കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

Posted on: June 16, 2018 9:20 am | Last updated: June 16, 2018 at 1:46 pm
SHARE

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇത് വരെ എട്ട് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ ആറ് പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്.

ഇന്ന് രാവിലെ മഴ പെയ്തില്ല എന്നത് ആശ്വാസമായിട്ടുണ്ട്. മന്ത്രി ടി പി രാമകൃഷ്ണന്‍ സ്ഥലത്തെത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. തൃശൂരില്‍ നിന്നുള്ള ദുരന്തനിവാരണ കമ്പനി ഏജന്‍സിയും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ ആറ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.

തമിഴ്‌നാട്ടില്‍നിന്നുള്ള ദുരന്ത നിവാരണ കമ്പനി കൂടി ഇന്ന് സ്ഥലത്തെത്തും. ആവശ്യമെങ്കില്‍ ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്താന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്. വീടുകള്‍ക്ക് മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് നീക്കുന്ന പ്രവൃത്തി ഇന്നും തുടരും. ഇന്നലെ ഒരു കുട്ടിയുടെ മൃതദേഹം ലഭിച്ചിരുന്നു. ഇന്ന് തന്നെ കാണാതായ മുഴുവന്‍ പേരേയും കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.