്നും കാര്യങ്ങള്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും പറയപ്പെടുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ അജന്‍ഡയാണു നടന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ഗുരുതര ആരോപണവുമായി പി ജെ കുര്യനും രംഗത്തെത്തി. തന്നെ തഴയാന്‍ വേണ്ടിയുള്ള ഉമ്മന്‍ ചാണ്ടിയുടെ ഒരു കുഞ്ഞിരാമന്‍ കളിയായി ഇതിനെ കുര്യന്‍ വിശേഷിപ്പിക്കുന്നു. കുറെ നാളായി കുംഭകര്‍ണ സേവയിലായിരുന്ന കോണ്‍ഗ്രസുകാര്‍ സട കുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്. കുറ്റം ആരുടെമേല്‍ കയറ്റി വെക്കണമെന്ന കാര്യത്തിലേ അഭിപ്രായ വ്യത്യാസമുള്ളൂ. ഇക്കാര്യത്തില്‍ എല്ലാവരും മത്സരിക്കുന്നുമുണ്ട്. എന്നാല്‍, തുടക്കത്തില്‍ വളരെ പക്വമായ ഒരു നിലപാട് പറഞ്ഞത് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരനാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മൂല്യം അനുസരിച്ച് യു ഡി എഫിനു ജയസാധ്യതയുള്ള ഒരു സീറ്റ് മുന്നണി മര്യാദ അനുസരിച്ചു കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. എന്നാല്‍, അവര്‍ മുന്നണി വിട്ടുപോയ സ്ഥിതിക്ക് വലിയ അവകാശവും പറഞ്ഞു മാണിയെ തഴഞ്ഞു മത്സരിച്ചാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമോ എന്നതും ഒരു പ്രശ്‌നമാണ്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും യു ഡി എഫിലെ ഭിന്നത മുതലെടുക്കാന്‍ സി പി എം തീരുമാനിക്കുകയും ചെയ്താല്‍ മുന്നണിയുടെ സ്ഥിതി വഷളാകും. 2019ലെ തിരഞ്ഞെടുപ്പില്‍ ലീഗിന് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ ഗുണം ചെയ്യുകയില്ലെങ്കിലും മുന്നണിക്ക് ആ വോട്ടുകള്‍ നിര്‍ണായകമാണെന്നു ചെന്നിത്തലക്കും എം എം ഹസനും അറിയാം. കുര്യനെ തളയ്ക്കാനുള്ള വടിയായി ഉമ്മന്‍ ചാണ്ടിയും അതിനെ കണ്ടു. യുവ എം എല്‍ എ മാരെ ഈ തീരുമാനം അലോസരപ്പെടുത്തുന്നു എന്നത് നേരാണ്. എന്നാല്‍, ഏതു വേദിയില്‍ ചര്‍ച്ച ചെയ്തിട്ടാണ് ഈ തീരുമാനമെടുത്തതെന്ന സുധീരന്റെ ചോദിത്തിനു പകരം, ഏതു വേദിയില്‍ ചര്‍ച്ച ചെയ്താണ് മുമ്പ് താങ്കളെ കെ പി സി സി പ്രസിഡന്റാക്കിയതെന്നു മറിച്ചും ചോദിക്കാം.

എന്തു തന്നെയായാലും കോണ്‍ഗ്രസ് യുവ എം എല്‍ എമാര്‍ പ്രകടിപ്പിച്ച അഭിപ്രായം തീര്‍ച്ചയായും നേതൃത്വം ചര്‍ച്ച ചെയ്യേണ്ടതാണ്. സുധീരന്‍ പ്രകടിപ്പിച്ചത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസുകാരുടെയും വികാരവും പ്രതിഷേധവുമാണോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. പക്ഷേ, അതിനു മുമ്പ് അവര്‍ കേരളത്തിലെ രാഷ്ട്രീയ ഭൂശാസ്ത്രം പഠിക്കണം. ഒറ്റക്ക് മത്സരിച്ചാല്‍ വിജയിക്കുന്ന എത്ര സീറ്റ് കോണ്‍ഗ്രസിന് കേരളത്തിലുണ്ട് എന്നതല്ല പ്രശ്‌നം. തന്റെ നിയോജക മണ്ഡലത്തിലെ എത്ര മണ്ഡലം ഭാരവാഹികളെ പേര് വിളിച്ചു സംസാരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ്. കെ എസ് യു വിനേയും യൂത്ത് കോണ്‍ഗ്രസിനെയും വളര്‍ത്താനും പ്രവര്‍ത്തന സജ്ജമാക്കാനും എന്തു ചെയ്തു എന്നതാണ്. സാധാരണ കോണ്‍ഗ്രസുകാരന്റെ ദുഃഖത്തിലും സന്തോഷത്തിലും പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നതാണ്. ഒരു കാലത്തു കോണ്‍ഗ്രസിനെത്തന്നെ നിലക്കുനിര്‍ത്താന്‍ ശേഷിയുള്ളവരായിരുന്നു കേരളത്തിലെ കെ എസ് യുക്കാര്‍. ഇന്നോ?
ഇന്നത്തെ നേതാക്കളില്‍ അപൂര്‍വം ചിലരൊഴിച്ച് പലരും മുമ്പ് തറവാട്ടു കാരണവന്മാര്‍ സമ്പാദിച്ചുവെച്ചത് തിന്നു ജീവിക്കുന്ന വെറും സുഖിയന്മാരായ അനന്തിരവന്മാര്‍ മാത്രമാണെന്ന സത്യം ആര്‍ക്കാണ് നിഷേധിക്കാന്‍ സാധിക്കുക? വി എം സുധീരന്‍ മുതല്‍ ഐബി ഈഡനും ശബരീനാഥനും മാതാപിതാക്കളുടെ സേവന തഴമ്പിലാണ് മന്ത്രിയും എം എല്‍ എയുമായത്? ചിലര്‍ ആരോപിക്കുന്നതുപോലെ ഇന്ന് പാലായില്‍ പണയം വെക്കാനെങ്കിലും കഴിയുന്ന വെള്ളി വിലയുള്ള ഒരു കോണ്‍ഗ്രസ് നിലവിലുണ്ട്. ഗ്രൂപ്പ് കളിച്ചു അതിനു ചെമ്പിന്റെ വിലപോലുമില്ലാതാക്കരുത്. കേരളത്തില്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് വളരണമെങ്കില്‍ വാര്‍ഡ്തലം മുതല്‍ കോണ്‍ഗ്രസിനെ പുനഃസൃഷ്ടിക്കണം. ഇതു സാധാരണ കോണ്‍ഗ്രസുകാരുടെ വികാരമാണ്.

ഒരു വെറും സാധാരണ കോണ്‍ഗ്രസുകാരി മാത്രമായിരുന്ന മമതാ ബാനര്‍ജി ബംഗാള്‍ അടക്കിവാണ കമ്യൂണിസ്റ്റുകാരോടും സ്വന്തം പാളയത്തിലെ കോണ്‍ഗ്രസുകാരോടും പടവെട്ടി ഒരു പാര്‍ട്ടി രൂപവത്കരിച്ചു ബംഗാള്‍ പിടിച്ചെടുത്തു എന്നത് പാഠമാകേണ്ടതാണ്. കേരളത്തില്‍ ഇത്തരം നേതൃത്വപരമായ കടമ നിര്‍വഹിച്ച എത്ര നേതാക്കളുണ്ട്? കണ്ണൂര്‍ ഉദാഹരണമായി എടുത്താല്‍, കമ്യൂണിസ്റ്റ് കോട്ടകളില്‍ കോണ്‍ഗ്രസ് വളര്‍ത്തിയ കടന്നപ്പളി രാമചന്ദ്രന്റെ രാഷ്ട്രീയ ചരിത്രമെങ്കിലും പഠിക്കാന്‍ തയ്യാറാവണം. കണ്ണൂരില്‍ എന്‍ രാമകൃഷ്ണനും കെ സുധാകരനും പിടിച്ചു നില്‍ക്കുന്നത് എങ്ങിനെയാണെന്ന പാഠം പഠിച്ചിരിക്കണം. അവരൊന്നും ഏതെങ്കിലും സമുദായത്തിന്റെ ബാനറില്‍ വന്നവരല്ല. ഒരു സമുദായ നേതൃത്വവും താക്കോല്‍സ്ഥാനം ആവശ്യപെട്ടിട്ടില്ല. അവര്‍ക്കു വേണ്ടി ഒരു പുരോഹിതനും ഇടയലേഖനം എഴുതുകയോ ഏതെങ്കിലും പള്ളിയില്‍ കുര്‍ബാന നടത്തുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിനെ വളര്‍ത്തിയാല്‍ അതിന്റെ ഫലം കൊയ്യുന്നതില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്താന്‍ ഒരു ഹൈക്കമാന്റിഡിനും കഴിയുകയുമില്ല.
ഹൈക്കമാന്‍ഡിന് കത്തെഴുതാന്‍ ഏതു കോണ്‍ഗ്രസുകാരനും കഴിയും പക്ഷേ, സ്വന്തം മണ്ഡലത്തിലും ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡിലും അല്ലെങ്കില്‍ ഓരോ കമ്മിറ്റികള്‍ രൂപവത്കരിച്ചു അവരെ സജീവമാക്കാന്‍ അവര്‍ക്ക് കയറിയിരിക്കാന്‍ ഒരു പാര്‍ട്ടി ഓഫീസുകളെങ്കിലും നിര്‍മിച്ചു നല്‍കാന്‍ കഴിയുമോ? ചെങ്ങന്നൂരില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അവിടെ ഭൂരിഭാഗം കോണ്‍ഗ്രസ് ബൂത്തുകളും നിര്‍ജീവമായിരുന്നുവെന്ന്. രണ്ട് മൂന്ന് മാസം പ്രവൃത്തിക്കാന്‍ കഴിഞ്ഞ മുഴുവന്‍ നേതാക്കളെയും ഗോദയില്‍ ഇറങ്ങിയ ഒരു ഉപതിരഞ്ഞെടുപ്പിന്റെ അവസ്ഥയെ കുറിച്ചാണ് ഈ പ്രതികരണമെന്നത് മറന്നുകൂടാ. ജയിക്കുന്നവന്റെ കാലു വാരാനല്ലാതെ ചെറിയ വോട്ടിനു തോല്‍ക്കുന്നവരെ വിജയിപ്പിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

LEAVE A REPLY

Please enter your comment!
Please enter your name here