തകര്‍ന്ന് വീഴുമെന്ന് ഭയം ; റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വാഹനങ്ങള്‍ യാത്ര തുടരുന്നത് ട്രെയിന്‍ കടന്നുപോയശേഷം മാത്രം

Posted on: June 17, 2018 2:23 pm | Last updated: June 17, 2018 at 3:42 pm

ബെംഗളുരു: രാജ്യത്തെ മറ്റേത് റെയില്‍വെ മേല്‍പ്പാലത്തേയും പോലെത്തന്നെയാണ് ബെംഗളുരു സുബേദാര്‍ ഛത്രം റോഡിനും ആനന്ദ് റാവു സര്‍ക്കിളിനും ഇടയിലുള്ള ഈ മേല്‍പ്പാലവും .എന്നാല്‍ മറ്റ് മേല്‍പ്പാലവും ഈ മേല്‍പ്പാലവും തമ്മില്‍ ഒറ്റ് വ്യത്യാസമേയുള്ളു.് മറ്റ് മേല്‍പ്പാലങ്ങള്‍ക്കടിയിലൂടെ നിര്‍ബാധം വാഹനങ്ങള്‍ കടന്നു പോകുമെങ്കില്‍ ഈ മേല്‍പ്പാലത്തിനടിയിലൂടെ വാഹനം കടന്നു പോകുന്നത് മേല്‍പ്പാലത്തിലൂടെ ട്രെയിന്‍ കടന്നുപോയ ശേഷം മാത്രം. പഴക്കം ചെന്ന മേല്‍പ്പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുമ്പോള്‍ തകര്‍ന്നു വീഴുമോയെന്ന ഭീതിയെത്തുടര്‍ന്നാണിത്.

മേല്‍പ്പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്നത് വരെ ഇരു ഭാഗത്തും വാഹനങ്ങള്‍ കാത്ത് നില്‍ക്കുന്നത് കൗതുകമുള്ളൊരു കാഴ്ച തന്നെയാണ്. പഴക്കം ചെന്ന റെയില്‍ മേല്‍പ്പാലങ്ങളിലൊന്നായ ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത് എന്നാണെന്ന് തങ്ങള്‍ക്ക് ഓര്‍മ പോലുമില്ലെന്നും തകര്‍ന്നുവീഴുമെന്ന ഭീതിയിലാണ് മേല്‍പ്പാലത്തിനടിയില്‍ റെയില്‍വെ ക്രോസിങിലെന്ന പോലെ കാത്തുനില്‍ക്കുന്നതെന്നും ഈ വഴി യാത്ര ചെയ്യുന്ന മല്ലേശ്വരത്തെ വ്യാപാരി ഹിതേഷ് പറഞ്ഞു. ഇതിന് പുറമെ ട്രെയിനിലെ കക്കൂസിലെ മലവും മൂത്രവും ദേഹത്താകുമെന്ന ഭയത്താലാണ് ഇരു ചക്രവാഹനങ്ങളടക്കം ട്രെയിന്‍ പോകാന്‍ കാത്ത് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബയോ ടോയ്‌ലറ്റുകള്‍ വരുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും ഹിതേഷ് പറഞ്ഞു.

അതേ സമയം മേല്‍പ്പാലത്തിന് യാതൊരു തകര്‍ച്ചാ ഭീഷണിയില്ലെന്നും തങ്ങള്‍ പതിവായി പരിശോധന നടത്താറുണ്ടെന്നുമാണ് റെയില്‍വെ അധികാരുകളുടെ നിലപാട്.