സമാധാനം, സന്തോഷം, നല്ല ആരോഗ്യം എന്നിവയാല്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ; ഈദ് ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

Posted on: June 16, 2018 1:07 pm | Last updated: June 16, 2018 at 1:07 pm

ന്യൂഡല്‍ഹി: ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാധാനം, സന്തോഷം, ജ്ഞാനം, നല്ല ആരോഗ്യം എന്നിവയാല്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടേയെന്ന് രാഹുല്‍ ആശംസിച്ചു. ഉത്തരേന്ത്യയില്‍ ഈദുല്‍ ഫിത്വര്‍ ഇന്നാണ്.
ഈദ് സന്തോഷത്തിന്റെ ആഘോഷമാണെന്നും കശ്മീരില്‍ സമാധാനവും സന്തോഷവും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും ഈദ് ആശംകള്‍ നേര്‍ന്നു.

കഴിഞ്ഞ ദിവസം രാഹുല്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പ്രതിപക്ഷനേതാക്കളുടെ സംഗമമായി മാറിയിരുന്നു. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിവിധ പ്രതിപക്ഷകക്ഷി നേതാക്കളുമാണ് ഇഫ്താറില്‍ പങ്കെടുത്തത്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മനു അഭിഷേക് സിംഗ്‌വി, സി പി എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ജെ ഡി യു നേതാവ് ശരത് യാദവ്, ഡി എം കെ നേതാവ് കനിമൊഴി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡാനിഷ് ത്രിവേദി എന്നിവരാണ് വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് ഇഫ്താറില്‍ പങ്കെടുത്തത്.