Connect with us

Kerala

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം പതിമൂന്നായി

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ദുരന്തത്തില്‍ മരിച്ച ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. അബ്ദുര്‍റഹ്മാന്റെ ഭാര്യ നഫീസയെ ആണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

ഏഴ് പേരുടെ മൃതദേഹങ്ങള്‍ ദുരന്തമുണ്ടായ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ ഉമ്മിണി അബ്ദുര്‍റഹ്മാന്‍ (60), മകന്‍ ജഅ്ഫര്‍ (38), ജഅ്ഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), അയല്‍വാസികളായ കരിഞ്ചോലയില്‍ ഹസന്‍ (75), മകള്‍ ജന്നത്ത് (17), കരിഞ്ചോലയില്‍ സലീമിന്റെയും സറീനയുടെയും മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ശഹബാസ് (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യ ദിവസം കണ്ടെത്തിയത്. ഹസന്റെ മറ്റൊരു മകളും കൊട്ടാരക്കോത്ത് തെയ്യപ്പാറക്കല്‍ സുബീറിന്റെ ഭാര്യയുമായ നുസ്‌റത്ത് (25), മൂത്ത മകള്‍ റിന്‍ഷ മെഹറിന്‍ (നാല്), ഹസന്റെ മകന്‍ മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (24), ഷംനയുടെ മകള്‍ നിയ ഫാത്വിമ (മൂന്ന്) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. നുസ്‌റത്തിന്റെ ഒരു വയസ്സുകാരിയായ മകള്‍ റിസ്‌വ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.

നുസ്‌റത്തിന്റെയും മക്കളുടെയും മയ്യിത്ത് കൊട്ടാരക്കോത്ത് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും ഷംനയുടെയും മകള്‍ നിയ ഫാത്വിമയുടെയും മയ്യിത്ത് വെട്ടിഒഴിഞ്ഞ തോട്ടം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.