നമുക്കൊപ്പം നിന്നില്ലെങ്കില്‍…

പൂര്‍ണ സംസ്ഥാന പദവിയും സ്ഥിരഭരണം പ്രദാനം ചെയ്യാന്‍ കരുത്തുള്ള ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികളുമുള്ള സംസ്ഥാനങ്ങളിലും മറ്റുരീതിയിലുള്ള ദുര്‍ബലപ്പെടുത്തല്‍ തന്ത്രം പയറ്റുന്നുണ്ട് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ധനസഹായം വെട്ടിക്കുറക്കുക, കേന്ദ്ര പദ്ധതികളില്‍ നിന്ന് ഒഴിവാക്കുക, പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറക്കുക എന്നിങ്ങനെ പല തന്ത്രങ്ങള്‍. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് തുടങ്ങി ബി ജെ പി ഇതര പാര്‍ട്ടികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളാണ് കേന്ദ്ര ധനസഹായം കുറയുന്ന പട്ടികയില്‍ മുമ്പന്തിയിലുള്ളത്. ബി ജെ പിക്കൊപ്പം നിന്നാലേ, ജനോപകാരപ്രദമായ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ എന്ന് അധികാരം കൈയാളുന്ന പാര്‍ട്ടികള്‍ മനസ്സിലാക്കണം. അല്ലെങ്കില്‍ ബി ജെ പിയെ അധികാരത്തിലെത്തിച്ചാലേ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ പാകത്തിലുള്ള വിഹിതം ലഭിക്കൂ എന്ന് ജനം മനസ്സിലാക്കണം. അതൊന്നുമുണ്ടാകുന്നില്ലെങ്കില്‍ ശത്രുപക്ഷത്തു നിര്‍ത്താന്‍ മാര്‍ഗങ്ങള്‍ തേടുമെന്നുറപ്പ്.
Posted on: June 18, 2018 10:06 am | Last updated: June 18, 2018 at 3:58 pm
SHARE

ജനാധിപത്യ ഭരണ സംവിധാനത്തോടും അതിനെ നിലനിര്‍ത്തുന്ന ഭരണ ഘടനാ സംവിധാനങ്ങളോടും മതിപ്പുള്ളവരല്ല സംഘപരിവാരമെന്നത് പുതിയ കാര്യമല്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) സാംസ്‌കാരിക ദേശീയതയില്‍ അധിഷ്ഠിതവും ഹിന്ദുത്വ സിദ്ധാന്തങ്ങളാല്‍ നിയന്ത്രിതവുമായ ഏകാധിപത്യമോ ഏകകക്ഷി ആധിപത്യമോ മാത്രമാണ് അവര്‍ ഇച്ഛിക്കുന്നത്. ഭരണഘടനാ വ്യവസ്ഥകളും അതിനെ ആസ്പദമാക്കുന്ന സംവിധാനങ്ങളും തങ്ങളുടെ ഇംഗിതം പ്രാവര്‍ത്തികമാക്കാന്‍ തടസ്സമാകയാല്‍, അതിനെ മറികടക്കാനോ അവഗണിക്കാനോ ഉള്ള ശ്രമം അധികാരത്തിലെത്തുമ്പോഴൊക്കെ അവര്‍ നടത്താറുണ്ട്.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനെ നിരന്തരം ശ്വാസം മുട്ടിക്കുന്നതിനെ അത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയായി വേണം കാണാന്‍. ലഫ്റ്റനന്റ് ഗവര്‍ണറെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സിവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരെയുമൊക്കെ ഉപയോഗപ്പെടുത്തി കെജ്‌രിവാള്‍ സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് തന്ത്രം. ഇതേ അളവിലല്ലെങ്കിലും ബി ജെ പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളെയും അവിടെ വെല്ലുവിളിയാകാന്‍ ഇടയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും സംഘ്പരിവാരവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും ലക്ഷ്യമിടുന്നുണ്ട്. ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി ജനഹിതം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വെറെയും.

2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരമുറപ്പിച്ചതോടെ ഇനിയങ്ങോട്ട് ജൈത്രയാത്രയെന്ന് ഉറപ്പിച്ച സംഘ്പരിവാരത്തിന് ആദ്യത്തെ അടി കിട്ടിയത് തൊട്ടുപിറകെ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വലിയ ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ അവിടെ ബി ജെ പി ഏതാണ്ട് നാമാവശേഷമായി. നരേന്ദ്ര മോദിയുടെ സജീവ പങ്കാളിത്തത്തോടെ നടത്തിയ പ്രചണ്ഡ പ്രചാരണത്തിന് ശേഷമുണ്ടായ ദയനീയമായ പരാജയത്തിന് കണക്കുതീര്‍ക്കല്‍ അന്ന് തന്നെ തുടങ്ങിയിരുന്നു.

പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയിലെ ഭരണം നിര്‍വഹിക്കപ്പെടുന്നത് ഭരണഘടനയിലെ 239 എ എ വകുപ്പും ദേശീയ തലസ്ഥാന മേഖലയിലെ സര്‍ക്കാര്‍ സംബന്ധിച്ച 1991ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ്. രാജ്യ തലസ്ഥാനമെന്ന നിലക്കുള്ള പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് ഇവ്വിധമൊരു പ്രത്യേക നിയമം കൊണ്ടുവന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തങ്ങള്‍ പ്രത്യേകമായി നിര്‍വചിച്ച് ഭരണം സുഗമമാക്കുക എന്നതായിരുന്നു ഭരണഘടനാ വ്യവസ്ഥയുടെയും പ്രത്യേക നിയമത്തിന്റെയുമൊക്കെ ഉദ്ദേശ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അധികാരം ഉറപ്പിക്കാന്‍ പാകത്തിലുള്ള വ്യാഖ്യാനമാണ് എക്കാലത്തും നടത്തിയിട്ടുള്ളത്. നിയമ വ്യവസ്ഥകളുടെ വ്യാഖ്യാനം അവസാനിപ്പിച്ച്, അധികാരം പിടിച്ചെടുക്കുക എന്നതിലേക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ മാറി. ഡല്‍ഹി പോലീസിന്റെ ഭരണം നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര വകുപ്പിനാണ്. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ ചുമതല കൂടി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ നിയമനത്തിനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണറില്‍ നിക്ഷിപ്തമാക്കി. ഉദ്യോഗസ്ഥ നിയമനം, മന്ത്രിസഭയുമായി ആലോചിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ നടത്തണമെന്നാണ് നിയമ വ്യവസ്ഥ. എന്നാല്‍ മന്ത്രിസഭയുമായി ആലോചിക്കാതെ നിയമനം നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറി, ഡി ജി പി തുടങ്ങിയ തസ്തികകളിലെ നിയമനം മുഖ്യമന്ത്രിയുടെ (മന്ത്രിസഭയുടെ) പൂര്‍ണ സ്വാതന്ത്ര്യത്തില്‍പ്പെടുന്നതാണെന്ന സുപ്രീം കോടതി വിധികള്‍ നിലനില്‍ക്കെയാണ് കേന്ദ്രം ഈ നിലപാടെടുത്തത്.

കെജ്‌രിവാള്‍ നിര്‍ദേശിച്ച വ്യക്തിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാതെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ചതോടെയാണ് പോരിന്റെ തുടക്കം. ഈ ഉത്തരവ്, സദുദ്ദേശ്യത്തിലല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചപ്പോള്‍, സുപ്രീം കോടതിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അനുകുലമായ നിലപാടെടുത്തു മോദി ഭരണകൂടം. പ്രതിഫലം പറ്റുന്ന രണ്ട് പദവികള്‍ ഒരേ സമയം വഹിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച് 20 ആം ആദ്മി എം എല്‍ എമാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയപ്പോള്‍ അതിന് പിറകിലും മോദി ഭരണകൂടത്തിന്റെ അഭീഷ്ടസാധ്യമെന്ന ആരോപണമുണ്ടായിരുന്നു. പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറിമാരെന്ന പദവി, പ്രതിഫലം പറ്റാതെയാണ് വഹിക്കുന്നതെന്ന എം എല്‍ എമാരുടെ വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കാതിരുന്നത് നിയമപാലനത്തിന്റെ പേരില്‍ മാത്രമായിരുന്നോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി, ഹിമാചല്‍ പ്രദേശിനൊപ്പം പ്രഖ്യാപിക്കാതിരുന്നത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പ്, പ്രാദേശിക ബി ജെ പി നേതാവ് പരസ്യപ്പെടുത്തിയത് ഒക്കെ നടക്കുമ്പോള്‍ ആം ആദ്മി എം എല്‍ എമാരുടെ കാര്യത്തില്‍ കമ്മീഷനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കരുതണം.
വൈദ്യുതി മോഷണം തടയാനും നിരക്ക് കുറയ്ക്കാനും നടപടി സ്വീകരിച്ച കേജ്‌രിവാള്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലുള്ള ബി എസ് ഇ എസ് കമ്പനി രംഗത്തെത്തിയതിന് പിറകിലും കേന്ദ്ര ഭരണമാണെന്ന ആരോപണമുണ്ട്. ഡല്‍ഹിയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ബി എസ് ഇ എസ്സിനോട് ആവശ്യപ്പെട്ടത് കുടിശ്ശികയായ 70 കോടി രൂപയാണ്. ഈ കുടിശ്ശികയടക്കണമെങ്കില്‍ ഡല്‍ഹി സര്‍ക്കാര്‍ 450 കോടി രൂപ നല്‍കണമെന്നാണ് ബി എസ് ഇ എസ് ആവശ്യപ്പെട്ടത്. അംബാനിമാരും നരേന്ദ്ര മോദിയുമായുള്ള ബന്ധം അറിയാവുന്നവര്‍ക്കൊക്കെ, ഉടന്‍ 450 കോടി വേണമെന്ന ബി എസ് ഇ എസ്സിന്റെ ആവശ്യത്തിന് പിറകിലെ ഉദ്ദേശ്യം വേഗത്തില്‍ മനസ്സിലാകും.
കെജ്‌രിവാള്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത സര്‍ക്കാറെന്ന് മുദ്ര കുത്താനും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുമൊക്കെ പല തലങ്ങളില്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണ് സിവില്‍ സര്‍വീസിലുള്ളവര്‍ ആഴ്ചകളായി തുടരുന്ന നിസ്സഹകരണം. ചീഫ് സെക്രട്ടറിയെ, ആം ആദ്മിയുടെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മര്‍ദിച്ചുവെന്ന ആരോപണമാണ് ഈ നിസ്സഹകരണ സമരത്തിന് വഴിയൊരുക്കിയത്. മര്‍ദിച്ചുവെന്ന ആരോപണം ശരിയോ തെറ്റോ എന്ന് കണ്ടെത്താനും ശരിയെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കെജ്‌രിവാള്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അത് നിയമപരമായി നടക്കേണ്ട കാര്യവുമാണ്. അതിന്റെ പേരില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരൊന്നാകെ നിസ്സഹകരണം പ്രഖ്യാപിക്കുമ്പോള്‍ അതവരുടെ മാത്രം നിശ്ചയമല്ല. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണറിലൂടെ കേന്ദ്ര സര്‍ക്കാറാണ്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുമായി സഹകരിക്കാതിരിക്കുകയും മന്ത്രിമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ഉടന്‍ ഇടപെടേണ്ട ഉത്തരവാദിത്തമുണ്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാറിനും. അതിന് അവര്‍ തയ്യാറാകാതിരിക്കുമ്പോള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമരം കേന്ദ്ര ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് മാത്രമേ കരുതാനാകൂ. ഉദ്യോഗസ്ഥരുടെ അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിലിടപെടാന്‍ ഗവര്‍ണറും കേന്ദ്ര സര്‍ക്കാറും തയ്യാറാകാതിരിക്കെ സ്‌പോണ്‍സര്‍മാരുടെ ആഗ്രവും വ്യക്തം – ഒന്നും ചെയ്യാനാകാതെ കെജ്‌രിവാളും സംഘവും അപഹാസ്യരായാല്‍, നിസ്സഹായരായ ജനം ‘അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള’ നേതാവിന്റെ ചരണങ്ങളില്‍ അഭയം തേടും. ഭരണ പ്രതിസന്ധി ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നാല്‍, ഡല്‍ഹി സര്‍ക്കാറിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുകയുമാകാം. ഉത്തരാഖണ്ഡില്‍ കോടതി ഇടപെടലിനെത്തുടര്‍ന്ന് പരാജയപ്പെട്ട തന്ത്രം ഒരിക്കല്‍ക്കൂടി പയറ്റിനോക്കാമെന്ന മോഹം.
പൂര്‍ണ സംസ്ഥാന പദവിയും സ്ഥിരഭരണം പ്രദാനം ചെയ്യാന്‍ കരുത്തുള്ള ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികളുമുള്ള സംസ്ഥാനങ്ങളിലും മറ്റുരീതിയിലുള്ള ദുര്‍ബലപ്പെടുത്തല്‍ തന്ത്രം പയറ്റുന്നുണ്ട് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ധനസഹായം വെട്ടിക്കുറക്കുക, കേന്ദ്ര പദ്ധതികളില്‍ നിന്ന് ഒഴിവാക്കുക, പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുക എന്നിങ്ങനെ പല തന്ത്രങ്ങള്‍. ധനകാര്യ കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്ന വ്യവസ്ഥകളനുസരിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ധനസഹായത്തിന്റെ തോത് കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടിക നോക്കുക. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് തുടങ്ങി ബി ജെ പി ഇതര പാര്‍ട്ടികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളാണ് ധനസഹായം കുറയുന്ന പട്ടികയില്‍ മുമ്പന്തിയിലുള്ളത്. ബി ജെ പിക്കൊപ്പം നിന്നാലേ, ജനോപകാരപ്രദമായ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ എന്ന് അധികാരം കൈയാളുന്ന പാര്‍ട്ടികള്‍ മനസ്സിലാക്കണം. അല്ലെങ്കില്‍ ബി ജെ പിയെ അധികാരത്തിലെത്തിച്ചാലേ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ പാകത്തിലുള്ള വിഹിതം ലഭിക്കൂ എന്ന് ജനം മനസ്സിലാക്കണം. അതൊന്നുമുണ്ടാകുന്നില്ലെങ്കില്‍ ശത്രുപക്ഷത്തു നിര്‍ത്താന്‍ മാര്‍ഗങ്ങള്‍ തേടുമെന്നുറപ്പ്.
ഡല്‍ഹിയുടെ കാര്യത്തില്‍ നേരിട്ടും പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പരോക്ഷമായും സ്വീകരിക്കുന്ന ഇത്തരം നടപടികള്‍, രാജ്യത്തിന്റെ ഫെഡറല്‍ ഭരണക്രമത്തെ ദുര്‍ബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍ കൂടിയാണ്. ഏകകക്ഷി ആധിപത്യമെന്ന സംഘ്പരിവാര്‍ അജന്‍ഡയുടെ നടത്തിപ്പിന് തടസ്സമാണ് പ്രാദേശിക ഭരണകൂടങ്ങളെന്ന് ആര്‍ എസ് എസ് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പുണ്ടാകുന്നത് അധികാരാവകാശങ്ങളുള്ള പ്രാദേശിക ഭരണകൂടങ്ങളുള്ളതുകൊണ്ടാണ്. പ്രാദേശിക വികാരങ്ങളെ അഭിസംബോധന ചെയ്യാന്‍ ആ അധികാരം അവര്‍ക്ക് അവസരം നല്‍കുന്നതുകൊണ്ടാണ്. അത് ഇല്ലാതാക്കണമെങ്കില്‍ നിലവിലുള്ള സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ജനങ്ങളുടെ രോഷത്തിന് വിധേയമാക്കുകയും വേണം. അതുകൊണ്ടുതന്നെ ഡല്‍ഹിയിലേത്, പൂര്‍ണ സംസ്ഥാനമല്ലാത്തതുമൂലമുണ്ടായ അധികാരത്തര്‍ക്കം മാത്രമല്ല, അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നതുമല്ല. സമ്പൂര്‍ണാധികാരം സ്ഥാപിക്കാന്‍ നടത്തുന്ന അധിനിവേശത്തിന്റെ ഒരു മുഖം മാത്രമാണത്

LEAVE A REPLY

Please enter your comment!
Please enter your name here