Connect with us

Kerala

കൂടുതല്‍ പാല്‍ നല്‍കുന്നവര്‍ക്കുള്ള അധിക തുക മില്‍മ വെട്ടി

Published

|

Last Updated

പാലക്കാട്: ക്ഷീര കര്‍ഷകരെ വെട്ടിലാക്കി മില്‍മ മലബാര്‍ യൂനിയന്റെ സര്‍ക്കുലര്‍. സഹകരണ സംഘങ്ങള്‍ വഴി നിശ്ചിത അളവില്‍ കൂടുതല്‍ പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന ലിറ്ററിന് 10.55 രൂപ ഇനി മുതല്‍ വെട്ടിച്ചുരുക്കുമെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറക്കി. പാലുത്പാദനത്തിനൊപ്പം ചെലവ് കൂടാത്തത് മൂലം പാല്‍ കെട്ടിക്കിടക്കുന്നതിനാല്‍ നഷ്ടം ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍ വില കുറച്ചും വില്‍പ്പനക്കാര്‍ക്ക് വലിയ കമ്മീഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി വിപണി കീഴടക്കിയിരിക്കുകയാണ്. അതേസമയം മില്‍മ നാല് ശതമാനം കമ്മീഷന്‍ മാത്രമാണ് വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നത്. ഇതുമൂലം വില്‍പ്പനക്കാര്‍ ഇതരസംസ്ഥാനത്തെ കമ്പനികളുടെ പാല്‍ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. സംഭരിക്കുന്ന പാല്‍ മിച്ചം വരികയാണെങ്കില്‍ പാല്‍പ്പൊടിയാക്കുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തും. സംസ്ഥാനത്തിന്റെ കാര്‍ഷിക വരുമാനത്തിന്റെ 14 ശതമാനവും നല്‍കുന്നത് ക്ഷീരകര്‍ഷക മേഖലയാണ്. പ്രതിവര്‍ഷം 3,500 കോടി രൂപയുടെ പാല്‍, പാലുത്പന്ന വിപണനം സംസ്ഥാനത്ത് നടക്കുമ്പോഴും കര്‍ഷകര്‍ക്ക് വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെന്നും ക്ഷീര കര്‍ഷകര്‍ പറയുന്നു.

പശുവളര്‍ത്തല്‍ മേഖലയിലെ ചെലവിന് ആനുപാതികമായ ലാഭം ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കാലിത്തീറ്റയുടെ വിലവര്‍ധന വലിയ ആഘാതമുണ്ടാക്കുമ്പോഴാണ് പുതിയ തീരുമാനമെന്നും ക്ഷീര കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും ഇതരസംസ്ഥാന പാല്‍ ആശ്രയിക്കുന്ന തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലേക്ക് മലബാര്‍ യൂനിയന്‍ പാല്‍ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാവുന്നതാണ്.

Latest