Connect with us

Kerala

പെരിയയില്‍ മൂന്നാം ക്ലാസുകാരന്റെ അറുംകൊല; പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം

Published

|

Last Updated

കാസര്‍കോട്: പെരിയയില്‍ മൂന്നാം ക്ലാസുകാരന്‍ മുഹമ്മദ് ഫഹദിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. ആര്‍എസ്എസ് പ്രവര്‍ത്തകനായ കല്യോട്ട് കണ്ണോത്ത് വിജയകുമാ (31) റിനെയാണ് കാസര്‍കോട് അഡീ. സെഷന്‍സ് കോടതി ജഡ്ജി ശശികുമാര്‍ ജീവപര്യന്തം തടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2015 ജൂലൈ 9ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകവേ വിജയകുമാര്‍ ഫഹദിനെ ആക്രമിക്കുകയായിരുന്നു. ഫഹദിന്റെ നിലവിളി കേട്ട് എത്തിയ കുട്ടികളെ ഇയാള്‍ കത്തിവീശി ഓടിക്കുകയും പിന്നീട് തുരുതുരാ വെട്ടുകയുമായിരുന്നു.

രക്തത്തില്‍ കുളിച്ച് കിടന്ന ഫഹദിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐയായിരുന്ന യു. പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഓട്ടോ ഡ്രൈവറായ ആബ്ബാസ്- ആഇശ ദമ്പതികളുടെ മകനാണ് ഫഹദ്.