സഹോദരന് വെടിയേറ്റ സംഭവം സിബിഐയോ ജഡ്ജിയോ അന്വേഷിക്കണം: ഡോ.കഫീല്‍ ഖാന്‍

Posted on: June 17, 2018 4:50 pm | Last updated: June 17, 2018 at 4:50 pm
SHARE

ലക്‌നൗ: തന്റെ സഹോദരന് വെടിയേറ്റ സംഭവം യുപി പോലീസ് അന്വേഷിക്കുന്നതിന് പകരം സിബിഐയോ അല്ലങ്കില്‍ ഹൈക്കോടതി ജഡ്്ജിയോ അന്വേഷിക്കണമെന്ന ഡോ . കഫീല്‍ ഖാന്‍.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ലക്‌നൗവില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഖാന്‍ പറഞ്ഞു. ഖാന്റെ സഹോദരന്‍ കാഷിഫ് ജമീലിനെ ഗോരഖ്പൂരിലെ ദുര്‍ഗാബാദിയില്‍വെച്ചാണ് ജൂണ്‍ പത്തിന് സ്‌കൂട്ടറിലെത്തിയ അജ്ഞാതര്‍ വെടിവെച്ചത്.

വെടിയേറ്റ സഹോദരന് ചികിത്സ ലഭ്യമാക്കുന്നത് യുപി പോലീസ് മനപ്പൂര്‍വം വൈകിപ്പിച്ചുവെന്നും ഖാന്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നതിനാലാണ് വെടിയേറ്റ സംഭവം പോലീസില്‍ അറിയിക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ അറിയിച്ചതെന്നും ഖാന്‍ പറഞ്ഞു. സംഭവത്തില്‍ സിറ്റി പോലീസ് സൂപ്രണ്ട് വിനയ് സിംഗിനേയും സര്‍ക്കിള്‍ ഓഫീസര്‍ പ്രവീണ്‍ സിംഗിനേയും സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു . താനും കുടുംബവും ഇപ്പോഴും ഭീഷണിയുടെ നിഴലിലാണെന്നും തങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പറഞ്ഞ ഖാന്‍ ,താന്‍ കൊല്ലപ്പെട്ടാല്‍ യുപി പോലീസായിരിക്കും ഉത്തരവാദിയെന്നും കൂട്ടിച്ചേര്‍ത്തു.