Connect with us

National

കെജരിവാളിന്റെ സമരത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശം;സമരം നടത്താന്‍ അനുമതി നല്‍കിയതാരെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഒരാഴ്ചയിലേറെയായി ലഫ്.ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ സമരം നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. ആരുടെയും ഓഫീസിലോ വീട്ടിലോ കടന്നുകയറി സമരം നടത്താനാവില്ലെന്നും അങ്ങനെ ചെയ്യുന്നതിനെ സമരമെന്നു വിളിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയൊരു സമരം നടത്താന്‍ അരാണ് അനുമതി നല്‍കിയതെന്നും കോടതി ആരാഞ്ഞു.ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ സമരം നടത്താനുള്ള തീരുമാനം വ്യക്തിപരമാണോ അതോ ക്യാബിനറ്റ് തീരുമാനപ്രകാരമാണോയെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തിപരമായ തീരുമാനമെന്നായിരുന്നു കെജ്‌രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. സമരം നടത്താന്‍ ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടോ? ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ സമരം നടത്തുന്നതിന്റെ സാഹചര്യമെന്താണ്? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
കേജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവര്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്കു കടന്നു. നിരാഹാരം തുടരുന്ന സിസോദിയയുടെയും ജെയിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേജ്!രിവാളിനെ കാണില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍. കോടതിയില്‍നിന്നും രൂക്ഷ വിമര്‍ശമുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍നിന്നും പിന്‍മാറാനുള്ള ഒരുക്കങ്ങള്‍ കെജരിവാളും കൂട്ടരും തുടങ്ങിയെന്നാണ് അറിയുന്നത്. കെജരിവാളിന് പിന്തുണയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം കെജരിവാളിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സമരം നടക്കുന്ന ലഫ് .ഗവര്‍ണറുടെ ഓഫീസിലേക്ക് പ്രവേശനം നിഷേധിച്ചതിനാലാണ് ഇവര്‍ കെജരിവാളിന്റെ വസതിയിലെത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പണിമുടക്കില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കെജരിവാളും മന്ത്രിമാരും കുത്തിയിരിപ്പ് സമരം നടത്തുന്നത്.

Latest