ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുക: കാന്തപുരം

Posted on: June 17, 2018 9:14 am | Last updated: June 17, 2018 at 9:14 am

കോഴിക്കോട്: കേരളത്തില്‍ കനത്ത മഴയെത്തുടര്‍ന്നു ഉണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പെട്ട് ജീവിതം നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ സ്വമാശ്വസിപ്പിക്കാനും സഹായങ്ങള്‍ നല്‍കാനും എല്ലാവരും തയ്യാറാവണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കട്ടിപ്പാറ കരിഞ്ചോലയില്‍ ഉണ്ടായത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. മരണമടഞ്ഞവരുടെ പാരത്രിക ജീവിതത്തിലെ വിജയത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണം.

ഇപ്പോള്‍ വേദനയില്‍ കഴിയുന്ന അവരുടെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും എല്ലാ സഹായവും നല്‍കണം. മലബാറിലെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. പലര്‍ക്കും വീട് നഷ്ടപ്പെട്ടു. ഭക്ഷണവും വസ്ത്രവും അടിസ്ഥാന സൗകര്യങ്ങളും നല്‍കി അവര്‍ക്ക് ആശ്വാസമായി വിശ്വാസികള്‍ മാറണം. മര്‍കസിന്റെയും സുന്നി സുന്നി സംഘടനകളുടെയും നേതൃത്വത്തില്‍ സാധ്യമായ എല്ലാ പുനരുദ്ധാരണ പദ്ധതികളും ചെയ്യും. സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള കാര്യക്ഷമമായ ഇടപെടലുകള്‍ പ്രശംസനീയമാണെന്നും കാന്തപുരം പറഞ്ഞു.