Connect with us

Articles

നോക്കൂ, ഇത് കോഴിക്കോട് മെഡിക്കല്‍ കോളജാണ്

Published

|

Last Updated

നിപ്പാ വൈറസിന്റെ വ്യാപനം ഡബ്ല്യു എച്ച് ഒയുടെ പ്രശംസ പിടിച്ചുപറ്റിക്കൊണ്ട് അത്ഭുതകരമായി നിയന്ത്രിക്കുകയും വലിയൊരു ജനവിഭാഗത്തെ മരണവക്രത്തിലേക്ക് എത്തിപ്പെടാതെ സംരക്ഷിക്കുകയും ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളജ് രണ്ട് നിപ്പാ ബാധിതരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക കൂടി ചെയ്തുകൊണ്ട് അതിശയം സൃഷ്ടിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍; ഡോക്ടര്‍മാരും വിദ്യാര്‍ഥികളും നഴ്‌സുമാരും അനുബന്ധ ജീവനക്കാരും ശുചീകരണത്തൊഴിലാളികളും ചേര്‍ന്ന് ചരിത്രമെഴുതിയപ്പോള്‍ ഒരു നാടും മെഡിക്കല്‍ കോളജിനൊപ്പം തലയുയര്‍ത്തിപ്പിടിച്ച് അഭിമാനിച്ചു. ഇല്ലായ്മകളുടെ കഥകള്‍ മാത്രം പറയാറുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആ പരിമിതികള്‍ക്കുള്ളില്‍ വൈദ്യശാസ്ത്ര രംഗത്ത് പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. ഡോക്ടര്‍മാരെയും ജീവനക്കാരെയും ആദരിക്കണമെന്നു പലരും പറയുന്നു. എന്നാല്‍, ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടാണ് സത്യത്തില്‍ അവരെ ആദരിക്കേണ്ടത്.
2,800 കട്ടിലുകളില്‍ കിടത്തി ചികിത്സിക്കുന്നത്് ശരാശരി നാലായിരത്തില്‍ പരം രോഗികളെയാണ്. കട്ടിലുകള്‍ക്കിടയിലും വരാന്തയിലും വഴികളിലും പായ വിരിച്ച് കിടക്കുന്നവര്‍ ഡോക്ടര്‍മാരില്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവരാണ്. മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്നായി ഒ പികളില്‍ ആറായിരത്തില്‍ പരം രോഗികളാണ് ദിനംപ്രതി ചികിത്സ തേടുന്നത്.
പലര്‍ക്കും നിപ്പാ പിടിപെട്ടത് മെഡിക്കല്‍ കോളജില്‍ നിന്നുതന്നെയായിരുന്നുവെന്നതു വേദനാജനകമായി. എങ്ങനെ അത് സംഭവിച്ചു? ഇപ്പോള്‍ ഒരാള്‍ക്ക് മാരകമായ ഏതെങ്കിലും പകര്‍ച്ചവ്യാധി ബാധിച്ചാല്‍ നേരെ കാഷ്വാലിറ്റിയിലോ മെഡിസിന്‍ ഒ പിയിലോ ആണ് പ്രവേശിപ്പിക്കുന്നത്. ശരാശരി നാലോ അഞ്ചോ മണിക്കൂര്‍ കാഷ്വാലിറ്റിയില്‍ കിടന്ന ശേഷമാണ് വാര്‍ഡുകളിലേക്ക് മാറ്റുന്നത്. ഇതിനിടക്ക് രോഗിയുടെ രക്തവും മൂത്രവും പരിശോധിക്കണം, ബോധക്ഷയമുണ്ടെങ്കില്‍ സ്‌കാന്‍ ചെയ്യണം. എന്നിട്ടു വേണം ഡങ്കിയാണോ എലിപ്പനിയാണോ ചിക്കുന്‍ ഗുനിയയാണോ എച്ച് വണ്‍ എന്‍ വണ്‍ ആണോ എന്നൊക്കെ കണ്ടെത്താന്‍. ഇതൊന്നുമല്ലെങ്കില്‍ നിപ്പാ പോലുള്ള പരിശോധനകള്‍ വേറെ. ഇതെല്ലാം നൂറുകണക്കിന് രോഗികളുടെയും സഹായികളുടെയും തിരക്കിനിടയിലൂടെ വേണം ചെയ്തു തീര്‍ക്കാന്‍. ഇതിനിടയില്‍ രോഗം പകരാനുള്ള സാധ്യത വളരെക്കൂടുതലാണ്.
പകര്‍ച്ചക്ക് പരിഹാരമുണ്ട്
പനിക്കു വേണ്ടി പ്രത്യേക വാര്‍ഡുകള്‍ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ ആരംഭിച്ചു വേണം ഇതിനു പരിഹാരം കാണാന്‍. നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമുള്ള വേണ്ടത്ര ഗൗരവം നല്‍കാത്ത വിഭാഗമാണ് പകര്‍ച്ചവ്യാധി വിഭാഗം. എയ്ഡ്‌സ് രോഗികളെയും ചിക്കന്‍ പോക്‌സ് പിടിച്ചവരെയും എല്ലാം ഒന്നിച്ച് കിടത്തി ചികിത്സിക്കുന്നതു കാരണം ഇതര രോഗികള്‍ക്ക് ഈ വാര്‍ഡിലേക്കു പോകാന്‍ തന്നെ ഭയമാണ്. നിപ്പാ അടക്കമുള്ള പകര്‍ച്ചവ്യാധി ഭീഷണി മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിപുലീകരിക്കേണ്ടത് പകര്‍ച്ചവ്യാധി വിഭാഗമാണ്. ഇതിനായി ഇതിനെ ഒരു പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റായി പ്രഖ്യാപിക്കണം. രാജ്യത്ത് എയിംസിലും വെല്ലൂരിലും മാത്രമേ പ്രത്യേക പകര്‍ച്ചവ്യാധി വിഭാഗങ്ങളുള്ളൂ. ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചാല്‍ ഡി എം കോഴ്‌സ് ആരംഭിക്കുകയും അവരുടെ സേവനം കൂടെ രോഗികള്‍ക്ക് ലഭ്യമാക്കുകയും അണുജന്യ രോഗങ്ങളെക്കുറിച്ച് കാര്യക്ഷമമായ ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യാം. ഈ വിഭാഗത്തിനായി ഒരു പ്രത്യേക ഐസോലേറ്റഡ് കെട്ടിടം കണ്ടെത്താനുള്ള നടപടികളാണ് അടിയന്തരമായി വേണ്ടത്.
ഡങ്കി അടക്കമുള്ള പകര്‍ച്ചപ്പനിക്കാരെ രോഗം ഗുരുതരമായാല്‍ മെഡിസിന്‍ ഐ സി യുവിലാണ് പ്രവേശിപ്പിക്കുന്നത്. ഇവിടെ എട്ട് ബെഡ് ക്രമീകരിക്കാവുന്ന സ്ഥാനത്ത് 12 ബെഡുകളാണ് തിരുകി വെച്ചിരിക്കുന്നു. അതായത് രോഗം പകരാനുള്ള സാധ്യത വളരെക്കൂടുല്‍. 12 ബെഡുകളിലേക്ക് 12 വാര്‍ഡുകളില്‍ കിടക്കുന്ന അറുനൂറില്‍ പരം രോഗികളില്‍ നിന്നു രോഗികളെ തിരഞ്ഞെടുക്കുന്നത് ഡോക്ടര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. മെഡിസിന്‍ വിഭാഗത്തിന് പ്രത്യേകമായി 30 പേരെയെങ്കിലും കിടത്താവുന്ന ഐ സി യു പണിത് മെഡിസിന്‍ വിഭാഗത്തെ ശക്തിപ്പെടുത്തണം.

ചിറ്റമ്മമാരെ തുരത്താം
കാലാകാലങ്ങളായി തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഉദ്യോഗക്കയറ്റം വാങ്ങിവരുന്ന പ്രൊഫസര്‍മാരും അസോസിയേറ്റ് പ്രൊഫസര്‍മാരും ഭരണകൂടങ്ങളെ സ്വാധീനിച്ച് തസ്തികയടക്കം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി സ്ഥലംമാറ്റം വാങ്ങുകയാണ് പതിവ്. മിക്ക ഡിപ്പാര്‍ട്ട്‌മെന്റിലും ഇത്തരത്തില്‍ തസ്തികകളുടെ കുറവുണ്ട്. അതിനനുസരിച്ച് പി ജി സീറ്റുകളിലും കുറവ് വരുന്നു. അനസ്തീഷ്യാ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കുറവാണ് ആശുപത്രിയെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത്. ഇവിടെ പത്തോളം അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. അതേ സമയം തിരുവനന്തപുരത്ത് നിന്നു വന്ന ഡോക്ടര്‍ തസ്തികയടക്കം സ്ഥലം മാറ്റം വാങ്ങിപ്പോയി. മറ്റൊരു ഡോക്ടറെ തസ്തികയടക്കം പാരിപ്പള്ളിയിലേക്കും സ്ഥലം മാറ്റി. ഫലം 2004 ല്‍ നാല് അസോസിയേറ്റ് പ്രൊഫസര്‍മാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട് പേര്‍ മാത്രം. രണ്ട് ജില്ലക്കാര്‍ ആശ്രയിക്കുന്ന തിരുവനന്തപുരത്ത് രണ്ട് പ്രൊഫസര്‍മാരുള്ളപ്പോഴാണിത്.

വിവിധ വിഭാഗങ്ങളെ എങ്ങനെ ശക്തിപ്പെടുത്താം?
ദിനേന 100 മുതല്‍ നൂറ്റമ്പത് വരെ സര്‍ജറി നടക്കുന്ന ഈ വിഭാഗത്തിന് ശസ്ത്രക്രിയക്ക് ശേഷം രോഗികളെ കിടത്താന്‍ ഐ സി യു ഉണ്ടെങ്കിലും മുമ്പേ കിടത്താന്‍ സൗകര്യമില്ല. പ്രത്യേക പരിചരണം വേണ്ട തലച്ചോറിന് പരുക്കേറ്റവരെയും ഇതേ ഐ സി യുവിലാണ് കിടത്തുന്നത്. ഗുരുതരമായി പരിക്കേറ്റ രോഗികളെ കിടത്താന്‍ ഐ സി യു സൗകര്യമില്ല. കൂടുതല്‍ ബെഡുകള്‍ സൗകര്യപ്പെടുത്തിയാലേ ഇതിനു പരിഹാരമാകൂ. താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെങ്കിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഓപണ്‍ സര്‍ജറി സംവിധാനമുപയോഗിച്ചാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയകളും നടത്തുന്നത്. ഇതിനാവശ്യമായ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണം. റോബോട്ടിക് സര്‍ജറി പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ രാജ്യത്തെ തന്നെ മികച്ച സര്‍ജറി വിഭാഗമാക്കി മാറ്റാം.
അസ്ഥിരോഗ വിഭാഗത്തിന് ആകെയുള്ളത് നാല് ബെഡുകളുള്ള ഐ സി യുവാണ്. പുരുഷന്‍മാര്‍ക്ക് മൂന്നു വാര്‍ഡുകളുള്ളപ്പോള്‍ സ്ത്രീകള്‍ക്ക് ഒരു വാര്‍ഡേയുള്ളൂ. എം പി വരേന്ദ്രകുമാര്‍ എം പിയുടെ പ്രാദേശികവികസന ഫണ്ടുപയോഗിച്ച് പുതിയ ഐ സി യുവിന്റെ നിര്‍മാണം നടക്കുന്നു. ഈ വിഭാഗത്തില്‍ സര്‍ജറിക്ക് അനസ്തിസ്റ്റുകളുടെ ലഭ്യതക്കുറവു മൂലം രോഗികള്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. കാലില്‍ മണല്‍ച്ചാക്കും കെട്ടിത്തൂക്കി ദിവസങ്ങളെണ്ണിക്കാത്തിരിക്കുന്നവരുടെ കാഴ്ച ദയനീയമാണ്. ഒ പിയില്‍ അസ്ഥിയൊടിഞ്ഞ രോഗികള്‍ക്ക് കാത്തിരിക്കാന്‍ സംവിധാനമില്ലാത്തതും രോഗികളെ വലക്കുന്നു.
തൊണ്ടക്കുള്ള വിവിധ സര്‍ജറികള്‍ക്കുള്ള അത്യാധുനിക സംവിധാനമായ ലേസര്‍ സര്‍ജറി ഇനിയും നടപ്പിലായിട്ടില്ല. ഇതുമൂലം തൊണ്ടയില്‍ ബ്ലീഡിംങുള്ള സര്‍ജറികള്‍ക്കും ശബ്ദനാളികള്‍ക്കുള്ള സര്‍ജറികള്‍ക്കും സ്വകാര്യ ആശുപത്രികളിലേക്ക് വിടുന്നു. യൂറോളജി വിഭാഗത്തിനും ഐ സി യു ഇല്ല. സര്‍ജറി കഴിഞ്ഞ രോഗികളെ നേരെ വാര്‍ഡിലാണ് കിടത്തുന്നത്. ഇത് അണുബാധക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഈ വിഭാഗത്തിനും ആധുനിക റോബോട്ടിക് സര്‍ജറിക്കുള്ള സംവിധാനം വേണം. എല്ലാ ആഴ്ചകളിലും ഒന്നുവീതം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നു.
ഹൃദ്രോഗ വിഭാഗത്തില്‍ രണ്ടാമത്തെ കാത്ത്‌ലാബിന്റെ പണി അനന്തമായി നീളുന്നു. ഐ സി യു തയാറായിരിക്കുന്നു. ഈ വിഭാഗത്തില്‍ ഒരു പ്രൊഫസര്‍ തസ്തികയേയുള്ളൂ. നേരത്തേയുണ്ടായിരുന്ന ഒരു പ്രൊഫസര്‍ തസ്തിക കോട്ടയത്തേക്ക് മാറ്റി. തിരുവനന്തപുരത്താണെങ്കില്‍ നാല് പ്രൊഫസര്‍ തസ്തികയും. രണ്ടാമത്തെ കാത്ത്‌ലാബിന്റെ പണി തീര്‍ത്താല്‍ ഹൃദ്രോഗ ചികിത്സക്കുള്ള ഇപ്പോഴത്തെ കാത്തിരിപ്പ് ഒഴിവാക്കാം. ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സകള്‍ പകുതി ചെലവിലാണ് ഇവിടെ ചെയ്യുന്നത്.

മാതൃശിശു സംരക്ഷണ കേന്ദ്രം
ഈയിടെയായി പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അവര്‍ക്കാവശ്യമായ ഐസൊലേറ്റഡ് വാര്‍ഡുകള്‍ ഇല്ലാത്തത് ഗൗരവമായി കാണേണ്ടതുണ്ട്. മാത്രമല്ല രോഗം പിടിക്കാന്‍ സാധ്യതയുള്ള പ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ക്കും ഐസൊലേറ്റഡ് വാര്‍ഡുകള്‍ ആവശ്യമുണ്ട്.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണകേന്ദ്രത്തില്‍ സി ടി സ്‌കാന്‍ മെഷീന്റെ അഭാവം രോഗികളെ ഏറെ വലയ്ക്കുന്നു. ഇവിടെ നിന്നും ഗര്‍ഭിണികളെയും രോഗികളായ കുട്ടികളെയും സി ടി സ്‌കാന്‍ ചെയ്യണമെങ്കില്‍ റോഡ് മുറിച്ചു കടന്ന് പ്രധാന കെട്ടിടത്തിലെത്തണം. ഇതിനു പകരം മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ സ്‌കാനിംഗ് സൗകര്യം ഒരുക്കണം.

ഹൃദയഭേദകമായ
ഒരു തസ്തിക പറിക്കല്‍
ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഹൃദയശസ്ത്രക്രിയാ വിഭാഗം. ഈ വിഭാഗത്തിലും രണ്ടാമതൊരു പ്രൊഫസര്‍ ഈയിടെ വന്ന് ചാര്‍ജെടുത്തെങ്കിലും തസ്തികയും പറിച്ച് സ്ഥലം മാറ്റം വാങ്ങിപോയി. കുട്ടികളുടെ ശസ്ത്രക്രിയ ആരംഭിക്കാന്‍ ഈ വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. കുട്ടികളെ ശസ്ത്രക്രിയക്ക് ശേഷം പരിചരിക്കാന്‍ പരിശീലനം ലഭിച്ച നഴ്‌സുമാര്‍ അടക്കമുള്ള അനുബന്ധ സ്റ്റാഫിന്റെ അഭാവമാണ് കാരണം. ഇപ്പോള്‍ മലബാറില്‍ നിന്നുള്ളവര്‍ക്ക് ശ്രീചിത്ര മാത്രമാണ് ആശ്രയം.
നിരന്തരം തലക്ക് ഗുരുതരമായി പരുക്ക് പറ്റിവരുന്ന രോഗികളെയും സര്‍ജറി കഴിഞ്ഞവരെയും കിടത്താനായി ഈ വിഭാഗത്തില്‍ ആകെയുള്ളത് 10 ബെഡുകളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈ വിഭാഗത്തില്‍ രണ്ട് പ്രൊഫസര്‍മാരും രണ്ട് അസോസിയേറ്റ് പ്രൊഫസര്‍മാരുമുണ്ടെങ്കില്‍ കോഴിക്കോട്ട് ഒരു പ്രൊഫസറും ഒരു അസോസിയേറ്റ് പ്രൊഫസറും മാത്രം. ഒരു അസോസിയേറ്റ് പ്രൊഫസറെ കൂടി നിയമിച്ചാല്‍ അതുവഴി പി ജി സീറ്റുകള്‍ വര്‍ധിപ്പിക്കാം. അനസ്തിസ്റ്റുകളുടെ കുറവ് ഈ വിഭാഗത്തെയും ബാധിക്കുന്നു.
വൃക്കരോഗികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ പരിമിതമായ ഡയാലിസിസ് സൗകര്യങ്ങളേ ആശുപത്രിയിലുള്ളൂ. നിലവില്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വൃക്ക മാറ്റിവെക്കുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് മാത്രമേ ഇവിടെ തുടര്‍ച്ചയായി നടത്തുന്നുള്ളൂ. ഇപ്പോള്‍ കൂടുതല്‍ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത് വലിയ ആശ്വാസമാകും. ഈ വിഭാഗത്തിലേക്ക് ആവശ്യത്തിന് കട്ടിലുകളും കിടക്കയും അനുവദിക്കാനുള്ള നടപടി ഫയലില്‍ കിടക്കുന്നു.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ ഞരമ്പ്് തുന്നിച്ചേര്‍ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ഗുണനിലവാരമുള്ള മൈക്രോസ്‌കോപ്പില്ലാത്തതുകാരണം സങ്കീര്‍ണ ശസ്ത്രക്രിയകള്‍ സാധിക്കുന്നില്ല. 12 കോടി ചെലവു വരുന്ന ഈ മൈക്രോസ്‌കോപ്പ് വാങ്ങിയാല്‍ സര്‍ജറികളുടെ റിസല്‍ട്ട് കൂടും.
മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സ്ഥാപിക്കുന്ന ടേര്‍ഷ്യറി ക്യാന്‍സര്‍ സെന്റര്‍ ദക്ഷിണേന്ത്യയില്‍ കോഴിക്കോടിനു മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മാണം ചെസ്റ്റ് ആശുപത്രിക്കു പുറകില്‍ അതിവേഗം പുരോഗമിക്കുന്നു. എന്നാല്‍ ഇവിടെ ഐ പി സൗകര്യമില്ലാത്തത് പ്രയാസം സൃഷ്ടിക്കും. ഇതോടനുബന്ധിച്ച് ഐ പി ബ്ലോക്ക് നിര്‍മിക്കുകയും അതോടൊപ്പം ഒരു പീഡിയാട്രിക് ഓങ്കോളജി വിഭാഗം ആരംഭിക്കുകയും ചെയ്താല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാകും.

അഞ്ച് ജില്ലകളുടെ ആശ്രയം
റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഏതാണ്ടെല്ലാ ആധുനിക ഉപകരണങ്ങളും ലഭ്യമാണ്. എം ആര്‍ ഐ സ്‌കാനിങ് മെഷീന്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. ഇവിടെ സ്ഥാപിച്ച 64 സ്ലൈഡ് സി ടി സ്‌കാന്‍ മെഷീന്റെ ഭരണാനുമതി മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ രണ്ട് വര്‍ഷത്തോളം നീട്ടിക്കൊണ്ടു പോയപ്പോള്‍ ഈ ലേഖകന്‍ ഹൈക്കോടതില്‍ ഹരജി നല്‍കിയ ശേഷമാണ് അനുമതി ലഭിച്ചത്്. എത്ര അലംഭാവത്തോടെയാണ് ഉദ്യോഗസ്ഥര്‍ അഞ്ച് ജില്ലകളിലെ രോഗികളുടെ പ്രതീക്ഷയായ ഈ ആശുപത്രിയോട് പെരുമാറുന്നത്? ഇപ്പോഴത്തെ ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ അടിയന്തരാവശ്യം ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിക്കാനും മാറിയതിനു ശേഷം വീണ്ടും വരുന്നുണ്ടോയെന്ന് കണ്ടുപിടിക്കാനും സഹായിക്കുന്ന പെറ്റ് സ്‌കാനാണ്.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ പുതിയ തിയേറ്റര്‍ സ്ഥാപിക്കുകയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ സര്‍ജറികള്‍ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്താല്‍ സര്‍ജറികള്‍ക്കായുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറക്കാം. ഇവിടെ ആധുനിക തിയറ്റര്‍ കോംപ്ലക്‌സിന് നേരേത്തേ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും നിഗൂഢമായ കാരണങ്ങളാല്‍ ഫണ്ട് പിന്‍വലിച്ചുകളഞ്ഞു. ടെന്‍ഡര്‍ വേളയില്‍ നടന്ന ചില കളികളാണ് ഇതിനു പിന്നിലെന്ന് സംസാരമുണ്ട്. പരമാവധി 25 കോടി രൂപ മുടക്കി സമയബന്ധിതമായി നടപ്പിലാക്കിയാല്‍ മെഡിക്കല്‍ കോളജിനെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാം. അതിനായി സര്‍ക്കാറും ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും കൂട്ടായി പ്രവര്‍ത്തിക്കണം. ആശുപത്രിയിലേക്ക് രോഗികളുടെ എണ്ണത്തിനനുസരിച്ച് അനസ്തിസ്റ്റുകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോഴിക്കോട്ട് നിന്ന് തസ്തിക പറിച്ചുകൊണ്ടുള്ള സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കണം. നിലവില്‍ ഒഴിവുള്ള അനസ്തിസ്റ്റുകളുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച് പരിഹാരം കാണണം. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ലക്ഷക്കണക്കിന് രോഗികളുടെ അത്താണിയാണ് ഈ സ്ഥാപനം. ആ ബോധം ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുമുണ്ടാകണം.

Latest