ബ്രസീലും ജര്‍മനിയും ഇന്നിറങ്ങും

കോസ്റ്റാറിക്ക - സെര്‍ബിയ (5.30) ജര്‍മനി - മെക്‌സിക്കോ (8.30) ബ്രസീല്‍ - സ്വിറ്റ്‌സര്‍ലന്‍ഡ് (11.30) സോണി ടെന്‍ 2 ചാനലില്‍ തത്‌സമയം
Posted on: June 17, 2018 8:59 am | Last updated: June 17, 2018 at 12:57 pm
SHARE

മോസ്‌കോ: ലോകകപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് ബ്രസീലിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പ് ലീക്കായി.
നെയ്മര്‍, ഫിലിപ് കുടീഞ്ഞോ, ഗബ്രിയേല്‍ ജീസസ് എന്നീ താരങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബ്രസീലിന്റെ ട്രെയ്‌നിംഗ് കേന്ദ്രത്തില്‍ കൂടുതല്‍ നേരം ചെലവഴിച്ചിരുന്നു. ഇതിലൊരാളായ ജീസസിന്റെ സുഹൃത്ത് ഇന്‍സ്റ്റഗ്രാമിലൂടെ ടീം ലൈനപ്പ് സൂചിപ്പിച്ചു.
പെട്ടെന്ന് തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പോര്‍ച്ചുഗീസ് ജേര്‍ണലിസ്റ്റ് മാര്‍കസ് ആല്‍വസ് സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് രഹസ്യം പരസ്യമാക്കി.

അലിസന്‍, ഡാനിലോ, തിയഗോ സില്‍വ, മിറാന്‍ഡ, മാര്‍സലോ, കാസിമെറോ, പൗളിഞ്ഞോ, ഫിലിപ് കുടീഞ്ഞോ, വില്യന്‍, നെയ്മര്‍, ഗബ്രിയേല്‍ ജീസസ് എന്നിങ്ങനെയാണ് ആ ലൈനപ്പ്.
യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ആത്മവിശ്വാസവുമായാണ് വ്‌ലാദ്മിര്‍ പെറ്റ്‌കോവിചിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് ബ്രസീലിനെ നേരിടാന്‍ ഇറങ്ങുന്നത്.

സന്നാഹ മത്സരത്തില്‍ സ്‌പെയ്‌നിനെ സമനിലയില്‍ തളച്ചതും പാനമ, ഗ്രീസ് ടീമുകളെ തോല്‍പ്പിച്ചതും സ്വിസ് ടീമിന്റെ മികവിന് ഉദാഹരണം. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി ഇന്ന് കളത്തിലിറങ്ങും. മെക്‌സിക്കോയാണ് എതിരാളി. കോസ്റ്റാറിക്കയും സെര്‍ബിയയും തമ്മിലാണ് മറ്റൊരു മത്സരം.