അബൂദബി ബസ് സര്‍വീസ്: ഇടവേളകളുടെ ദൈര്‍ഘ്യം 15 മിനുട്ടായി കുറച്ചു

Posted on: June 17, 2018 1:58 pm | Last updated: June 17, 2018 at 1:58 pm
SHARE

അബുദാബി : അബുദാബി ബസ് സര്‍വീസില്‍ സമഗ്ര മാറ്റം കൊണ്ടുവന്നു അബുദാബി പൊതുഗതാഗത വകുപ്പ്.
കഴിഞ്ഞ ദിവസം മുതല്‍ മാറ്റം നിലവില്‍ വന്നു. നഗരത്തിലെ ബസുകളുടെ ആവര്‍ത്തനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു റൂട്ടിലെ രണ്ട് ബസ്സുകളുടെ ഇടവേളകളുടെ ദൈര്‍ഘ്യം 30 മിനുട്ടില്‍ നിന്നും 15 മിനുട്ടായി കുറച്ചു.

സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവധി ദിവസങ്ങളില്‍ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കും. അബൂദബി, അല്‍ ഐന്‍ നഗരങ്ങളിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള റൂട്ടുകളില്‍ ഈദുല്‍ ഫിത്വറിന്റെ ഒന്നാം ദിവസം മുതല്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വന്നതായി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി) അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത സംവിധാനം കൂടുതല്‍ ഉപയോഗിക്കാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഡോട്ട് അധികൃതര്‍ വ്യക്തമാക്കി.

വിപുലമായ പഠനങ്ങള്‍ക്ക് ശേഷമാണ് ബസ് ലൈനുകളിലെ മാറ്റങ്ങള്‍ നിലവില്‍ വന്നതെന്ന് ഐ ടി സി അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന തോതില്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള സമഗ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിന് ശേഷമാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതെന്ന് പൊതു ഗതാഗത വകുപ്പ് വ്യക്തമാക്കി. അല്‍ റീം ദ്വീപ് , അല്‍ മഖ്താ ഈസ്റ്റ്, അബുദാബി ഗേറ്റ് സിറ്റി, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം , അല്‍ റഹ ബീച്ച്, യാസ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചത്.