Connect with us

Kerala

വാഹന നികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരെ ഒരു മാസത്തിനകം കുറ്റപത്രം

Published

|

Last Updated

തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം ഒരുങ്ങുന്നു. കേസില്‍ ഇരുവര്‍ക്കുമെതിരെ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിഴയടച്ച നടന്‍ ഫഹദ് ഫാസിലിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

വ്യാജ തെളിവുകള്‍ ഉപയോഗിച്ചാണ് സുരേഷ് ഗോപിയും അമല പോളും രജിസ്‌ട്രേഷന്‍ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നിവ ചുമത്തി കുറ്റപത്രത്തിനു ക്രൈംബ്രാഞ്ച് നീക്കം. നികുതി വെട്ടിപ്പിനു കൂട്ടു നിന്ന ഒന്‍പതു ഷോറൂം ഏജന്‍സികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കും. പിഴയടയ്ക്കാന്‍ സമയം നല്‍കിയിട്ടും അതു ചെയ്യാതിരുന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹന ഉടമകള്‍ക്കു നേരെയും നടപടി ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തേ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ സുരേഷ് ഗോപിയെ ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലുമായിരുന്നു വിട്ടയച്ചത്. 2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകള്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. പുതുച്ചേരിയില്‍ സ്വന്തമായി കൃഷിയിടമുണ്ടെന്നും വാടക വീട്ടിലെ മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മൊഴി. എന്നാല്‍ ഇതു തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.

കേസില്‍ നടി അമല പോളിനെയും ക്രൈംബ്രാഞ്ച് സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വന്തം പേരിലുള്ള ആഡംബര കാറിന്റെ വന്‍തുകയുടെ നികുതി ഒഴിവാക്കാന്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു അമലയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വ്യാജവിലാസം ഉണ്ടാക്കിയാണ് ഇതു ചെയ്തതെന്നും കണ്ടെത്തി. സിനിമാ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടകവീടുണ്ടെന്നും ആ മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു അമലയുടെ മൊഴി. വാഹന വെട്ടിപ്പു നടത്തിയതു കണ്ടെത്തിയതിനെ തുടര്‍ന്നു 17.68 ലക്ഷം രൂപ നടന്‍ ഫഹദ് നികുതി അടച്ചിരുന്നു