വെടിനിര്‍ത്തല്‍: സൗഹൃദം പങ്കിട്ട് പരസ്പര വൈരികള്‍

Posted on: June 17, 2018 9:25 am | Last updated: June 17, 2018 at 9:25 am
SHARE

കാബൂള്‍: അപ്രഖ്യാപിത വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ആശ്ലേഷിച്ചും സൗഹൃദം പങ്കിട്ടും പരസ്പര വൈരികള്‍. സൈനികരും താലിബാന്‍കാരും പലയിടത്തും ആശ്ലേഷിക്കുകയും അതിന്റെ സെല്‍ഫി പകര്‍ത്തുകയും ചെയ്യുന്ന ദൃശ്യം കാണാമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അപ്രതീക്ഷിതമായി താലിബാന്‍ വെള്ളിയാഴ്ച മുതല്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിര്‍ത്തലാണ് ഈ സൗഹൃദക്കൂട്ടിന് വഴിവെച്ചത്. ഇതേ കാലയളവില്‍ അഫ്ഗാന്‍ സര്‍ക്കാറും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

താലിബാന്‍കാരും സൈന്യവും ആശ്ലേഷിക്കാന്‍ അടുത്തപ്പോള്‍ കൂടി നിന്ന തദ്ദേശീയര്‍ ശരിക്കും പേടിച്ചു. അവര്‍ ഇരു വിഭാഗത്തോടും ആയുധം താഴെ വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രവേശന കവാടത്തില്‍ ആയുധങ്ങള്‍ ഏല്‍പ്പിച്ച് നിരായുധരായെത്തിയ താലിബാന്‍കാര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കാളികളാകുകയായിരുന്നുവെന്നാണ് കാബൂള്‍ പോലീസ് വക്താവ് ഹശ്മത് സ്റ്റാനെക്‌സായി പറഞ്ഞത്. ആഘോഷം കഴിഞ്ഞ് മടങ്ങിയ താലിബാന്‍കാര്‍ക്ക് ആയുധങ്ങള്‍ തിരികെ നല്‍കിയെന്നും പോലീസ് വ്യക്തമാക്കി.
തെക്കന്‍ കാബൂളിലെ ലോഗര്‍ പ്രവിശ്യ, തെക്ക്- മധ്യ മൈതാന്‍ വര്‍ദാക് പ്രവിശ്യയിലെ സാബൂള്‍ എന്നിവിടങ്ങളില്‍ സൈന്യവും താലിബാന്‍കാരും ഒരുമിച്ച് പങ്കാളികളാകുന്നതിന്റെ വീഡിയോയും ചിത്രങ്ങളും വാര്‍ത്താ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാബൂളിലെ ഹെല്‍മന്തില്‍ സൈനികരുടെയും താലിബാന്‍കാരും സംയുക്ത യോഗം വരെ നടന്നതായാണ് വിവരം. അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ അനന്തര ഫലങ്ങള്‍ രാജ്യവ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാന്‍ ആഭ്യന്തര ഉപ മന്ത്രി മസൂദ് അസീസി പറഞ്ഞു. ഭാഗ്യവശാല്‍ എവിടെയും ആക്രമണങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിലെ ഏറ്റവും സമാധാനപരമായ ഈദ് ആയിരുന്നു ഇത്തവണത്തേതെന്ന് സാബൂളില്‍ നടന്ന ആഘോഷങ്ങളില്‍ പങ്കാളിയായ വിദ്യാര്‍ഥി ഖ്വായിസ് ലിവാല്‍ പ്രതികരിച്ചു. താലിബാന്‍കാര്‍ കൂസലില്ലാതെ ആഘോഷം നടക്കുന്ന കുണ്ടൂസ് നഗര ചത്വരത്തിലെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പ്രദേശവാസിയായ മുഹമ്മദ് ആമിര്‍ പറഞ്ഞു.