Connect with us

National

ഗൗരി ലങ്കേഷിനെ കൊന്നത് ശ്രീരാമ സേനാ പ്രവര്‍ത്തകന്‍; 'കൃത്യം നടത്തിയത് മതത്തെ രക്ഷിക്കാന്‍'

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചത് ശ്രീരാമ സേനാ പ്രവര്‍ത്തകനെന്ന് പ്രത്യേക അന്വേഷണ സംഘം. കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയിലെ സിന്‍തഗി സ്വദേശി പരശുറാം വാഘ്‌മോര്‍ ആണ് വെടിവെച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാഘ്‌മോര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തന്റെ മതത്തെ സംരക്ഷിക്കാനാണ് ഇതുചെയ്തതെന്ന് 26കാരനായ വാഘ്‌മോര്‍ സമ്മതിച്ചു.

കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് രാത്രി ആര്‍ ആര്‍ നഗറിലെ ഗൗരിയുടെ വീടിന് മുമ്പില്‍ വെച്ച് നാല് ബുള്ളറ്റുകള്‍ അവരുടെ നേരെ ഉതിര്‍ക്കുമ്പോള്‍ ആരെയാണ് കൊല്ലുന്നതെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്ന് വാഘ്‌മോര്‍ പറഞ്ഞു. ആ വര്‍ഷം മെയ് മാസത്തിലാണ് മതത്തെ സംരക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് നിര്‍ദേശം ലഭിച്ചത്. ഉടന്‍ സമ്മതിച്ചു. ആരാണ് ഇരയെന്ന് അറിഞ്ഞിരുന്നില്ല. ഒരു സ്ത്രീയെ കൊല്ലരുതായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. സെപ്തംബര്‍ മൂന്നിനാണ് തന്നെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. ബെലാഗാവിയില്‍ വെച്ച് എയര്‍ഗണ്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പരിശീലനം ലഭിച്ചു. ഒരു വീട്ടിലെത്തിച്ച് രണ്ട് മണിക്കൂറിന് ശേഷം ബൈക്കിലെത്തിയ ഒരാള്‍ കൊല്ലേണ്ടയാളുടെ വീട് കാണിച്ചുതന്നു. അടുത്ത ദിവസം നഗരത്തിലെ മറ്റൊരു മുറിയിലേക്ക് മാറ്റി. മുറിയിലെ മറ്റൊരാള്‍ ആര്‍ ആര്‍ നഗറിലെ വീടിന് സമീപത്തേക്ക് കൊണ്ടുപോയി. ഉടനെ തിരിച്ചുംപോന്നു. വൈകുന്നേരം വീണ്ടും കഴിഞ്ഞ ദിവസം വന്ന ബൈക്കുകാരന്റെയൊപ്പം ഗൗരിയുടെ വീട്ടിലേക്ക് പോയി. ആ ദിവസം ജോലി തീര്‍ക്കാന്‍ പറഞ്ഞുവെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു.
അതിനിടെ, ശ്രീരാമസേനാ വിജയപുര ജില്ലാ പ്രസിഡന്റ് രാകേഷ് മഠിനെ എസ് ഐ ടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ലങ്കേഷ് വധത്തില്‍ മഠ് പങ്കാളിയായിട്ടുണ്ടോയെന്നും വാഘ്‌മോറിനെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കാനാണിത്.

സിന്‍തഗിയില്‍ 2012ല്‍ തഹസില്‍ദാര്‍ ഓഫീസിന് പുറത്ത് പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയതിലെ പ്രതികളാണ് മഠും വാഘ്‌മോറും. വാഘ്‌മോറുമായും ലങ്കേഷ് അടക്കമുള്ള ഹിന്ദുത്വവിരുദ്ധരുടെ കൊലപാതകങ്ങളിലും ബന്ധമില്ലെന്നാണ് ശ്രീരാമസേനാ സ്ഥാപകന്‍ പ്രമോദ് മുത്തലിക്കിന്റെ നിലപാട്. അതിനിടെ അന്വേഷണത്തില്‍ ഗൗരി ലങ്കേഷിന്റെ ബന്ധുക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.

Latest