നടിയുടെ ആവശ്യം തള്ളി; വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയുമില്ല

Posted on: June 18, 2018 9:52 pm | Last updated: June 19, 2018 at 11:15 am

കൊച്ചി: തന്നെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലയില്‍ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതിയിലോ വനിതാ ജഡ്ജിമാര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതി അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നടന്‍ ദിലീപ് പ്രതിയായ കേസില്‍, പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന പ്രതികളുടെ ആവശ്യം കോടതി അനുവദിച്ചില്ല. ദൃശ്യങ്ങള്‍ പുറത്തുവരാന്‍ ഇത് ഇടയാക്കുമെന്നും നടിയുടേയും കുടുംബത്തിന്റേയും അന്തസിന് ഭീഷണിയായി ഇത് മാറാന്‍ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. എന്നാല്‍, പ്രതിഭാഗത്തിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടേയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തില്‍ ജഡ്ജിയുടെ ചേംബറില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കും.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തില്‍, നിയമപരമായി പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാല്‍ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.