വൃദ്ധയുടെ കൊലപാതകം: പതിനാറുകാരന്‍ അറസ്റ്റില്‍; കൊല നടത്തിയത് ആയിരം രൂപക്ക് വേണ്ടി

Posted on: June 17, 2018 12:27 pm | Last updated: June 17, 2018 at 12:27 pm
SHARE

ബേപ്പൂര്‍: അരക്കിണറിലെ പനങ്ങാട്ട് പറമ്പില്‍ ആമിനയുടെ കൊലപാതകത്തില്‍ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസന്വേഷണ ചുമതലയുള്ള കോസ്റ്റല്‍ സി ഐ. പി ആര്‍ സതീശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് മാറാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 വയസ്സുകാരനെ അറസ്റ്റ് ചെയ്തത്. വലിയ കുറ്റവാളികളില്‍ മാത്രം കണ്ടുവരുന്ന കൊലപാതക രീതികളും തെളിവു നശിപ്പിക്കല്‍ രീതികളും ഒരു പതിനാറുകാരന്റെ ഭാഗത്ത് നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതോടെ വിശ്വസിക്കാനാവാതെ സ്ഥിതിയിലായിരുന്നു ആദ്യം അന്വേഷണ സംഘം. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതോടെയാണ് പ്രതിയില്‍ നിന്നും കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ സൂചനകള്‍ ലഭിച്ചത് .

കൊലപാതകത്തിലേക്ക് നയിച്ചത് ഇങ്ങനെ: എനിക്ക് വിശക്കുന്നുണ്ടെന്നും എണ്ണക്കടി വാങ്ങാന്‍ 20 രൂപ തരണമെന്നുമുള്ള ആവശ്യവുമായാണ് പതിനാറുകാരന്‍ അരക്കിണറിലെ വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ആമിനയുടെ മുന്നിലെത്തിയത്. സ്വന്തം മകന്റെ കുട്ടിയുടെ പ്രായം മാത്രമുള്ളവന്റെ ആവശ്യം കേട്ട് പണമെടുക്കാന്‍ റൂമിലേക്ക് പോയ ആമിന ബേഗുമായി തിരികെ വന്ന് 20 രൂപ എടുത്ത് കൊടുത്തു. ബേഗിലെ രണ്ട് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ കണ്ട പതിനാറുകാരന്‍ ബേഗ് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ആമിന ബേഗ് വിട്ടുകൊടുത്തില്ല. തുടര്‍ന്ന ബേഗ് പിടിച്ചെടുക്കാനുള്ള പിടിവലിക്കിടയില്‍ തറയിലേക്ക് തെറിച്ചു വീണ ആമിനയെ ക്രൂരമായി നിലത്തിട്ട് മര്‍ദിച്ച് അവശയാക്കുകയായിരുന്നു. എന്നിട്ടും ബേഗ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ അടുക്കളയില്‍ നിന്ന് കത്തിയുമായി എത്തി ആമിനയുടെ ശരീരത്തില്‍ കുത്തി പരുക്കേല്‍പ്പിക്കാന്‍ ശ്രമം നടത്തി. എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വൃദ്ധയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റു. പിടിവലിക്കിടയില്‍ തുരുമ്പെടുത്ത കത്തി രണ്ടായി ഒടിയുകയും ചെയ്തു. വീണ്ടും അടുക്കളയില്‍ നിന്ന് മറ്റൊരു കത്തിയുമായി എത്തി നിലത്തു തളര്‍ന്നുകിടക്കുന്ന ആമിനയുടെ കഴുത്തില്‍ കുത്തി ആഴത്തില്‍ പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം ആരും കണ്ടില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം കൊല ചെയ്ത കത്തികള്‍ കൊല നടന്ന വീടിനു സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. ചോര പുരണ്ടു കിടക്കുന്ന തന്റെ വസ്ത്രം മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ച് കരിയാക്കി മാറ്റി തെളിവുകള്‍ ഇല്ലാതാക്കാനും ശ്രമം നടത്തി .കൊലപാതകം കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ പതിനാറുകാരന്‍ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കുളിച്ച് പുതിയ ഡ്രസ്സുകള്‍ മാറിയ ശേഷം അപഹരിച്ച രണ്ട് അഞ്ഞൂറു രൂപ നോട്ടുകള്‍ വീട്ടിലെ സോഫക്കടിയില്‍ ഒളിപ്പിച്ചുവെച്ചു. ചോദ്യം ചെയ്യലില്‍ ആദ്യം പൂര്‍ണമായും നിഷേധിച്ച പയ്യന്‍ അന്വേഷണ സംഘത്തിന്റെ പഴുതടച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിന്നീട് കൊലപാതക രീതി തുറന്ന് പറയുകയായിരുന്നു.

കുടുക്കിയത് പഴുതടച്ച അന്വേഷണം
ബേപ്പൂര്‍: ഈ മാസം ഒമ്പതിനാണ് ബേപ്പൂര്‍ അനുഗ്രഹ ഓഡിറ്റോറിയത്തിനു സമീപത്തെ പനങ്ങാട് പറമ്പ് റുക്‌സാന മന്‍സിലില്‍ വര്‍ഷങ്ങളായി ഒറ്റക്ക് താമസിച്ചുവരികയായിരുന്ന അറുപത്തഞ്ചുകാരി ആമിന കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതമാണെന്ന് വ്യക്തമായതോടെ കോസ്റ്റല്‍ സി ഐ. പി ആര്‍ സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല നല്‍കി കമ്മീഷണര്‍ ഉത്തരവിറക്കി. ഏഴ് എസ് ഐമാരടങ്ങുന്ന സംഘം അഞ്ച് ദിവസം കൊണ്ടാണ് പ്രതിയെ വലയിലാക്കിയത്. എസ് ഐമാരായ രമേഷ് കുമാര്‍, സജിത്ത്, കെ എക്‌സ് തോമസ്, റനീഷ്, എ എസ് ഐ വാസുദേവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുര്‍റഹ്മാന്‍, രമേഷ് ബാബു, ശാഫി, സുജിത്ത്, മുഹമ്മദ് ശാഫി, സജി, അഖിലേഷ്, പ്രതിന്‍, ശാലു, ബാബു തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എല്ലാ ദിവസങ്ങളിലും മക്കളും ബന്ധുക്കളും സഹായത്തിനെത്താറുള്ള വീട്ടില്‍ കൊലപാതകം നടന്നത് ഏവരെയും അമ്പരിപ്പിച്ചിരുന്നു. ആദ്യം അന്വേഷണം ബന്ധുക്കളിലേക്കാണ് കേന്ദ്രീകരിച്ചിരുന്നത്. കൊല്ലപ്പെട്ട ആമിനയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളുടെ അറിവോടെയാണ് കൊല നടന്നതെന്ന് പൊലീസിന് പ്രാഥമിക നിഗമനമുണ്ടായിരുന്നു. നേരത്തേ പ്രമാദമായ വയനാട് താമരശ്ശേരി അബ്ദുല്‍ കരീം വധക്കേസും മാനന്തവാടി ഇബ്‌റാഹീം കൊലപാതകക്കേസും പി ആര്‍ സതീശന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് പ്രതികളെ വലയിലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here