കണ്ണീരണിഞ്ഞ കരിഞ്ചോലയില്‍ കരളുറപ്പോടെ….

Posted on: June 17, 2018 9:20 am | Last updated: June 17, 2018 at 9:20 am

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത് സമാനതകളില്ലാത്ത തിരച്ചിലിലൂടെ. ദുരന്തമുണ്ടായ വ്യാഴാഴ്ച ഏഴ് മൃതദേഹങ്ങള്‍ മാത്രമാണ് ലഭിച്ചിരുന്നത്. വെള്ളിയാഴ്ച ഒരു മൃതദേഹവും ഒരാളുടെ ശരീരഭാഗവും മാത്രമായിരുന്നു കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയും മറ്റും കാരണം കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കാനുള്ള സാധ്യത മങ്ങിത്തുടങ്ങിയതോടെയാണ് കൂടുതല്‍ സംവിധാനങ്ങളുമായി തിരച്ചില്‍ ശക്തിപ്പെടുത്തിയത്. വിവിധ ഫോഴ്‌സുകളുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്. കോഴിക്കോട് നിന്നുള്ള ഡോഗ് സ്‌ക്വാഡും തിരച്ചിലിനായി ഇന്നലെ കരിഞ്ചോല മലയിലെത്തിയിരുന്നു. പോലീസ് നായ മണം പിടിച്ച ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കരിഞ്ചോല ഹസന്റെ വീടിരുന്നതിനും 250 മീറ്ററോളം താഴെ ചളിയില്‍ താഴ്ന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്്‌സിനെ ഉള്‍പ്പെടുത്തി 10 സംഘങ്ങള്‍ പൂനൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ആഴത്തില്‍ പരിശോധന നടത്തുന്നതിനുള്ള ലാന്‍ഡ് സ്‌കാനര്‍ സംഘം ഇന്നലെ രാത്രി കൊച്ചിയിലെത്തി.ദേശീയ ദുരന്ത നിവാരണ സേനയുടെ 40 പേര്‍ വീതമുള്ള രണ്ട് യൂനിറ്റുകള്‍, 280 പേരുള്ള ഫയര്‍ ഫോഴ്‌സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, അമ്പതിലധികം പോലീസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ നടത്തുന്നത്. ഏഴ് മണ്ണ് മാന്തി യന്ത്രങ്ങള്‍, പാറപൊട്ടിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പരിശോധന. തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂനിറ്റും 200 ഫയര്‍ ഫോഴ്‌സുകാരും ശനിയാഴ്ചയാണ് ദുരന്ത പ്രദേശത്ത് എത്തിയത്. ദുരന്ത നിവാരണ സേനയും അഗ്‌നിശമനസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യദിവസം ദുരന്ത നിവാരണ സേനയിലെ അംഗങ്ങള്‍ എത്താന്‍ വൈകിയെന്ന് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നെങ്കിലും ഈ സമയത്തും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഇവിടെ ഊര്‍ജിത തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

അപകടത്തിന്റ മൂന്നാം ദിവസമായ ഇന്നലെ രാവിലെ തിരച്ചിലാരംഭിച്ചപ്പോള്‍ മുകള്‍ ഭാഗത്തെ പാറയുടെ സമീപം നിന്ന് രക്തത്തിന്റെ അംശമെന്ന് തോന്നിക്കുന്ന ദ്രവം ലഭിച്ചിരുന്നു. സംശയത്തെ തുടര്‍ന്ന് സമീപത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് രക്തമല്ലെന്ന് വ്യക്തമായി. ഈ ഭാഗത്തെ പാറ പൊട്ടിച്ച് പരിശോധന നടത്തുകയും ചെയ്തു. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിന് കാരാട്ട് റസാഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് നടപടികള്‍ ആവിഷകരിച്ചിരുന്നു.