ദാസ്യപ്പണി വിവാദം:ക്യാമ്പ് ഫോളോവര്‍മാരുടെ വിവര ശേഖരണം ആരംഭിച്ചു

Posted on: June 18, 2018 9:44 am | Last updated: June 18, 2018 at 9:44 am
SHARE

തിരുവനന്തപുരം: ദാസ്യപ്പണി വിവാദം തുടരുന്നതിനിടെ ക്യാമ്പ് ഫോളോവര്‍മാരുടെയും പോലീസുകാരുടെയും വിവര ശേഖണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. വിവാദത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പ് ഫോളോവര്‍മാരെ മടക്കി അയച്ചുതുടങ്ങി. സംസ്ഥാനത്ത് ക്യാമ്പ് ഫോളോവര്‍മാരെകൊണ്ടും പോലീസുകാരെകൊണ്ടും ഉന്നത ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നത് വിവാദമായതോടെയാണ് മുഴുവന്‍ കണക്കുകളും കൈമാറാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചത്. ക്യാമ്പ്് ഫോളോവര്‍മാരുടെ എണ്ണം, ഡ്യൂട്ടി ക്രമം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ആവശ്യപ്പെട്ടാണ് സര്‍ക്കുലര്‍.
ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫീസുകളില്‍ ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എ ഡി ജി പി നിതിന്‍ അഗര്‍വാളിന്റെ വീട്ടില്‍ പട്ടിയെ കുളിപ്പിക്കുന്നതും എ ഡി ജി പി സുധേഷ് കുമാറിന്റെ വീട്ടില്‍ മീന്‍ വാങ്ങുന്നതുമെല്ലാം പോലീസുകാരാണെന്നതിന്റെ തെളിവുകള്‍ സഹിതം പുറത്തായതോടെയാണ് സര്‍ക്കാറിന്റെയും ഡി ജി പിയുടെയും അടിയന്തിര ഇടപെടല്‍ ഉണ്ടായത്. ക്യാമ്പ് ഹൗസ് ഡ്യൂട്ടി എന്ന പേരില്‍ ചട്ടം ലംഘിച്ച് വീടുകളിലേക്ക് കൊണ്ടുപോയി ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ക്യാമ്പ് ഫോളോവര്‍മാരുടെ കണക്ക് എസ് പി മുതലുള്ളവര്‍ സ്വയം ഹാജരാക്കാനാവശ്യപ്പെട്ടാണ് പോലീസ് ആസ്ഥാനത്തെ എ ഡി ജി പി എസ് ആനന്ദകൃഷ്ണന്‍ സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍, ഇതിന് മുമ്പ് തന്നെ ജീവനക്കാരെ മടക്കി അയച്ച് ദാസ്യപ്പണിയില്ലെന്ന് വരുത്താനുള്ള നീക്കമാണ് സജീവമായിരിക്കുന്നത്.

എസ് പി റാങ്ക് മുതലുള്ളവരുടെയും ഐ എ എസ്, ഐ എഫ് എസ് ഉള്‍പ്പെടെ ഉയര്‍ന്ന റാങ്കുള്ളവരുടെയും ഒപ്പമുള്ള പോലീസുകാരുടെ വിശദാംശങ്ങളും ശേഖരിച്ചു വരികയാണ്. ജഡ്ജിമാര്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, വിരമിച്ച ഐ പി എസുകാര്‍ എന്നിവരുടെ കൂടെയുള്ള പോലീസുകാരുടെയും എണ്ണമെടുക്കുന്നുണ്ട്.
ദാസ്യപ്പണി ചെയ്യിക്കരുതെന്ന നിര്‍ദേശം താനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബാധകമാണെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. അതേസമയം, വിവാദമുയര്‍ന്നതോടെ മുഖം രക്ഷിക്കാനുള്ള തിരക്കിലാണ് പോലീസ് ഉന്നതര്‍. ഉദ്യോസ്ഥരുടെ കീഴില്‍ ആകെയുള്ള 40 പേരില്‍ പത്തോളം പേരെ ഈ രണ്ട് ദിവസത്തിനിടെ മടക്കി അയച്ചു. ക്യാമ്പ് ഫോളോവര്‍മാരെയും പോലീസുകാരെയും ഉന്നത പോലീസുദ്യോഗസ്ഥരുടെ വീട്ടില്‍ ദാസ്യപ്പണിക്ക് ഉപയോഗിക്കരുതെന്ന് 2007ലും 2017ലും അന്നത്തെ ഡി ജി പിമാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 2017ല്‍ ടി പി സെന്‍കുമാറാണ് ഇക്കാര്യം കര്‍ശനമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ല. പതിവ് പോലെ ക്യാമ്പ് ഫോളോവര്‍മാരെയും പോലീസുകാരെയും ദാസ്യപ്പണിക്ക് ഉപയോഗിച്ചു. തിരുവനന്തപുരം സിറ്റിയിലെ ക്യാമ്പില്‍ നിന്ന് 53 പോലീസുകാരെയും സംസ്ഥാനത്താകെ നാല്‍പ്പതിലേറെ ക്യാമ്പ്് ഫോളോവര്‍മാരെയും ദാസ്യപ്പണിക്ക് നിയോഗിച്ചതായി കണക്കുകളും പുറത്തുവന്നു.
ക്രമസമാധന ചുമതല ഇല്ലാത്ത ഐ പി എസുകാരും പോലീസുകാരെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. ഡി ജി പി ആര്‍ ശ്രീലേഖ, എക്‌സൈസ്്് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എന്നിവര്‍ക്കൊപ്പം എ ആര്‍ ക്യാമ്പിലെ പോലീസുകാരാണ് ജോലിചെയ്യുന്നത്. മുന്‍ കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം തിരുവനന്തപുരം ലോക്കലില്‍ നിന്നുള്ള പോലീസുകാരാണ് നില്‍ക്കുന്നത്. തൃശൂര്‍, എറണാകുളം, കോഴിക്കോട് മേഖലകളിലായി അഞ്ഞൂറോളം പേര്‍ പി എസ് ഒ ഡ്യൂട്ടിയിലുണ്ടെന്ന് എ ഡി ജി പി എസ്്് ആനന്ദകൃഷ്ണന് ലഭിച്ച കണക്കുകളില്‍ പറയുന്നു. ബറ്റാലിയന്‍ എ ഡി ജി പി ഡി ജി പിക്ക് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ട്് ഇന്ന് മുഖ്യമന്ത്രിക്ക് നല്‍കുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here