മാടമ്പിമാര്‍ പുറത്തുപോകട്ടെ

Posted on: June 18, 2018 9:52 am | Last updated: June 18, 2018 at 9:52 am
SHARE

പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ അടിമകളെപ്പോലെയാണ് കാണുന്നതെന്നും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത നിലയിലാണ് അവരോട് പെരുമാറുന്നതെന്നും വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. പോലീസ് സേനക്കാകെ അപമാനകരമാണ് ഇത്. ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകാത്ത പ്രവണത. ഇത്തരം സംഭവങ്ങള്‍ ഏതൊക്കെ മേഖലകളില്‍ നടക്കുന്നുവെന്ന് കൃത്യമായി വിവരങ്ങള്‍ ശേഖരിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്‌തേ മതിയാകൂ. ഇപ്പോള്‍ രേഖമൂലം പരാതി വന്നിരിക്കുന്നത് എ ഡി ജി പി സുധേഷ് കുമാറിനെതിരെയാണ്. ഇദ്ദേഹത്തിന്റെ മകളുടെ മര്‍ദനമേറ്റ് പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഗുരുതരവാസ്ഥയില്‍ ആശുപത്രിയിലാണ്.
കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്കും നടപടിക്രമങ്ങള്‍ക്കും കാത്തുനില്‍ക്കാതെ എ ഡി ജി പി സുധേഷ്‌കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് നന്നായി. സുധേഷ്‌കുമാറിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പോലീസ് സേനക്ക്് പുറത്ത് എവിടെയെങ്കിലും നിയമിക്കാനാണ് സാധ്യത. എ ഡി ജി പി സുധേഷ്‌കുമാര്‍ ക്യാമ്പ്് ഫോളാവര്‍മാരെ കൊണ്ടും പോലീസുകാരെകൊണ്ടും അടിമപ്പണി ചെയ്യിക്കുന്നുവെന്ന പരാതി പുറത്ത് വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉടനടി ഇടപെടുകയായിരുന്നു. ഗവാസ്‌കര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സുധേഷ് കുമാറിനെതിരെ നടപടിയുണ്ടാകൂ എന്നായിരുന്നു കരുതിയിരുന്നത്. അതിന് മുമ്പ് തന്നെ സത്വരം നടപടി സ്വീകരിച്ചത് സംഭവത്തിന്റെ ഗൗരവം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവാണ്. സംഭവം അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മര്‍ദനമേറ്റ ഗവാസ്‌കറോട് നേരിട്ട് വിവരങ്ങളാരായാനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്.
സുധേഷ്‌കുമാറിന്റെ വീട്ടിലെ പട്ടിക്ക് ആഹാരം ഉണ്ടാക്കാനും പട്ടിയെ കുളിപ്പിക്കുന്നതിനും തങ്ങളെ ഉപയോഗിച്ചതായി ക്യാമ്പ് ഫോളോവര്‍മാര്‍ വ്യക്തമാക്കുന്നു. ക്യാമ്പുകളിലെ പോലീസുകാരുടെ തുണി നനക്കാനും തേക്കാനും നിയോഗിക്കപ്പെട്ട ഡോബികള്‍, വെള്ളമെത്തിക്കുന്ന വാട്ടര്‍ ക്യാരിയേഴ്‌സ്, പാചകക്കാര്‍ എന്നിവരുള്‍പ്പെട്ടവരാണ് ക്യാമ്പ് ഫോളോവേഴ്‌സ്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ പണിയെടുക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലാണ്. ഇതിന് പുറമേയാണ് പോലീസ് ഡ്രൈവര്‍മാരെക്കൊണ്ടും കീഴുദ്യോഗസ്ഥരെക്കൊണ്ടും ദാസ്യപ്പണിയെടുപ്പിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. എ ഡി ജി പി നിതിന്‍ അഗര്‍വാളിന്റെ വീട്ടില്‍ ഡോഗ് സ്‌ക്വാഡിലെ പോലീസുകാരെ കൊണ്ട് പട്ടിയെ കുളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു കഴിഞ്ഞു.
സുധേഷ് കുമാറിന്റെ വീട്ടില്‍ ദാസ്യപ്പണി ചെയ്യാന്‍ താത്കാലിക ജീവനക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെ പിരിച്ചുവിടും. കറുത്ത നിറമുള്ളവരെ സുധേഷ്‌കുമാറിനും കുടുംബത്തിനും ഇഷ്ടമില്ലായിരുന്നുവത്രേ. സാറിന്റെ മകളുടെ മുമ്പില്‍ ചിരിക്കാന്‍ പാടില്ല. അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെടും. പിന്നെ മാനസികമായും ശാരീരികമായുമുള്ള പീഡനമാണ്. നായക്കുള്ള മീന്‍ വാങ്ങാന്‍ പോകണം. നീന്തല്‍ കുളം കഴുകണം. എ ഡി ജി പിയുടെയും വീട്ടുകാരുടെയും ചെരുപ്പ് കഴുകുന്നത് പോലും ജീവനക്കാരാണ്. ഒന്നര മാസം സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചുവെന്നും മകള്‍ ക്രൂരമായി മര്‍ദിച്ചപ്പോള്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഗവാസ്‌കര്‍ പറയുന്നു. അച്ചടക്കത്തിന്റെ പേരില്‍ എത്രയെത്ര ഗവാസ്‌കര്‍മാര്‍ നിശ്ശബ്ദം ഇത്തരം പീഡനം സഹിക്കുന്നുണ്ടാകും? സൈന്യത്തിലും സമാനമായ സംഗതികള്‍ നടക്കുന്നുണ്ട്.
എ ഡി ജി പിയുടെ വീട്ടില്‍ അടിമപ്പണി പതിവാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജീവനക്കാരെ വീട്ടുവേല ചെയ്യിക്കുന്നത് എ ഡി ജിപിയുടെ അറിവോടെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു തയ്യാറാകാതിരുന്ന 12 ക്യാമ്പ് ഫോളോവര്‍മാരെ പിരിച്ചുവിട്ടു. ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നു. ക്ഷേത്രത്തില്‍ പോകുന്നതും ഷോപ്പിംഗിന് കറങ്ങുന്നതുമെല്ലാം സര്‍ക്കാര്‍ വാഹനത്തില്‍.
ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന ഐ പി എസുകാരാണ് ഇത്തരത്തില്‍ മാടമ്പി സ്വഭാവം പുറത്തെടുക്കുന്നവരില്‍ മിക്കവരും. അവിടെ അവര്‍ അനുഭവിച്ച് ശീലിച്ചത് ഫ്യൂഡല്‍ സംസ്‌കാരമാണ്. അവിടെ സാമൂഹിക മണ്ഡലത്തില്‍ നിന്ന് ഇപ്പോഴും ജന്‍മിത്വവും സവര്‍ണാധിപത്യവും നാടു നീങ്ങിയിട്ടില്ലല്ലോ. കേരളത്തില്‍ സ്ഥതി ഏറെ വ്യത്യസ്തമാണ്. എന്തെല്ലാം കുറവുണ്ടെങ്കിലും കേരളീയ പശ്ചാത്തലത്തില്‍ ജനായത്തത്തിന്റെ ഉയര്‍ന്ന മൂല്യങ്ങള്‍ എമ്പാടുമുണ്ട്. മുന്‍ ഡി ജി പി. ടി പി സെന്‍കുമാര്‍ പറഞ്ഞത് പോലെ, ഇവിടെ വരുന്ന ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത സാംസ്‌കാരിക നടുക്കം ഉണ്ടാകും. ഈ നടുക്കമാണ് എ ഡി ജി പിയുടെ മകളെ അക്രമാസക്തയാക്കുന്നത്. ആത്മാഭിമാനം എല്ലാ മനുഷ്യരുടെയും അവകാശമാണ്. അത് വകവെച്ച് കൊടുക്കാത്തവര്‍ക്ക് പോലീസ് സേനയിലെന്നല്ല ഒരു തൊഴില്‍ മേഖലയിലും ഇടമുണ്ടാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പോലീസ് അസോസിയേഷന്‍ പ്രതിനിധികളും ഐ പി എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പോലീസിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിക്കുന്നുണ്ട്. സമഗ്രമായ വിവര ശേഖരണവും നടക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിവരവും തേടും. ഈ നടപടികളെല്ലാം പ്രതീക്ഷ പകരുന്നതും ഉചിതവുമാണ്. നടപടികള്‍ ആറിത്തണുത്ത് പോകരുത്. കൃത്യമായ തുടര്‍ച്ചയുണ്ടാകണം.

LEAVE A REPLY

Please enter your comment!
Please enter your name here