എതിര്‍ശബ്ദങ്ങളെ ഭയക്കുന്ന ഫാസിസം

Posted on: June 17, 2018 9:10 am | Last updated: June 17, 2018 at 9:10 am

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഒരു വന്‍ ശൃംഖലയിലെ കണ്ണികളാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്നും തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകളായ ഹിന്ദു ജാഗ്രതി സമിതി, സനാതന്‍ സന്‍സ്ത തുടങ്ങിയ സംഘടനകളില്‍ നിന്നുള്ളവരെയാണ് ഈ സംഘത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രത്യേക പേരൊന്നും ഇല്ലാത്ത ഈ ഹിന്ദുത്വ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് സുജിത് കുമാര്‍ എന്ന പര്‍വീണ്‍ ആണ് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. പ്രതികള്‍ പിടിക്കപ്പെടുമ്പോള്‍, ഹിന്ദുത്വ സംഘടനകളുമായി അവര്‍ക്ക് ബന്ധമില്ലെന്ന് അവകാശപ്പെടാനാണ് അഡ്രസില്ലാത്ത ഒരു അധോ സംഘത്തെ സൃഷ്ടിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
തീവ്ര ഹിന്ദുത്വ ആശയങ്ങളെ വിമര്‍ശിക്കുന്നവരെ വധിക്കുകയാണ് സംഘത്തിന്റെ മുഖ്യ ജോലി. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലായി വിവിധ ഘട്ടങ്ങളിലൂടെയാണ് ഇവര്‍ പദ്ധതി നടപ്പാക്കുന്നത്. വധിക്കാന്‍ പദ്ധതിയിട്ട വ്യക്തിയുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയാണ് ആദ്യഘട്ടം. ഇരയെയും പരിസരങ്ങളും നിരന്തരം നിരീക്ഷിക്കുകയാണ് അടുത്ത ഘട്ടം. തുടര്‍ന്നാണ് സംഘം കൊല നടത്തുന്നത്. ഏറ്റവും ഒടുവില്‍ കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്‍, മറ്റൊരു കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും നടനുമായ ഗിരീഷ് കര്‍ണാട് എന്നിവരെ കൊലപ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെയാണ് ഗൗരി ലങ്കേഷിന്റെ ഘാതകരായ സംഘത്തിലെ കണ്ണികള്‍ പിടിയിലായത്. എഴുത്തുകാരിയും മുന്‍ മന്ത്രിയുമായ ബി ടി ലളിത നായിക്, യുക്തിവാദി സി എസ് ദ്വാരകാനാഥ്, വീരഭദ്ര ചണ്ണമല്ല സ്വാമി തുടങ്ങി ഹിന്ദുത്വ ഫാസിസത്തെ വിമര്‍ശിക്കുന്ന മറ്റു പലരും ഇവരുടെ പട്ടികയിലുണ്ടായിരുന്നു. ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയത് ഒരേ തോക്കു കൊണ്ടാണെന്നും അന്വേഷണ സംഘം കണ്ടെത്തിയതോടെ ഈ വധങ്ങളുടെയെല്ലാം ആസൂത്രണം ഒരേ കേന്ദ്രത്തില്‍ നിന്നാണെന്നും വ്യക്തമായി. വെടിയുണ്ടക്കു പിന്നിലുണ്ടായിരുന്ന അടയാളം പരിശോധിച്ചാണ് ഇക്കാര്യം ഫോറന്‍സിക് പരിശോധനാ വിഭാഗം കണ്ടെത്തിയത്. ഗൗരി ലങ്കേഷ് 2017 സെപ്തംബര്‍ അഞ്ചിന് ബെംഗളൂരുവിലെ അവരുടെ വസതിയിലും ചിന്തകനും പണ്ഡിതനുമായ ഗോവിന്ദ് പന്‍സാരെയും ഭാര്യയും 2015 ഫെബ്രുവരിയില്‍ കോലാപ്പൂരിലും യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ധാബോല്‍ക്കര്‍ പൂനെയില്‍ 2013 ആഗസ്റ്റിലുമാണ് വെടിയേറ്റു മരിച്ചത്. 7.65 എം എം നാടന്‍ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണ് മൂവരുടെയും മൃതശരീരത്തില്‍ നിന്ന് ലഭിച്ചത്.

ഗൗരി ലങ്കേഷിനെ വെടിവെച്ച കേസിലെ മുഖ്യപ്രതി പരശുറാം വാഗ്മര്‍ അറസ്റ്റിലായതോടെയാണ് കൊലയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമായത്. ഇയാള്‍ ശ്രീരാമസേന നേതാവാണ്. സാക്ഷിമൊഴികളുടെയും സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതികളുടെ രൂപരേഖ അനുസരിച്ച് നാല് ദിവസം മുമ്പ് മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കെ ടി നവീന്‍കുമാര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗൗരിയും സഹോദരനും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് കൊലക്ക് കാരണമെന്നായിരുന്നു സംഘ് പരിവാര്‍ അനുകൂല മാധ്യമങ്ങളുടെ പ്രചാരണം. ഗൗരിക്ക് നക്‌സല്‍ ബന്ധമുണ്ടായിരുന്നെന്നും ആരോപിക്കപ്പെട്ടു. മാത്രമല്ല, ചില ചാനലുകള്‍ ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത്തിനെ വാര്‍ത്താ പരിപാടികളിലേക്ക് ക്ഷണിക്കുകയും ഗൗരിയുടെ നക്‌സല്‍ ബന്ധത്തെക്കുറിച്ച കഥകള്‍ മെനഞ്ഞെടുക്കുകയുമുണ്ടായി. യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള സംഘ് പരിവാര്‍ ശ്രമമായിരുന്നു അത്തരം പ്രചാരണങ്ങളെന്നും പ്രതികളുടെ വെളിപ്പെടുത്തലുകളോടെ വ്യക്തമായിരിക്കുന്നു.
ഹിന്ദുത്വ ഫാസിത്തിനെതിരെ ശബ്ദിക്കുന്നവരെയെല്ലാം ഒന്നൊന്നായി തോക്കിന് ഇരയാക്കുകയാണ് സംഘ്പരിവാര്‍ പദ്ധതിയെന്നു ഗൗരി ലങ്കേഷ് വധക്കേസ് പ്രതികളുടെ മൊഴികളില്‍ നിന്ന് വ്യക്തം. ഫാസിസത്തിന്റെ എക്കാലത്തെയും നയം ഇതുതന്നെ. ആശയത്തെ ആശയം കൊണ്ടു നേരിടാന്‍ അവര്‍ക്കറിയില്ല. ആശയത്തെ ആയുധം കൊണ്ടാണ് ഫാസിസം നേരിടുന്നത്. നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി അവര്‍ സംഹാര താണ്ഡവമാടുകയാണ്.

‘മൂന്ന് പേരെ ഞങ്ങള്‍ തീര്‍ത്തു. അടുത്തത് നിങ്ങളുടെ ഊഴമാണ്. എത്ര പോലീസ് സംരക്ഷണമുണ്ടെങ്കിലും രക്ഷയില്ല. നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു. ദിവസങ്ങള്‍ എണ്ണിക്കോളൂ’…കന്നഡ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ കെ എസ് ഭഗവാന് ലഭിച്ച സന്ദേശത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു. ഒരു ഇരയെ വീഴ്ത്തിയാല്‍ അടുത്ത ഇരയെ തേടി അവര്‍ പ്രയാണം ആരംഭിക്കും. കൊല നടത്തുന്നവര്‍ വിലാസമില്ലാത്ത സംഘങ്ങളോ വാടകക്കൊലയാളികളോ ആകാം. എന്നാല്‍ അര്‍ഥവും ആയുധവും നല്‍കി അവരെ അയക്കുന്നവര്‍ രാഷ്ട്രീയത്തിന്റെ മറവില്‍ ഉന്നതങ്ങളില്‍ വിരാജിക്കുന്നവരോ സാംസ്‌കാരിക ലേബലില്‍ മാന്യരായി വിലസുന്നവരോ ആണ്. ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ മുസ്‌ലിം ഭീകരതയല്ല ഇന്ന് രാജ്യം നേരിടുന്ന മുഖ്യ പ്രശ്‌നമെന്നും കാവിക്കുള്ളിലെ ഭീകരതയെയാണ് കൂടുതല്‍ ഭയക്കേണ്ടതെന്നുമാണ് പുതിയ വളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.