Connect with us

Ongoing News

പെനാല്‍റ്റി പാഴാക്കിയതില്‍ വേദനയുണ്ട്, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: മെസി

Published

|

Last Updated

മോസ്‌കോ: ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് തന്നെ ഏറെ വേദനിപ്പിച്ചെന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി. പെനാല്‍റ്റി നിര്‍ണായകമായിരുന്നു. അത് നഷ്ടപ്പെടുത്തിയതാണ് മത്സരഫലം നിര്‍ണയിച്ചത്. സമനിലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നുവെന്നും മെസി പറഞ്ഞു. കാര്യങ്ങള്‍ അനുകൂലമായില്ല. ഐസ്‌ലന്‍ഡ് പ്രതിരോധത്തെ മറികടന്ന് ഗോള്‍ നേടാന്‍ പരമാവധി ശ്രമിച്ചതാണ്. അതിന് സാധിച്ചില്ല. ഗോളെന്നുറച്ച ഒരുപിടി അവസരങ്ങളാണ് നഷ്ടപ്പെട്ടതെന്നും മെസി പറഞ്ഞു. ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്നും ഞങ്ങള്‍ ശക്തമായി തിരിച്ച് വരുമെന്നും മെസി കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ അരങ്ങേറിയ ഐസ് ലാന്‍ഡ് രണ്ട് വട്ടം ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയെ സമനിലയില്‍ (1-1) തളച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. മത്സരത്തിന്റെ അറുപത്തിനാലാം മിനുട്ടില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസ്സി പാഴാക്കിയതാണ് നിര്‍ണയകമായത്.
സിനിമാ സംവിധായകന്‍ കൂടിയായ ഐസ് ലാന്‍ഡ് ഗോള്‍ കീപ്പര്‍ ഹാനെസ് ഹാള്‍ഡോഴ്‌സന്‍ റഫറി ആക്ഷന്‍ പറഞ്ഞപ്പോള്‍ വലത്തോട്ട് ഡൈവ് ചെയ്തു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പെനാല്‍റ്റി കിക്ക് തൊടുത്തതും അതേ ദിശയില്‍. ഹാള്‍ഡോഴ്‌സന്‍ പന്ത് തട്ടിയിട്ട് ഹീറോയായി. മെസി അമ്പരപ്പ് മാറാതെ മുഖം പൊത്തി.

സെര്‍ജിയോ അഗ്യുറോ തകര്‍പ്പന്‍ ഗോളിലൂടെ നല്‍കിയ മുന്‍തൂക്കം പ്രതിരോധപ്പിഴവിലൂടെ വലിച്ചെറിഞ്ഞ അര്‍ജന്റീനക്ക് ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ടെന്‍ഷന്‍ നിറഞ്ഞതായി. ലോകകപ്പില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച അഗ്യുറോയുടെ ആദ്യ ഗോളായിരുന്നു ഇത്. ഇരുപത്തിമൂന്നാം മിനുട്ടില്‍ ഫിന്‍ബോഗസനാണ് സമനില ഗോള്‍ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് ബലത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയ്‌നിനെ മെരുക്കിയത് ലയണല്‍ മെസിയെ സമ്മര്‍ദത്തിലാക്കിയോ ? അനായാസത മെസിയുടെ മുഖത്തും ശരീരഭാഷയിലും തെളിഞ്ഞില്ല. ഐസ് ലാന്‍ഡുകാര്‍ മെസിയെ മാന്‍ ടു മാര്‍ മാര്‍ക്ക് ചെയ്യാന്‍ശ്രമിച്ചില്ല. പൊസഷന്‍ കേന്ദ്രീകരിച്ച് ഭംഗിയായി ഡിഫന്‍ഡ് ചെയ്തു. ഇത് അര്‍ജന്റൈന്‍ മുന്നേറ്റത്തിന്റെ മുനയൊടിച്ചു. സ്പാര്‍ടക് സ്റ്റേഡിയത്തില്‍ അറുപത്തിനാലാം മിനുട്ടില്‍ മെസിയുടെ ദുര്‍ബലമായ പെനാല്‍റ്റി കിക്ക് ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, ഫ്രീകിക്കുകളിലും മെസി തിളങ്ങിയില്ല. പതിനൊന്ന് തവണയാണ് മെസി ഗോളിലേക്ക് ലക്ഷ്യം വെച്ചത്. ഒന്നും ഗോളായില്ല. 1966ന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ പത്തിലധികം അവസരങ്ങളെടുത്തിട്ടും ഗോള്‍ നേടാതിരിക്കുന്നത്. ഇറ്റലിയുടെ ല്യൂഗി റിവ 1966 ലോകകപ്പിലും 1970 ലോകകപ്പിലുമായി പതിമൂന്ന് തവണയാണ് ഗോളിലേക്ക് നിറയൊഴിച്ചത്. സ്വീഡനും ഇസ്രാഈലുമായിരുന്നു എതിര്‍ഭാഗത്ത്. ല്യൂഗി റിവയുടെ പിന്‍ഗാമിയായി മെസി മാറുന്ന കാഴ്ച ലോകഫുട്‌ബോള്‍ ആരാധകര്‍ ആഗ്രഹിക്കാത്തതാണ്.
നാലാം ലോകകപ്പ് കളിക്കുന്ന മെസി ക്ലബ്ബ് സീസണില്‍ ബാഴ്‌സലോണക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍, മെസിയെ തളയ്ക്കാനുള്ള വ്യക്തമായ ഗെയിം പ്ലാന്‍ ഐസ് ലാന്‍ഡിനുണ്ടായിരുന്നു. 2016 യൂറോ കപ്പില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നിശബ്ദനാക്കി പോര്‍ച്ചുഗലിനെ തളച്ച ചരിത്രമുള്ളവരാണ് ഐസ് ലന്‍ഡ്. മികച്ച പ്രതിരോധമൊരുക്കി അറ്റാക്ക് ചെയ്തു കളിക്കുകയായിരുന്നു അവരുടെ തന്ത്രം. എന്നാല്‍, രണ്ടാം പകുതിയില്‍ ഒരു ഷോട്ട് പോലും അര്‍ജന്റീനയുടെ ഗോള്‍ ലക്ഷ്യമാക്കി പായിക്കാന്‍ ഐസ് ലന്‍ഡിന് സാധിച്ചില്ല. അതേ സമയം അര്‍ജന്റീന പതിനാറ് തവണ ഗോളിലേക്ക് ഉന്നം വെച്ചു.

മഷെറാനോ രാജ്യാന്തര ഫുട്‌ബോളില്‍ 144താം മത്സരത്തിനിറങ്ങി. ജാവിയര്‍ സനേറ്റിയുടെ അര്‍ജന്റൈന്‍ റെക്കോര്‍ഡ് മറികടന്നു.
1990 ഇറ്റാലിയ ലോകകപ്പില്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കാമറൂണിനോട് തോറ്റതിന് ശേഷം ആദ്യമായാണ് അര്‍ജന്റീന ആദ്യ മത്സരത്തില്‍ ജയം നഷ്ടമാക്കുന്നത്. 1990 ല്‍ അര്‍ജന്റീന ഫൈനലിലെത്തുകയും ജര്‍മനിയോട് തോല്‍ക്കുകയുമായിരുന്നു.

Latest