വാല്‍പ്പാറയില്‍ വീട്ടമ്മയെ കടിച്ചുകൊന്ന പുലിയെ പിടികൂടി

Posted on: June 17, 2018 9:53 am | Last updated: June 17, 2018 at 12:57 pm

വാല്‍പ്പാറ (തൃശൂര്‍): കേരള- തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വീട്ടമ്മയെ കടിച്ചുകൊന്ന പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് മാറ്റി. തോട്ടം തൊഴിലാളിയും കാഞ്ചമല എസ്റ്റേറ്റിലെ താമസക്കാരനുമായ മതിയുടെ ഭാര്യ കൈലാസവതി (45)യെയാണ് കഴിഞ്ഞദിവസം പുലി കടിച്ചുകൊന്നത്.

പുലിയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തുണി കഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് കടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവര്‍ തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ അനേഷിച്ചെത്തിയപ്പോഴാണ് അലക്ക് കല്ലിനടുത്ത് ചോരത്തുള്ളികള്‍ കണ്ടത്. ഇവ പിന്തുടര്‍ന്ന് ചെന്നപ്പോള്‍ ലയത്തിനു സമീപത്തു നിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളില്‍ നിന്ന് പുലി കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തിക്കീറിയ മുറിവുകളുമുണ്ട്.

ഇതിനു മുമ്പും കുട്ടികളെയും തോട്ടം തൊഴിലാളികളെയും പുലി കടിച്ചുകൊന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് തവണയാണ് പ്രദേശത്ത് പുലിയിറങ്ങിയത്.