വിസ തട്ടിപ്പ്: യുവദമ്പതികളെ കബളിപ്പിച്ച് 40 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

Posted on: June 18, 2018 9:39 am | Last updated: June 18, 2018 at 9:39 am
SHARE

ഇരിങ്ങാലക്കുട: കനേഡിയന്‍ ജോബ് വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് മാപ്രാണം സ്വദേശികളായ യുവദമ്പതികളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കുണ്ടായി സ്വദേശി കരീം കുളങ്ങര വീട്ടില്‍ രഞ്ജിത്ത് (27) എന്നയാളെയാണ് ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറും സംഘവും ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

2016 ഡിസംബറിലാണ് പരാതിക്കിടയായ സംഭവമുണ്ടായത്. വിദേശ എംബസിയില്‍ ജീവനക്കാരനാണെന്നും വിവിധ എംബസികളില്‍ ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. കൃത്രിമമായി നിര്‍മിച്ച വ്യാജ കനേഡിയന്‍ വിസ വീട്ടില്‍ കൊണ്ടുവന്ന് കാണിക്കുകയും ചെയ്തു. കാനഡയില്‍ മാസംതോറും ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന ജോലിയും ഫാമിലി വിസയും ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ഇരിങ്ങാലക്കുടയിലെ വിവിധ ബേങ്കുകളില്‍ നിന്ന് പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്ന മാപ്രാണത്തുള്ള ദമ്പതികള്‍ രഞ്ജിത്തിനെ കാണാന്‍ ശ്രമം നടത്തിയപ്പോള്‍ ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായ കണ്ണൂര്‍ ജില്ലയിലെ രണ്ട് യുവാക്കള്‍ പ്രതി വ്യാജമായി നിര്‍മിച്ചു നല്‍കിയ ജോബ് വിസയുമായി കാനഡയിലേക്ക് പോവുന്നതിനായി ശ്രമം നടത്തിയപ്പോള്‍ മുംബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയും അവിടുത്തെ ജയിലില്‍ മാസങ്ങളോളം തടവില്‍ കിടക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അന്വേഷണം പിന്നീട് അവിടേക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡി വൈ എസ് പി, സി ഐ. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐമാരായ കെ എസ് സുശാന്ത്, തോമസ് വടക്കന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ. പ്രതാപന്‍, മുരുകേഷ് കടവത്ത്, കെ ഡി രമേഷ്, അരുണ്‍, എം എസ് വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പ്രതി സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ വിസ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന് വ്യക്തമായി