Connect with us

National

കെജ്‌രിവാളിനെ പിന്തുണച്ച് പിണറായി ഉള്‍പെടെ നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണറുടെ വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ അടക്കം നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരാണ് പിണറായിക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടത്. നീതി ആയോഗ് യോഗത്തിനിടെയാണ് ഇവര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പ്രശ്‌നം പരിഹാരത്തിന് ഉടന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മമതാ ബാനര്‍ജി വ്യക്തമാക്കി.

ഇന്നലെ നാല് പേരും കെജ്‌രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ വസതിയില്‍ ധര്‍ണ നടത്തുന്ന കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ നാല് പേരും അനുമതി തേടിയെങ്കിലും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ കെജ്‌രിവാളിന്റെ വസതിയിലെത്തിയത്. ഇതിനുശേഷം മാധ്യമങ്ങളെ കണ്ട ഇവര്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കെജ്‌രിവാള്‍ സര്‍ക്കാരിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം കെജരിവാളിന്റെ സമരത്തെ പിന്തുണക്കുന്നതായും പിണറായി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മുതലാണ് മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍ റായ് എന്നിവര്‍ക്കൊപ്പം ഐ എ എസ് ഉദ്യോഗസ്ഥരുടെ സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ ധര്‍ണ നടത്തുന്നത്.