ഫെഡറല്‍ നീക്കം ശക്തം

Posted on: June 18, 2018 9:14 am | Last updated: June 18, 2018 at 12:05 pm
SHARE

ന്യൂഡല്‍ഹി:ബി ജെ പിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന കൂട്ടായ്മക്ക് ശക്തിപകര്‍ന്ന് ഡല്‍ഹിയില്‍ ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഐക്യനീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ അടക്കമുള്ള നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പിണറായെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. നിതി ആയോഗിന്റെ ഭരണ സമിതി യോഗത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രിമാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാള്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം നടത്തുന്നത്. വിഷയത്തില്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണാന്‍ പ്രധാനമന്ത്രിയോട് ആന്ധ്ര, കേരള, കര്‍ണാടക മുഖ്യമന്ത്രിമാരടോപ്പം ചേര്‍ന്ന് ആവശ്യപ്പെട്ടതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പീന്നീട് ട്വീറ്റ് ചെയ്തു. സമരത്തിന് പിന്തുണയുമായി നാല് പേരും കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ വസതി സന്ദര്‍ശിക്കുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം കെജ്‌രിവാളിന്റെ വസതിയിലേക്ക് മാറ്റിയത്. നാല് മുഖ്യമന്ത്രിമാരും അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസാണ് മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നിഷേധിക്കാന്‍ നിര്‍ദേശിച്ചതെന്നും ഗവര്‍ണര്‍ തനിയെ ഈ തീരുമാനമെടുക്കില്ലെന്നും കെജ്‌രിവാള്‍ പിന്നീട് ട്വീറ്റ് ചെയ്തു.
പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്.

എന്നാല്‍, കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രിമാരെ വിമര്‍ശിച്ച് മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയല്‍ രംഗത്തെത്തി. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് നേരെ കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ മന്ത്രിമാരുടെ ആക്രമണമുണ്ടായപ്പോള്‍ ഈ മുഖ്യമന്ത്രിമാര്‍ എവിടെയായിരുന്നെന്ന് അദ്ദേഹം ചോദിച്ചു. നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിമാര്‍ തലസ്ഥാനത്തെത്തിയത്. അല്ലാതെ രാഷ്ട്രീയം കളിക്കാനല്ല. ഇത് അവര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല. കെജ്‌രിവാളിന് മുഖ്യമന്ത്രിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പോലെ അന്‍ഷു പ്രകാശിന് ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ, കെജ്‌രിവാള്‍ നക്സലൈറ്റാണെന്ന ആരോപണവുമായി ബി ജെ പി. എം പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. നാല് മുഖ്യമന്ത്രിമാരും എന്തിനാണ് കെജ്‌രിവാളിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here