ആരോഗ്യനില വഷളായി; മനീഷ് സിസോദിയയേയും ആശുപത്രിയിലേക്ക് മാറ്റി

Posted on: June 18, 2018 4:21 pm | Last updated: June 18, 2018 at 7:07 pm

ന്യൂഡല്‍ഹി: ഒരാഴ്ചക്കാലമായി ലെഫ്.ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് സിസോദിയയെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാരം നടത്തിവന്ന ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനിനെ ഇന്നലെ രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സമരം ഏട്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. ഐ.എ.എസുകാര്‍ നിസഹകരണ സമരത്തിലാണെന്ന് ആരോപിച്ചാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. കഴിഞ്ഞ നാല് മാസമായി ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ലെന്നും യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നുമുള്ള ആരോപണമാണ് കെജ്‌രിവാള്‍ ഉന്നയിച്ചിരുന്നത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ആരോപിച്ച് എ എ പി പ്രവര്‍ത്തകര്‍ ഇന്നലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു.