ആര്‍ എസ് എസ് യുദ്ധത്തില്‍ രാഹുല്‍ ജയിക്കുമോ?

അടിക്കുകയാണെങ്കില്‍ ആര്‍ എസ് എസിനെ തന്നെ അടിക്കണം. അതിനുള്ള അവസരമാണ് അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലും ഗുജറാത്തിലും രാഷ്ട്രീയ ഭിക്ഷാം ദേഹിയായി ക്ഷേത്രങ്ങളില്‍ കയറിയിറങ്ങി പ്രസാദം കൈകൊള്ളുമ്പോള്‍ മൃദു ഹിന്ദുത്വത്തിന്റെ മേലങ്കി കൂടി രാഹുലിന്റെ ചുമലില്‍ വന്ന് വീണിരുന്നു. ആ മേലങ്കി അദ്ദേഹം കുടഞ്ഞെറിയുകയാണ്. ബി ജെ പി പൊട്ടി മുളച്ച തായ്ത്തടിക്ക് തന്നെ കോടാലി വെക്കാന്‍ കെല്‍പ്പുള്ള ബാഹുബലമാണ് പകരം അദ്ദേഹം ആര്‍ജിക്കുന്നത്. ഇങ്ങനെ ആക്രമിക്കുന്ന ധീര യോദ്ധാവിന്റെ കൂടെ നില്‍ക്കാന്‍ ആര്‍ എസ് എസ്‌വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നവരെല്ലാം തയ്യാറാകും. പക്ഷേ, ഈ പോരാട്ടം ആത്മാര്‍ഥവും ശക്തിമത്തുമാകണമെങ്കില്‍ കുറേ ആത്മവിചാരണകള്‍ക്ക് അദ്ദേഹം തയ്യാറാകേണ്ടി വരും. ചരിത്രത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ച തെറ്റുകള്‍ തിരിച്ചറിയേണ്ടി വരും.
Posted on: June 17, 2018 9:07 am | Last updated: June 17, 2018 at 9:07 am
SHARE

2018 ജൂണ്‍ 12. രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീയതിയായി ഈ ചൊവ്വാഴ്ചയെ ചരിത്രം രേഖപ്പെടുത്തും. പപ്പുവെന്ന് ബുദ്ധിശൂന്യരായ ബി ജെ പിക്കാരും നെഹ്‌റു രാജവംശത്തിലെ യുവരാജാവെന്ന് മഹാ ബുദ്ധിജീവികളും ആക്ഷേപിക്കുന്ന രാഹുല്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രഹര ശേഷി മുഴുവന്‍ ആവാഹിച്ച് ഗോദയിലിറങ്ങുന്നുവെന്ന് തെളിയിച്ചത് ഈ ദിവസമാണ്. ഗാന്ധിജിയെ കൊന്നത് ആര്‍ എസ് എസുകാരനാണെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി പ്രാദേശിക കോടതി അദ്ദേഹത്തിന്റെ മേല്‍ കുറ്റം ചുമത്തിയ ദിനമാണിത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷ് കുംടെ നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി കേസിലാണ് നടപടി. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് രാഹുല്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കുന്നത് ആഗസ്റ്റ് പത്തിലേക്ക് വെച്ചിരിക്കുന്നു. പതിവ് ക്രിമിനല്‍ കേസ് റിപ്പോര്‍ട്ടിംഗ് ശൈലിയില്‍ പറഞ്ഞാല്‍, 2014 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഭീവണ്ടിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പ്രസംഗിച്ചു: ‘ആര്‍ എസ് എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് അവരുടെ ആളുകള്‍ (ബി ജെ പി) ഗാന്ധിജിയെ കുറിച്ച് പറഞ്ഞ് നടക്കുന്നു. അവര്‍ ഗാന്ധിജിയെയും പട്ടേലിനെയും ശക്തമായി എതിര്‍ത്തവരാണ്’ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അപകീര്‍ത്തി കൈകാര്യം ചെയ്യുന്ന സെക്ഷന്‍ 499, 500 പ്രകാരമാണ് കേസ്.
തന്റെ പ്രസ്താവന തെളിയിക്കാന്‍ രാഹുലിന് സാധിക്കുമോ? എളുപ്പമല്ല. ഒന്നാമത് ആര്‍ എസ് എസിന് അന്നും ഇന്നും വ്യവസ്ഥാപിതമായ മെമ്പര്‍ഷിപ്പ് സംവിധാനമില്ല. ശാഖയില്‍ വരുന്നതാണ് അംഗത്വം. 1925ല്‍ രൂപവത്കൃതമായെങ്കിലും ആ സംഘടനക്ക് ഭരണഘടനയും രജിസ്‌ട്രേഷനും വരുന്നത് 1949ല്‍ മാത്രമാണ്. ഗാന്ധി വധത്തിന് ശേഷം വന്ന നിരോധനം മറികടക്കാന്‍ അനിവാര്യമായതിനാല്‍ മാത്രമാണ് ഭരണഘടന തയ്യാറാക്കിയത്. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ 1948 ഫെബ്രുവരി ഒന്നിന് അറസ്റ്റിലായ (ഗുരുജിയെന്ന് ആര്‍ എസ് എസുകാര്‍ വിളിക്കുന്ന) ഗോള്‍വാള്‍ക്കറെ മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ നീക്കുപോക്ക്. 1949 ജൂലൈ 12ന് നിരോധനം നീങ്ങി. 13ന് ഗുരുജി പുറത്തിറങ്ങി. ഈ കേസില്‍ ആര്‍ എസ് എസിന് നിരത്താവുന്ന വാദഗതികള്‍ എമ്പാടുമുണ്ടെന്നര്‍ഥം. ഇത് ആര്‍ എസ് എസിന്റെ എക്കാലത്തെയും തന്ത്രമാണ്. അഭിനവ് ഭാരതുമായും സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജാഗ്രതിയുമായും ഒന്നും ആര്‍ എസ് എസിന് ‘ബന്ധ’മുണ്ടാകാറില്ല. അതിനാല്‍ നാഥുറാം വിനായക് ഗോഡ്‌സേയെയും നാരയണ്‍ ആപ്‌തെയെയും വിഷ്ണു കാര്‍ക്കറെയെയും മദന്‍ലാല്‍ പഹ്‌വയെയും അവര്‍ അറിയുകയേ ഇല്ല! നാഥുറാം ആര്‍ എസ് എസുകാരനായിരുന്നുവെന്ന സഹോദരന്‍ മദന്‍ ലാല്‍ ഗോഡ്‌സേയുടെ വാക്കുകളും ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് മധുരപലഹാരം വിതരണം ചെയ്തതും കോടതിക്ക് തെളിവാകുമോ ആവോ?
ഈ കേസിന്റെ നിയമ നടപടികള്‍ എങ്ങോട്ട് നീങ്ങുമെന്നത് ചര്‍ച്ചക്കെടുക്കേണ്ട വിഷയമേയല്ല. അതുയര്‍ത്തുന്ന രാഷ്ട്രീയമാണ് മുഖ്യം. തന്റെ വാക്കുകളില്‍ ഉറച്ച് നില്‍ക്കുക വഴി രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയൊരു പടപ്പുറപ്പാട് തന്നെയാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. ഈ പോരില്‍ ബി ജെ പിക്കും ആര്‍ എസ് എസിനും പരുക്കേല്‍ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭീവണ്ടിയിലെ കോടതി മുറ്റത്ത് വെച്ച് രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു: ‘ഞാന്‍ വിചാരണ നേരിടും. ഇപ്പോഴത്തെ സര്‍ക്കാര്‍ 10-15 സമ്പന്നര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. അവര്‍ ലാഭം കൊയ്യുകയാണ്. ഇത് വിളിച്ചു പറയുന്ന എന്നെ കേസില്‍ കുടുക്കി കോടതി കയറ്റട്ടെ. നിശ്ശബ്ദമാകുന്ന പ്രശ്‌നമില്ല’. 2019ലെ തിരഞ്ഞെടുപ്പിലേക്കുള്ള രാഹുലിന്റെ തുരുപ്പു ചീട്ടാണ് ഈ കേസ്. കര്‍ണാടകയിലും ഗുജറാത്തിലും രാഷ്ട്രീയ ഭിക്ഷാം ദേഹിയായി ക്ഷേത്രങ്ങളില്‍ കയറി ഇറങ്ങി പ്രസാദം കൈകൊള്ളുമ്പോള്‍ മൃദു ഹിന്ദുത്വത്തിന്റെ മേലങ്കി കൂടി അദ്ദേഹത്തിന്റെ ചുമലില്‍ വന്ന് വീണിരുന്നു. ആ മേലങ്കി അദ്ദേഹം കുടഞ്ഞെറിയുകയാണ്. ബി ജെ പി പൊട്ടി മുളച്ച തായ്ത്തടിക്ക് തന്നെ കോടാലി വെക്കാന്‍ കെല്‍പ്പുള്ള ബാഹുബലമാണ് പകരം അദ്ദേഹം ആര്‍ജിക്കുന്നത്. ഇങ്ങനെ ആക്രമിക്കുന്ന ധീര യോദ്ധാവിന്റെ കൂടെ നില്‍ക്കാന്‍ ആര്‍ എസ് എസ്‌വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നവരെല്ലാം തയ്യാറാകും. ഉലയാതെ നില്‍ക്കണം. കെജ്‌രിവാളിനെപ്പോലെ ആടിപ്പോകരുത്. ഇനി അഥവാ ഈ കേസില്‍ രാഹുല്‍ ശിക്ഷിക്കപ്പെട്ടുവെന്നിരിക്കട്ടെ. താത്പര്യങ്ങള്‍ പ്രവര്‍ത്തിക്കാത്ത ഇടമൊന്നുമല്ലല്ലോ കോടതി. അസാധാരണമായ വേഗത്തില്‍ കേസ് തീര്‍പ്പാക്കുന്നു; രണ്ട് വര്‍ഷം തന്നെ ശിക്ഷിക്കപ്പെടുന്നു; അത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംഭവിക്കുന്നുവെന്നുമിരിക്കട്ടെ. അപ്പോഴായിരിക്കും രാഹുല്‍ അക്ഷരാര്‍ഥത്തില്‍ അജയ്യനാകുക.

ആര്‍ എസ് എസ് ഡോട്ട് ഓര്‍ഗില്‍ കൊടുത്ത സമയ ശ്രേണിയില്‍ ഇങ്ങനെ കാണാം: ‘1948- ഗാന്ധിജി വധിക്കപ്പെട്ടു. ആര്‍ എസ് എസ് അഗാധമായ അനുശോചനം രേഖപ്പെടുത്തി’. ഗാന്ധി വധത്തിന്റെ പാപം തങ്ങളില്‍ പതിയരുതെന്ന് ആര്‍ എസ് എസ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. സ്വച്ഛ് ഭാരതിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയും ഇടക്കിടക്ക് ഗാന്ധി മഹത്വം വിളമ്പിയും പാപക്കറ കഴുകിക്കളയാന്‍ നരേന്ദ്ര മോദി വല്ലാതെ വിയര്‍ക്കുമ്പോഴാണ് അപകീര്‍ത്തി കേസ് എല്ലാം വലിച്ചു വാരി പുറത്തിടുന്നത്. ഇന്ത്യന്‍ ജനതയില്‍ രൂഢമൂലമായ വികാരമായ ഗാന്ധിജിയെന്ന സത്യത്തെ മറികടക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ആര്‍ എസ് എസിന് നന്നായറിയാം. അല്ലെങ്കില്‍ നിഗൂഢമായി അവര്‍ ആഘോഷിക്കുന്ന ഗാന്ധി വധത്തെ എന്നേ മഹത്പ്രവൃത്തിയായി പ്രഖ്യാപിക്കുമായിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തെ ധീരോദാത്തമായി ആഘോഷിച്ചാണല്ലോ ഹിന്ദുത്വവികാരം ജ്വലിപ്പിച്ച് നിര്‍ത്തിയത്.
സ്വന്തം ചരിത്രത്തെ ഭയക്കുന്ന സംഘടനയാണ് ആര്‍ എസ് എസ്. അതുകൊണ്ട് അവര്‍ പുതിയ ചരിത്രം രചിക്കുന്നു. തങ്ങളുടെ ആസ്ഥാനത്തേക്ക് മുന്‍ രാഷ്ട്രപതിയും ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് കുമാര്‍ മുഖര്‍ജിയെ ക്ഷണിച്ചു വരുത്തിയത് ഇത്തരമൊരു ചരിത്ര നിര്‍മിതിയുടെ ഭാഗമായിരുന്നു. പ്രണാബിന്റെ നാഗ്പൂര്‍ യാത്ര എന്നെന്നേക്കും ഊറ്റം കൊള്ളാവുന്ന ചരിത്ര മുഹൂര്‍ത്തമാണ് ആര്‍ എസ് എസിന് നല്‍കിയത്. അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ ചരിത്രമാണ് ആര്‍ എസ് എസ് പൊതു മണ്ഡലത്തില്‍ കാര്യമായി പറയാറുള്ളത്. ദേശീയതയുടെയും സ്വയം സേവനത്തിന്റെയും തത്വം ഉച്ചത്തില്‍ പറയുമ്പോള്‍ ഈ രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യം വേരൊടെ പിഴുതെറിയുന്ന സ്വന്തം പ്രത്യയശാസ്ത്രത്തെ അത് മൂടിവെക്കുന്നു. സാംസ്‌കാരിക സംഘടനയാണ് തങ്ങളുടേതെന്ന് ആര്‍ എസ് എസ് അവകാശപ്പെടാറുണ്ട്. ശരിയാണത്. രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരം തന്നെയാണ് അവരുടെ ഉന്നം. സാംസ്‌കാരികതക്ക് മേല്‍ നേടിയ വിജയമാണ് ആര്‍ എസ് എസിന്റെ (ബി ജെ പിയുടെ)എല്ലാ രാഷ്ട്രീയ വിജയങ്ങളുടെയും അടിത്തറ.

1857ന് ശേഷം രാജ്യത്തെ ഹിന്ദു, മുസ്‌ലിം ജനവിഭാഗങ്ങള്‍ സാമ്രാജ്യത്വത്തിനെതിരെ അത്രമേല്‍ ഐക്യബോധത്തോടെ അണിനിരന്നത് ഖിലാഫത്ത് പ്രസ്ഥാനത്തിലായിരുന്നു. എന്തെല്ലാം വിമര്‍ശങ്ങളുണ്ടെങ്കിലും ആ പ്രസ്ഥാനത്തിന്റെ പ്രസക്തിയതാണ്. രാജ്യത്തിന്റെ തനതായ ഭാവം എത്ര തകര്‍ക്കപ്പെട്ടാലും പുനരുജ്ജീവിപ്പിക്കപ്പെടുമെന്നതിന് നിദര്‍ശനമായിരുന്നു അലി സഹേദരന്‍മാരും മഹാത്മാ ഗാന്ധിയും തമ്മിലുള്ള ഐക്യപ്പെടല്‍. ഭാവിയില്‍ എക്കാലത്തും ഈ രാജ്യത്തിന് മേല്‍ വിഭജന പ്രത്യയശാസ്ത്രം പിടിമുറുക്കണം എന്ന ലക്ഷ്യത്തോടെ കൂടുതല്‍ തീവ്ര സ്വഭാവമുള്ള, അക്രമത്തിന് കൈയറപ്പില്ലാത്ത, കായിക പരിശീലനത്തില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനം രൂപപ്പെടണമെന്ന് സാമ്രാജ്യത്വ മേലാളന്‍മാരും ഹിന്ദുത്വവാദികളും നിലപാടെടുക്കുന്നതിന് ഖിലാഫത്ത് പ്രസ്ഥാനം നിമിത്തമായി. അങ്ങനെയാണ് 1925ലെ വിജയദശമി ദിനത്തില്‍ ഡോ. കേശവ് ബിലറാം ഹെഡ്‌ഗേവാര്‍ ആര്‍ എസ് എസ് സ്ഥാപിച്ചത്. ചൗരി ചൗര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഖിലാഫത്ത്- നിസ്സഹകരണ പ്രസ്ഥാനം നിലയ്ക്കുകയും ഈ ശൂന്യതയില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ വിഭാഗീയമായ നിലയിലേക്ക് മാറുകയും ചെയ്യുന്നതും ഈ ഘട്ടത്തിലാണ്. ഈ അവസരം ആര്‍ എസ് എസ് തന്ത്രപൂര്‍വം ഉപയോഗിച്ചു. ചെറുതും വലുതുമായ നിരവധി വര്‍ഗീയ ലഹളകള്‍ അരങ്ങേറി. ഈ ഘട്ടത്തിലാണ് ഹിന്ദു മഹാസഭയുടെ മുതിര്‍ന്ന നേതാവും ഹെഡ്‌ഗേവാറിന്റെ ഉപദേശകനും സുഹൃത്തുമായിരുന്ന ഡോ. ബി എസ് മൂഞ്ചെ ഇറ്റലിയിലേക്ക് തിരിക്കുന്നത്. അദ്ദേഹം പല തവണ മുസ്സോളിനിയെ സന്ദര്‍ശിച്ചു. കായിക പരിശീലനം സിദ്ധിച്ച യുവാക്കളുടെ ബ്രിഗേഡുകള്‍ പണിയുന്നതടക്കമുള്ള സംഘടനാ സംവിധാനങ്ങളെല്ലാം അദ്ദേഹം അവിടെ ചെന്ന് പഠിച്ചെടുത്തു. ഇന്ന് കാണുന്ന ശാഖകള്‍ക്ക് അസ്തിവാരമിടുന്നത് ഇറ്റലിയില്‍ നിന്ന് പഠിച്ച പ്രായോഗിക പാഠങ്ങള്‍ വെച്ചാണ്. ഗാന്ധിജി ഒരിക്കല്‍ ആര്‍ എസ് എസ് ക്യാമ്പ് സന്ദര്‍ശിച്ചതിന്റെ അനുഭവം പറയുന്നുണ്ട്. ‘ബാപ്പുജീ അവിടെ എന്തൊരു അച്ചടക്കവും അടുക്കും ചിട്ടയുമാണല്ലേ’ എന്ന് കൂടെയുള്ളയാള്‍ ചോദിച്ചപ്പോള്‍ ഗാന്ധിജിയുടെ മറുപടി ‘ജര്‍മനിയിലെയും ഇറ്റലിയിലെയും പരിശീലന കേന്ദ്രങ്ങളിലും ഈ അച്ചടക്കമുണ്ടെന്നാ’യിരുന്നു.
തങ്ങള്‍ക്കിഷ്ടമില്ലാത്ത മുഴുവന്‍ പേരെയും വിദേശികളാക്കുന്ന ആര്‍ എസ് എസിന്റെ രൂപവത്കരണവും പ്രയോഗവും ആശയവുമെല്ലാം പുറത്ത് നിന്ന് വന്നതാണെന്ന് ചുരുക്കം. ഗോള്‍വാള്‍ക്കറുടെ വിചാരധാരയും ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫും തമ്മില്‍ പല നിലകളില്‍ സമാനതയുണ്ട്. ബിംബാരാധകരും ബിംബാരാധനയെ നിരാകരിക്കുന്നവരും ഒരിക്കലും സഹവര്‍തിത്വം സാധ്യമല്ലെന്നും വംശീയമായ വിച്ഛേദനം അനിവാര്യമാണെന്നും ഗോള്‍വാള്‍ക്കര്‍ ശഠിക്കുന്നത് ഹിറ്റ്‌ലറുടെ ആര്യ മേധാവിത്വ പരികല്‍പ്പനയുടെയും ജൂത ഉന്‍മൂലനത്തിന്റെയും മാതൃക മനസ്സില്‍ വെച്ചാണ്.

ഖിലാഫത്ത്- നിസ്സഹകരണ പ്രസ്ഥാന കാലത്തെ ഹിന്ദു- മുസ്‌ലിം ഐക്യത്തെയും ഇതിനായുള്ള ഗാന്ധിജിയുടെ ശ്രമങ്ങളെയും അപകടകരമായ പ്രവണതയായാണ് ഹെഡ്‌ഗേവാര്‍ കാണുന്നത്. അദ്ദേഹം പറയുന്നു: ‘ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അനന്തര ഫലമെന്നോണം രാജ്യത്ത് ദേശീയവാദത്തോടുള്ള ആവേശം മങ്ങിത്തുടങ്ങി. അതേസമയം, ആ മൂവ്‌മെന്റ് കാരണമായി ജന്മംകൊണ്ട പല സാമൂഹിക തിന്മകളും അപകടകരമാംവിധം ഇവിടെ തല പൊക്കാനാരംഭിച്ചു. ദേശീയ പോരാട്ടങ്ങളുടെ വേലിയേറ്റം മന്ദീഭവിച്ചുതുടങ്ങിയതോടെ പരസ്പര വിദ്വേഷവും അസൂയയും പ്രത്യക്ഷപ്പെട്ടു. വൈയക്തിക തര്‍ക്കങ്ങള്‍ എവിടെയും നുരഞ്ഞുപൊന്തി. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ തലപൊക്കി. ബ്രാഹ്മണനും അബ്രാഹ്മണനും തമ്മിലുള്ള സംഘര്‍ഷങ്ങളും കണ്ടുതുടങ്ങി. ഒരു സംഘടനയും പരസ്പരം ഐക്യപ്പെടുകയോ ചേര്‍ന്നുനില്‍ക്കുകയോ ചെയ്തില്ല. നിസ്സഹകരണ പ്രസ്ഥാനം പാലൂട്ടി വളര്‍ത്തിയ യവന സര്‍പ്പങ്ങള്‍ (അഥവാ മുസ്‌ലിംകള്‍) അവരുടെ വിഷലിപ്തമായ ചീറ്റലുകള്‍കൊണ്ട് രാജ്യത്ത് പ്രകോപനപരമായ കലാപങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു’
ആര്‍ എസ് എസിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്, ഹിന്ദു മഹാസഭയുടെ തുടര്‍ച്ചയാണ് അത്. രണ്ട്, ഖിലാഫത്ത് പ്രസ്ഥാനത്തിലെ ഐക്യപ്പെടല്‍ തകര്‍ക്കാന്‍ ബ്രിട്ടീഷുകാരുടെ ഒത്താശയോടെയാണ് അത് രൂപവത്കൃതമാകുന്നത്. മൂന്ന്, അതിന്റെ കായിക പരിശീലന പദ്ധതിയടക്കം പകര്‍ത്തിയിട്ടുള്ളത് ഇറ്റലിയില്‍ നിന്നാണ്. ബ്രിട്ടീഷുകാര്‍ രാജ്യം വിടുന്നത് മുസ്‌ലിം മുന്നേറ്റത്തിനേ വഴി വെക്കൂ എന്നതായിരുന്നു ആര്‍ എസ് എസ് നേതാക്കളുടെ ചിന്താഗതി. അത്‌കൊണ്ട് യുവാക്കളില്‍ വംശാഭിമാനം വളര്‍ത്തുന്നതിനാണ് മുന്തിയ പരിഗണന നല്‍കേണ്ടതെന്ന് അവര്‍ നിഷ്‌കര്‍ഷിച്ചു.
ഒരു സനാതന ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടും ഗാന്ധിജി ആര്‍ എസ് എസിനും ഹിന്ദു മഹാസഭക്കും കൊല്ലപ്പെടേണ്ട വ്യക്തിയാകുന്നത് അദ്ദേഹം ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയായി ബഹുസ്വരതയെ കണ്ടത് കൊണ്ട് മാത്രമാണ്. ഗാന്ധിജി മാത്രമല്ല, ഹിന്ദുത്വ ശക്തികളുടെ ദേശീയതാ സങ്കല്‍പ്പത്തെ എതിര്‍ക്കുന്ന മുഴുവന്‍ പേരും അവര്‍ക്ക് ആട്ടിയോടിക്കപ്പെടേണ്ടവരോ കൊല്ലപ്പെടേണ്ടവരോ ആണ്. ഈ ഉന്‍മൂലനം വിവിധങ്ങളായ സംഘ് സംഘടനകളെ വെച്ച് അവര്‍ നടപ്പാക്കികൊണ്ടിരിക്കുന്നു. ഭയം വിതയ്ക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കാന്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണ ശക്തി ഉപയോഗിക്കുന്നു. ഇന്ന് നാലില്‍ മൂന്ന് സംസ്ഥാനങ്ങളും ബി ജെ പിയാണ് ഭരിക്കുന്നത്. ഒരു വശത്ത് അച്ഛേദിനും സബ്കാ വികാസും പറയുമ്പോള്‍ മറുവശത്ത് സംഘ് സംഘടനകള്‍ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വം പടര്‍ത്തുന്നു. ഈ ചേരുവയാണ് മോദി- ഷാ മാജിക്കിന്റെ അടിസ്ഥാനം. ഈ ദ്വിമുഖ പ്രചാരണത്തില്‍ ഏത് ജനകീയ പ്രതിസന്ധിയും താഴേക്ക് പോകുന്നു. ജാതിരാഷ്ട്രീയം പോലും അപ്രസക്തമാകുന്നു.
അത്‌കൊണ്ട് രാഹുലില്‍ നിക്ഷിപ്തമായ ദൗത്യം ചെറുതല്ല. ആര്‍ എസ് എസിനെ കടന്നാക്രമിച്ചു കൊണ്ടുമാത്രമേ അദ്ദേഹത്തിന് ഈ ദൗത്യം പൂര്‍ത്തീകരിക്കാനാകൂ. പ്രതിപക്ഷ ഐക്യനിരയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്ന പല പാര്‍ട്ടികള്‍ക്കും ബി ജെ പിയോട് അസ്പൃശ്യത ഇല്ലെന്നോര്‍ക്കണം. അവര്‍ക്ക് എതിര്‍പ്പുള്ളത് ആര്‍ എസ് എസിനോടാണ്. അടിക്കുകയാണെങ്കില്‍ ആര്‍ എസ് എസിനെ തന്നെ അടിക്കണം. അതിനുള്ള അവസരമാണ് അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്. പക്ഷേ, ഈ പോരാട്ടം ആത്മാര്‍ഥവും ശക്തിമത്തുമാകണമെങ്കില്‍ കുറേ ആത്മവിചാരണകള്‍ക്ക് അദ്ദേഹം തയ്യാറാകേണ്ടി വരും. ചരിത്രത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ച തെറ്റുകള്‍ തിരിച്ചറിയേണ്ടി വരും. വിശ്വാസ്യത ചോര്‍ന്നത് എവിടെയെന്ന് കണ്ടെത്തേണ്ടി വരും. അങ്ങനെയെങ്കില്‍ ഈ യുദ്ധം രാഹുല്‍ ജയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here