ഉരുള്‍പൊട്ടല്‍ ദുരന്തം: പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം – നേതാക്കള്‍

ഭവന രഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും
Posted on: June 17, 2018 9:18 am | Last updated: June 17, 2018 at 9:18 am
SHARE

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ പന്ത്രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെടുകയും കിടപ്പാടവും സമ്പാദ്യവും മണ്ണിനടിയില്‍പ്പെടുകയും ചെയ്ത ദുരിതബാധിതരുടെ പുനരധിവാസത്തിന് അടിയന്തര പാക്കേജ് പ്രഖാപിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സര്‍ക്കാര്‍ തലത്തില്‍ മികച്ച രീതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി നേതാക്കള്‍ വിലയിരുത്തി.

കൈയും മെയ്യും മറന്ന് നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാര്‍ ഏജന്‍സികളും നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനവും മാതൃകാപരമാണ്. കിടപ്പാടവും ഒരായുസ്സിന്റെ ഈടുവെപ്പും നഷ്ടപ്പെട്ട നിരാലംബരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്നും എസ് വൈ എസ് നേതൃത്വത്തില്‍ നടന്നുവരുന്ന ദാറുല്‍ ഖൈര്‍ ഭവന നിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തി ഭവനരഹിതര്‍ക്ക് വീട് വെച്ചുകൊടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും കേരള മുസ് ലിം ജമാഅത്ത് സംസഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ് റാഹീംഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ജനറല്‍ സെക്രട്ടറി മജീദ് കക്കാട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കട്ടിപ്പാറയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നും സമീപപ്രദേശങ്ങളിലെ വെള്ളപ്പൊക്കം കാരണവും 3,000ത്തോളം പേരെയാണ് വിവിധ കേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും കൂടുതല്‍ ദിവസത്തേക്ക് നല്‍കണം. പ്രദേശത്തുകാര്‍ക്ക് സംഭവിച്ച നാശനഷ്ടം വിലയിരുത്തി അവരുടെ ജീവിതം പൂര്‍വസ്ഥിതിയിലാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ദുരന്തത്തിനിരയായവര്‍ക്ക് സഹായ സഹകരണങ്ങള്‍ തുടരണമെന്നും ഇക്കാര്യത്തില്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here